22 മാർച്ച് 2012

ഉത്തരത്തില്‍ ഉള്ളത് കിട്ടിയതുമില്ല... കക്ഷത്തിലുള്ളത്...


കഷ്ടം... കലികാലം...
ഇങ്ങനെ ഒരു ഫലം സാക്ഷാല്‍ മുഖ്യമന്ത്രി പോലും കരുതിയിട്ടുണ്ടാവില്ല. ചെന്നിത്തലയും, മുരളിയും!
ഒരു വിധത്തില്‍ പറഞ്ഞാല്‍ വല്ലാത്ത ചെയ്തായി പോയി. പിറവം ഇലക്ഷന്‍ പ്രചാരണം തുടങ്ങിയതില്‍ പിന്നെ ഒന്നിനും രണ്ടിനും പോലും നില്‍കാതെ അഹോരാത്രം പ്രയത്നിച്ച ചിലര്‍ക്ക് മനസ്സില്‍ ലഡ്ഡു പൊട്ടിയപ്പോള്‍ മറ്റു ചിലരുടെ നെഞ്ചിനുള്ളില്‍ മാലപടക്കവും പൊട്ടി. 


"യു പി തിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് പറ്റിയ തോല്‍വി കേരള ജനത മറന്നു. എല്ലാ ജാതിമത വിഭാഗങ്ങളും ഉമ്മന്‍ ചാണ്ടിക്ക് വോട്ട് ചെയ്തു." പിണറായി വിജയന്‍റെയും സാക്ഷാല്‍ വി എസ് സഖാവിന്‍റെയും കണ്ഠം ഇടറി.


തിരെഞ്ഞെടുപ്പില്‍ സഹായിച്ചവരെയും വോട്ട് ചെയ്തവരെയും യു ഡി എഫ് സംരക്ഷിക്കും എന്ന് ഉറപ്പാണ്. എന്നാല്‍ യു ഡി എഫ് വിജയത്തിന് വിലങ്ങു തടിയായി ഇടയ്ക്കിടെ തന്ത്രം പയറ്റിയ ചില സാധാരണക്കാരായ ജനങ്ങളുണ്ട്‌. നേഴ്സുമാര്‍, മുല്ലപ്പെരിയാര്‍ സമിതി അംഗങ്ങള്‍, ഫേസ് ബുക്ക്‌ പ്രതിനിധികള്‍, പിന്നെ അണ്ണാ ഹസാരെ അംഗങ്ങള്‍, ചില തീവ്രവാദികള്‍, മാധ്യമം ദിനപത്രം, നികേഷ് റിപ്പോര്‍ട്ടര്‍, ഇന്ത്യാവിഷന്‍, യകോബായ സഭ! എന്നിവരൊക്കെയാണ് അക്കൂട്ടര്‍. ഇവരുടെ ഒക്കെ ചോര നീരാക്കി കുടിച്ചു ആവും ഈ തിരെഞ്ഞെടുപ്പ് വിജയം അച്ചായന്‍ ആഘോഷിക്കുവാന്‍ പോകുന്നെതെന്ന് ചുരുക്കം.


വെള്ളാപ്പിള്ളി സാറ് പറഞ്ഞ പോലെ അഹങ്കാരം കാണിക്കാതെ മുന്നോട്ടു പോയാല്‍ കോണ്‍ഗ്രസിന്‌ നെയ്യാറ്റിന്‍കരയും ജയിച്ചു മൂന്നു സീറ്റ് ഭൂരിപക്ഷത്തില്‍ കേരളം ഭരിക്കാം. കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടി കേരളത്തിന്‍റെ അനിഷേധ്യ നേതാവായി മാറികഴിഞ്ഞിരിക്കുന്നു. അതിനു മലയാള മനോരമ എന്ന പത്രത്തിന് തന്നെ സമ്മാനം കൊടുക്കണം. ഉമ്മന്‍ ചാണ്ടി എന്ന ജനപക്ഷ നേതാവിന്‍റെ വ്യക്തിപ്രഭാവം ജനസമ്പര്‍ക പരിപാടികളിലൂടെ പൊതുജന സമക്ഷത്തു ഉയര്‍ത്തി കാണിച്ചതില്‍ മനോരമ പത്രം വലിയ പങ്കു വഹിച്ചു.


ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി എന്നാല്‍ ബഹുഭൂരിപക്ഷം കേരളീയനും രാപകലോളം പൊതുജന സേവനം നടത്തുന്ന ഒരു നല്ല രാഷ്ട്രീയ നേതാവാണ്‌. ഒരു സെല്‍വരാജ് രാജി വെച്ചകൊണ്ടോ അല്ലെങ്കില്‍ പി സി പണം കൊടുത്തു എന്ന് ആരോപിച്ച കൊണ്ടോ അഴിഞ്ഞു പോകുന്ന ഒരു മുഖംമൂടി അല്ല അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം എന്ന് പിറവം തിരെഞ്ഞെടുപ്പ് കഴിഞ്ഞതോടെ നമ്മള്‍ കണ്ടു. അത്തരം ഒരു പ്രതിച്ഛായ ഉണ്ടാക്കാന്‍ കേരളത്തിലെ പത്രങ്ങള്‍ക്കു വിശേഷിച്ചു മനോരമക്ക് കഴിഞ്ഞു.


പക്ഷെ മനോരമ, മാതൃഭൂമി പത്രങ്ങള്‍ കേരളത്തില്‍ പകുതിയോടടുത്തു വരുന്ന കമ്മ്യൂണിസ്റ്റ്‌ അനുഭാവികളും, മറ്റു രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളും  ഒന്നായി ഉപേക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് വാസ്തവം. ഇപ്പോള്‍ നടക്കുന്ന എജെന്റ്റ്‌ പണിമുടക്കും ഇടതു അനുഭാവക്കാര്‍ നടത്തുന്നതാണ്. അത് ഉമ്മന്‍ ചാണ്ടി എന്ന നേതാവിനെ വെറുതെ ഉയര്‍ത്തി കാണിക്കാന്‍ ശ്രമിച്ചത് കൊണ്ടല്ല. മറിച്ച് മറ്റുള്ളവര്‍ക്കെതിരെ   നടത്തുന്ന നുണ പ്രചാരണങ്ങള്‍ കണ്ടു മനസ്സ് മടുത്തിട്ടാണ്. മലയാള മനോരമ വെറും ഒരു പാര്‍ട്ടി പത്രമായി അധപതിക്കുന്ന കാഴ്ച കണ്ടു മനം മടുത്ത കൊണ്ടാണ് ഒരു വിഭാഗം ജനം പത്രം വായന ഉപേക്ഷിച്ചു തുടങ്ങിയത് എന്ന് അവര്‍ക്കും മനസ്സിലായി കാണുമെന്നു കരുതുന്നു. 






12 മാർച്ച് 2012

5.....4.....3....2....1....പുജ്യം



പുതു പിറവി അത് കാണാന്‍ കേരളം മാത്രമല്ല ലോകം മുഴുവനുമാണ് കാത്തിരിക്കുകയാണ്. ഇറ്റലിക്കാരായ ചിലര്‍ക്ക് ജയില്‍ മോചനം. ചില പാര്‍ടികള്‍ക്ക് പുതു പിറവി. ചില നേതാക്കള്‍ക്ക് ഇനിയും അഴിമതി നടത്താനുള്ള ലൈസന്‍സ്!!!! ചില നേതാക്കള്‍ക്ക് ഇനിയും.....  അങ്ങനെ എന്തെല്ലാം...കാണണം.

ആകെ 183170 സമ്മതിദായകര്‍! അതില്‍ 89925 ആണുങ്ങള്‍, 93245 പെണ്ണുങ്ങള്‍ (കൂടുതല്‍ കൂടിയ നാട്  കേരളം). അറുപതു ശതമാനത്തോളം വരുന്ന ക്രിസ്തുമത വിശ്വാസികള്‍, ബാക്കി നാല്പതില്‍ മുപ്പതു ശതമാനം നായര്‍, ഈഴവ, മറ്റു ഹിന്ദു സമുദായക്കാര്‍, പത്തു ശതമാനം മറ്റുള്ളവര്‍. ഇതില്‍ യു ഡി എഫ്  എല്‍ ഡി എഫ് മുന്നണികളാണ് മത്സര രംഗത്തെ പ്രമുഗര്‍... വര്‍ഗീയ പാര്‍ടി എന്നറിയപ്പെടുന്ന ബിജെപിയും രംഗത്തുണ്ട്. മുപ്പത് ശതമാനം വരുന്ന നായര്‍, ഈഴവ സമുദായ നേതാക്കള്‍ യു ഡി എഫ്-നു അനുഭാവം പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോള്‍ ആരാണ് യഥാര്‍ത്ഥ വര്‍ഗീയ പാര്‍ട്ടി എന്ന് ആര്‍ക്കും സംശയം തോന്നാം.

ഓര്‍ത്തഡോക്‍സ്‌, യാക്കോബായ വിഭാകങ്ങള്‍ തിങ്ങി ജരുങ്ങി പാര്‍ക്കുന്ന ഇടമായതിനാല്‍ ചിലപ്പോള്‍ അവര്‍ തമ്മിലുള്ള ചില്ലറ അടിപിടികള്‍ സ്വാഭാവികം. സ്നേഹം മാത്രം മാനവരാശിയെ പഠിപ്പിച്ച യേശു ദേവന്റെ പേരില്‍ തമ്മില്‍ തല്ലുന്ന ലോകത്തെ പല ക്രിസ്തുമത വിശ്വാസികളില്‍ ഒരു കൂട്ടര്‍... ഇവരെ പ്രതിനിധീകരിക്കുന്ന പിതാക്കന്മാര്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ വിശ്വാസികളോട് അഭ്യര്തിച്ചിട്ടുണ്ട്. സാധാരണ കമ്മ്യൂണിസ്റ്റ്‌ കള്‍ക്ക് വോട്ട് ചെയ്യാന്‍ പറയുന്ന സമയത്താണ് ഈ മനസാക്ഷി വോട്ട് കടന്നു വരുന്നത് എന്ന് ഇതു കണ്ണ് പൊട്ടനും അറിയാം. അങ്ങനെ പിറവം അച്ചായന് ഒരു ത്രിശങ്കു ആയി...
മാത്രമല്ല സംസ്ഥാന തിരെഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്‌ അമ്പേ പരാജയപ്പെടുകയും ചെയ്തു.

അത് മനസ്സിലാക്കി ഉടന്‍ വേണ്ടത് ചെയ്യാന്‍ ചില മാമാമാരെ അച്ചായന്‍ കച്ച കെട്ടി ഇറക്കി. പണം ഇറക്കി ഒരു കമ്മ്യൂണിസ്റ്റ്‌ MLA യെ വിലക്ക് വാങ്ങി. വില കൊടുത്തു വാങ്ങി എന്നത് പച്ച വെള്ളം പോലെ യാദാര്‍ത്ഥ്യം. അത് കോണ്‍ഗ്രസ്‌ പാരമ്പര്യം. മുമ്പ് നരസിംഹ റാവു ഗവണ്മെന്റ് നിലനിര്‍ത്താന്‍ JMM എന്ന പാര്‍ട്ടിക്ക് പണം കൊടുത്തതിനു അദ്ദേഹം ജയിലില്‍ പോലും കിടക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് മന്‍മോഹന്‍ സിംഗ് കാലത്ത് പാര്‍ലിമെന്റില്‍ പണം ഉയര്‍ത്തിപ്പിടിച്ചു നടന്ന നാടകങ്ങള്‍ നമ്മുടെ നാടിനെ നടുക്കി.

പണം കൊടുത്താല്‍ വരുന്നവരാണോ CPIM, MLA മാര്‍ എന്ന് അക്ഷേപിക്കുമ്പോള്‍ ഒരു കാര്യം ഓര്‍ക്കണം. മുപ്പതു വെള്ളിക്കാശിനു ആണ് യേശു ദേവനെ ഒറ്റികൊടുക്കുന്നത്. പിശാചിന്റെ പ്രേരണ നിമിത്തമാണ് യുദാസ് യേശു ദേവനെ ഒറ്റികൊടുക്കുന്നത്. ഇവിടെയും ഒരു പിശാചു പിന്നില്‍ ഉണ്ട്... ഇവടെ നാട് നന്നാവാന്‍ ബാക്കി ഉള്ള എല്ലാ CPIM, MLA മാര്‍ക്കും വില പറയുന്ന ചില യു ഡി എഫ് കാരോട് എനിക്ക് പറയുവാന്‍ ഉള്ളത് ഇത് മാത്രം...യേശു ദേവനെ 30 വെള്ളിക്കാശിനു ഒറ്റിക്കൊടുപ്പിക്കപ്പെട്ടതിനു ശേഷം ബാക്കി 11 പേര്‍ക്ക് കൂടി എത്ര വേണം എന്ന് ചോദിക്കുന്നതിനു തുല്യമാണ് ഇത്.

ഒക്കത്ത് കുഞ്ഞിനേയും പിടിച്ചു റജീന വിളിച്ചു പറഞ്ഞ പേരുകള്‍, സൂര്യനെല്ലി പെണ്‍കുട്ടികള്‍ വിളിച്ചു പറഞ്ഞ വി ഐ പി കള്‍, ഇവരൊക്കെ നാട് ഭരിക്കുന്ന കേരളത്തില്‍, കറിവേപ്പില പോലെ ഉപേക്ഷിക്കപ്പെട്ട ഒരു മുന്‍ കമ്മ്യൂണിസ്റ്റ്‌ കാരിയുടെ പേരില്‍ ഒരു ഉപമ പറഞ്ഞ വി എസിനെ അത്ര കണ്ടു വിമര്‍ശിക്കാന്‍ പാടുണ്ടോ?  ഏതായാലും വി എസ്‌ പറഞ്ഞത് കൊണ്ട് സിന്ധു ജോയ് ഏതെങ്കിലും ഒരു പേര് കേള്‍ക്കാത്ത ബോര്‍ഡിന്റെ തലപ്പെത് എങ്കിലും എത്തും എന്ന് ഉറപ്പിക്കാം. അതിനു വി എസിനോട് അവര്‍ നന്ദി പറയണം.







07 മാർച്ച് 2012

കോണ്‍ഗ്രസ്‌ വില കുറയുന്നു... പെട്രോള്‍ വില കൂടുന്നു... പൊതുജനം പെരുവഴിയാകുന്നു...

പ്രിയങ്ക consoles രാഹുല്‍

ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന, ഇപ്പോഴും ഇന്ത്യ ഭരിക്കുന്ന മഹത്തായ കോണ്‍ഗ്രസ്‌ പ്രസ്ഥാനം, ഇപ്പോള്‍ നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ അമ്പേ പരാജയപ്പെട്ടു എന്ന് മാത്രമല്ല, കോണ്‍ഗ്രസ്‌ യൂത്ത് ഐക്കണ്‍ ആയും, ഭാവി പ്രധാന മന്ത്രി ആയും മാധ്യമങ്ങള്‍ വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി വെറും അമുല്‍ ബേബി ആയി മാറിയതും ജനം കണ്ടു.




രാഹുല്‍ ഗാന്ധി യു പിയില്‍ എല്ലായിടത്തും വാതോരാതെ പ്രസംഗിച്ചു, പക്ഷെ കേള്‍ക്കാന്‍ ആളുണ്ടായിരുന്നോ എന്ന് ഒരു മാധ്യമങ്ങളും നമ്മെ കാണിച്ചില്ല. എങ്കിലും രാഹുല്‍ തന്റെ പ്രചാരണ യോഗങ്ങളിലെ ഒഴിഞ്ഞ കസേരകളെ നോക്കി സ്വന്തം പ്രകടന പത്രിക കീറി എറിഞ്ഞു... അദ്ദേഹം യോഗങ്ങളില്‍ പലപ്പോഴും ക്ഷുഭിതനായി. പിന്നീട് യോഗങ്ങളില്‍, പെങ്ങള്‍, പ്രിയങ്കയും രാഹുലിനെ രക്ഷിക്കാനായി എത്തി. ജീന്‍സും, ടോപും ധരിച്ചു ബിസിനസ്‌ നടത്തിയിരുന്ന പ്രിയങ്ക പ്രച്ഛന്ന വേഷത്തിനു എന്നവണ്ണം ഇന്ദിര ഗാന്ധിയെപ്പോലെ, വേഷം ധരിച്ചു യു പിയിലെ ഗ്രാമങ്ങളില്‍ പോയി പ്രസംഗിച്ചു. ആരും കേള്‍ക്കാന്‍ ഉണ്ടായില്ല എന്നത് സത്യം.


പ്രിയങ്കയുടെ ഭര്‍ത്താവും, ചുരുങ്ങിയ കാലം കൊണ്ട് forbes മാസികളില്‍ ബിസിനസ്‌ മാഗ്നെറ്റ് എന്ന് പേരെടുത്ത റോബര്‍ട്ട്‌ ഗാന്ധി ഇലെക്ഷന്‍ കമ്മീഷനെ പോലും വെല്ലു വിളിച്ചു റോഡ്‌ ഷോ നടത്തി. പ്രിയങ്ക മക്കളെ സ്റ്റേജില്‍ കൊണ്ട് നിര്‍ത്തി വോട്ടിനു യാചിച്ചു....എല്ലാം മാധ്യമ ശ്രദ്ധ നേടി, ജനം പക്ഷെ തിരിഞ്ഞു നോക്കിയത് പോലുമില്ല. അത് മനസ്സിലാക്കി, രാഹുല്‍ ഗാന്ധി യു പി തലസ്ഥാനം മുഴുവന്‍ മണിക്കൂറുകള്‍ സ്തംഭിപ്പിച്ചു റോഡ്‌ ഷോ നടത്തി... പണം നല്‍കി തനിക്കു പുഷ്പ വൃഷ്ടി നടത്തിപ്പിച്ചു... (പണപ്പെരുപ്പത്തില്‍, കഷ്ടതകളില്‍, ദാരിദ്രത്തില്‍ ഉഴലുന്ന സാധാരണക്കാര്‍ എങ്ങനെ അഴിമതി ഭരണം നടത്തുന്ന ഭരണ ശില്പിയെ പുഷ്പ വൃഷ്ടി നടത്തി ആദരിക്കും?)

പൊതു ജനങ്ങളെ വഞ്ചിച്ചു, ഖജനാവ് കൊള്ളയടിച്ചും (2G, CWG, IPL scam, ആദര്‍ശ് Scam, Bofors scam) ജനവഞ്ചന നടത്തി ഭരിക്കുന്ന പാര്‍ട്ടിക്ക് ഒരു ചെറിയ കൊട്ട്, എങ്കിലും കൊടുക്കണം എന്ന് ജനം തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഇവിടെ അഞ്ചില്‍ നാല് സംസ്ഥാനങ്ങളും അത് പ്രാവര്‍ത്തികമാക്കി... ബാക്കി വരാന്‍ ഇരിക്കുന്നേ ഉള്ളൂ...


കേരളത്തില്‍ ഞാന്‍ കോണ്‍ഗ്രസ്‌ പാര്‍ടിക്കെതിരെ പറഞ്ഞാല്‍ ഉടനെ എന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കും. തിരിച്ചു നിനക്ക് എത്ര സീറ്റ്‌ കിട്ടി എന്ന് ചോദിക്കും. ഇവിടെ ഞാനും നീയും ഒന്നുമല്ല മത്സരിക്കുന്നത് എന്ന് തിരിച്ചറിയണം. മത്സരിക്കുന്നത് നേതാക്കള്‍ ആണ്. ഇവിടെ കോണ്‍ഗ്രസിന്‌ കിട്ടിയാലും, കമ്മ്യൂണിസ്റ്റ്‌ -നു  കിട്ടിയാലും, മറ്റാര്‍ക്കോ കിട്ടിയാലും കിട്ടുന്നത് തനിക്കു തന്നെ എന്ന ബോധം വേണം.


അപ്പോള്‍ നമ്മള്‍ ജയിപ്പിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളെയോ, വ്യവസായികളെയോ, സ്വാര്‍ത്ഥ തല്‍പരെയോ, ഏതെങ്കിലും മത ജാതി വ്യവസ്ഥയുടെ അകമ്പടിക്കാരെയോ, നേതാക്കളുടെ മക്കളെയോ അല്ല. മറിച്ചു പൊതുനന്മ ലക്‌ഷ്യം വച്ച്, രാജ്യ സ്നേഹത്തോടെ, മാന്യമായി ജീവിക്കുന്ന കഴിവുള്ളവരെ മാത്രമാണ്. പലപ്പോഴും കള്ളന്‍, അല്ലെങ്കില്‍ കൊള്ളരുതാത്തവന്‍ എന്ന് അറിഞ്ഞു കൊണ്ട് തന്നെ ഞാന്‍ കോണ്‍ഗ്രസ്‌ ആണ് അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ്‌ ആണ് അത് കൊണ്ട് ഞാന്‍ അവര്‍ക്കെ വോട്ട് ചെയ്യൂ എന്ന് വാശി പിടിക്കുന്ന സുഹൃത്തുക്കളെ എനിക്ക് പുച്ഛമാണ്. ഒരു പക്ഷെ ഇത്തരം ബോധമില്ലായ്മ ആണ് ഇപ്പോഴത്തെ രാഷ്ട്രീയക്കാരുടെ വിജയം.


സ്വന്തം ലേഖകന്‍: ദിഗ് വിജയ്‌ സിംഗ് എന്ന പേര് മാറ്റി ദിഗ് പരാജയ സിംഗ് എന്ന് മാറ്റുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം എന്ന് കോണ്‍ഗ്രസ്‌ വൃത്തങ്ങള്‍ അറിയിച്ചു. ഉടന്‍ തന്നെ  തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുലും, ദിഗ് പരാജയ സിങ്ങും പിറവം കവലയില്‍ എത്തുന്നതായിരിക്കും...കനത്ത സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് പെട്രോള്‍ ഡീസല്‍ വില അഞ്ചു രൂപ കൂട്ടുന്ന കാര്യം ആലോചിച്ച ശേഷം സ്പെഷ്യല്‍ വിമാനത്തില്‍ പിറവത് മകനെ കാണാന്‍ എത്തുമെന്ന് സോണിയ ഗാന്ധിയും അറിയിച്ചു. (പാവം ചെറുക്കന്റെ കാര്യം ഇതോടെ പോക്കായി...)







25 ഫെബ്രുവരി 2012

ആരോഗ്യ മന്ത്രിക്കു കണ്ണില്ലേ?


കേരളത്തിലെ പല സ്വകാര്യ ആശുപത്രികളിലും മാസങ്ങളോളമായി നടന്നു വന്ന നേഴ്സുമാരുടെ സമരം ഇപ്പോള്‍ മാത്രമാണ് ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടത്. സ്വകാര്യ ആശുപത്രികളുടെ സ്വാര്‍ത്ഥത ഒന്ന് മാത്രമാണ് നേഴ്സുമാര്‍ സമര രംഗത്തേക്ക് വരാന്‍ ഇടയാക്കിയെതെന്നു നമ്മുടെ ഹൈകോടതി പോലും അഭിപ്രായപ്പെട്ടത് നമ്മുടെ മന്ത്രി കേട്ടില്ല. നേഴ്സുമാരുടെ സമരത്തില്‍ ഒരാശുപത്രിയിലെ രോഗിക്കും യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല എന്നത് യാഥാര്‍ത്ഥ്യം ആണെന്നിരിക്കെ ആരോഗ്യ മന്ത്രി നേഴ്സുമാര്‍ക്ക് എതിരെ പറഞ്ഞ വാക്കുകള്‍ ഒരുപക്ഷെ പക്വത ഇല്ലായ്മയുടെതാണ്.


ഇതുവരെ പല ആശുപത്രികളിലും നടന്ന അപ്രതീക്ഷിത സമരങ്ങള്‍ ആശുപത്രികളുടെ നടത്തിപ്പിനും, രോഗികള്‍ക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നായിരുന്നു ആ വാചകം. മൂന്നു നേരത്തെ ഭക്ഷണത്തിന് പോലും തികയാത്ത തരത്തില്‍ ശമ്പളം കൊടുത്തു, സേവനം എന്ന പേരില്‍ 12  മുതല്‍ 15  മണിക്കൂര്‍ വരെ നിരന്തരം ജോലി ചെയ്യിപ്പിച്ചു, പിഴിഞ്ഞ ആശുപത്രികളുടെ കേസില്‍  ഹൈകോടതിയും, സുപ്രീം കോടതിയും നിരീക്ഷിച്ചത് നെഴ്സുംമാരുടെ സമരം തികച്ചും ന്യായമാണ് എന്നാണു.


അപ്പോഴൊന്നും ഇത്തരം ആശുപത്രികള്‍ക്കെതിരെ ഒരക്ഷരം പ്രതികരിക്കാതെ ഒരു സുപ്രഭാതത്തില്‍ നേഴ്സുമാരുടെ സമരം അന്യായം എന്ന് ആരോഗ്യ മന്ത്രി പറയുമ്പോള്‍ മനസാക്ഷി ഉള്ള കേരളീയര്‍ എങ്ങനെ പ്രതികരിക്കും? ആരോഗ്യ മന്ത്രി എന്ന നിലയില്‍ അവരുടെ പ്രശ്നങ്ങളില്‍ ഇടപെടാതെ ആശുപത്രിക്ക് വേണ്ടി വക്കാലത്ത് പറഞ്ഞ മന്ത്രി കേരളത്തിന്‌ ഭൂഷണമാണോ?

ഇത് ഒരു മന്ത്രിയുടെ താല്‍പര്യം എന്നതില്‍ ഉപരി, ഇത്തരം പൊതുജന ശ്രദ്ധ ആകര്‍ഷിക്കുന്ന അവകാശ സമരങ്ങളെ ഏതു വിധത്തില്‍ പ്രതിരോധിക്കണം എന്നതില്‍, കോണ്‍ഗ്രസ്‌ പാര്‍ട്ടി ഒരു പൊതുനയം സ്വീകരിച്ചിരിക്കുന്നു എന്ന് നമ്മള്‍ കരുതണം. അത്തരം ഒരു അഭിപ്രായ പ്രകടനമാണ് നമ്മുടെ നിശബ്ദനായ പ്രധാനമന്ത്രി അടുത്തിടെ കൂടംകുളം സമരത്തെ പറ്റി നടത്തിയത്. അത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം ആണോ എന്ന സംശയം സ്വാഭാവികം മാത്രം.

ഇന്ത്യയിലാകെ അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ അഹിംസാ സമരങ്ങളും ഇത്തരത്തില്‍ തന്നെ അപവാദ പ്രചാരണങ്ങള്‍ കൊണ്ട് തടയാനാണ് കോണ്‍ഗ്രസ്‌ ശ്രമിച്ചത്. എന്നാല്‍ അഴിമതി വേണോ എന്നല്ല അത് മതി എന്നാണു കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പൊതു നയം. സുപ്രീം കോടതി അഴിമതിക്ക് ശിക്ഷിച്ച നേതാവ് അഴിമതി ചെയ്തതായി തനിക്കു തോന്നുന്നില്ല എന്ന് നമ്മുടെ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത് അടുത്തിടെയാണ്. അതുപോലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന പോതുപ്രവര്തകരെ ഇല്ലാ കേസുകളില്‍ പെടുത്തുന്ന നയവും പരിതാപകരമാണ്. വി എസിനെതിരായ കേസുകളെല്ലാം തന്നെ അത്തരത്തില്‍ കേട്ടിച്ചമാക്കപ്പട്ട ഒന്നാണെന്ന് കേരളത്തില്‍ സാമാന്യം വിവരം ഉള്ളര്‍ക്കെല്ലാം അറിയാം. അതുകൊണ്ട് യു ഡി എഫ് നയം മാറ്റി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  

അതിവേഗം "അഴി"ദൂരം ബഹു"മതി"യോടെ!!!! അഴിമതി അതിനുള്ളില്‍ തന്നെയുണ്ട്‌......







23 ഫെബ്രുവരി 2012

പിറവം സാധ്യതകള്‍... മങ്ങലുകള്‍...



പിറവം ഇലക്ഷന്‍ ഉമ്മന്‍ ചാണ്ടിക്ക് തുടക്കം മുതലേ ഒരു കീറാമുട്ടി തന്നെയായിരുന്നു. ആരു ജയിക്കും എന്നതിലുപരി പലയിടത്തും എല്‍ ഡി എഫ് ജയിച്ചാല്‍ ഉമ്മന്‍ ചാണ്ടി രാജി വെക്കണമോ അതോ വേണ്ടയോ എന്നാണു  ചര്‍ച്ചകള്‍ നടക്കുന്നത്. പിണറായി വിജയന്‍ പറയുന്ന പോലെ അതും ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെ. തല്‍കാലം രാജി വെക്കേണ്ട കാര്യമില്ല അഭ്യന്തര വകുപ്പ് അങ്ങ് ഒഴിഞ്ഞാല്‍ മതി എന്ന് ഇനി എങ്ങനെ പറയും അല്ലേ സഖാവേ? പക്ഷെ ഇതൊക്കെ  ഇലെക്ഷന്‍ കഴിഞ്ഞു മാത്രം ചര്‍ച്ച ചെയ്‌താല്‍ മതി എന്നാണ് പൊതുജനപക്ഷം...


ഇലെക്ഷന്‍ ആസന്നമായ സമയത്ത്, സുപ്രീം കോടതി അഴിമതികേസില്‍ ശിക്ഷിച്ച യു ഡി എഫ് സ്ഥാപക നേതാക്കളില്‍ ഒരാളെ ശിക്ഷ ഇളവു കൊടുക്കുക മാത്രമല്ല ജയിലിലും, ആശുപത്രിയിലും വി ഐ പി പരിഗണന കൊടുക്കുകയും, ഇപ്പോള്‍ അഴിമാതിക്കാരനെ അല്ല എന്ന് പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. ഈ പ്രശ്നത്തില്‍ കേരളത്തിലെ വിദ്യാഭ്യാസമുള്ള ജനങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു. ഈ വിഷയത്തില്‍ പ്രതികരിക്കാതിരുന്നാല്‍ അത് വീണ്ടും വന്‍ അഴിമതികള്‍  നടത്താനുള്ള ഒരു ലൈസെന്‍സ് ആയി വിലയിരുത്തപ്പെടില്ലേ?


അതിനു ശേഷം മുല്ലെപ്പെരിയാര്‍ വിഷയം കൊടുംപിരികൊണ്ടപ്പോള്‍ ഉരിയാടാനയം സ്വീകരിച്ച കേരള മുഖ്യമന്ത്രി, ഉത്തരവാദിത്വം മുഴുവന്‍ ഉരിയാടാ പ്രധാനമന്ത്രിക്ക് കൊടുത്തു തടിതപ്പിയിരുന്നു. എന്നാല്‍ മുല്ലപ്പെരിയാര്‍ എന്താണെന്ന് പോലും ഇപ്പോള്‍ പ്രധാനമന്ത്രിക്ക് ഓര്‍മയുണ്ടാവാനുള്ള സാധ്യത ഇല്ല. അതൊക്കെ അദ്ദേഹം അപ്പോഴേ മറന്നിട്ടുണ്ടാവും... അതുകൊണ്ട് ഫേസ് ബുക്ക്‌ പ്രതിനിധികളും പിറവം സ്ഥാനാര്‍ഥിയുമായി രംഗത്തുണ്ട്...മുല്ലപ്പെരിയാര്‍ പ്രശ്നം ആരും മറക്കാതിരിക്കാന്‍ ഇങ്ങനെ ചിലതും വേണം. മുല്ലപ്പെരിയാര്‍ (ഫേസ് ബുക്ക്‌) സ്ഥാനാര്‍ഥി രണ്ടു മുന്നണികളെയും വെള്ളം കുടുപ്പിക്കും. തീര്‍ച്ച.


പിന്നെ കേരള നാട് മുഴുവന്‍ ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളില്‍ മുഴങ്ങിയ നെഴ്സേസ് സമരത്തിലും സ്വീകരിച്ച നയം മറ്റൊന്നല്ലായിരുന്നു. ഒന്നും മിണ്ടാതെ അതിന്റെ ഉത്തരവാദിത്വം മുഴുവന്‍ തൊഴില്‍ മന്ത്രിയുടെ തലയില്‍ കെട്ടിവെച്ചു. കോടതിയിലൂടെയും, ഗുണ്ടായിസത്തിലൂടെയും, പത്രമാധ്യമിങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയും സമരം പൊളിക്കാന്‍ നോക്കിയ മാനേജ്‌മന്റ്‌ അവസാനം പിറവം തിരെഞ്ഞെടുപ്പോടെ മുട്ടുമടക്കി. അതില്‍ മുഖ്യമന്ത്രി അല്ല തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ അഭിനന്ദനം അര്‍ഹിക്കുന്നു.


ഏറ്റവും ഒടുവില്‍ മലയാളികളായ മീന്‍പിടുത്തക്കാരെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ നാവികരെ  അറസ്റ്റ് ചെയ്തു മുഖം രക്ഷിച്ച മുഖ്യമന്ത്രി വളരെ ആശ്വസിച്ചു. എന്നാല്‍ യു പി, പിറവം തിരെഞ്ഞെടുപ്പുകള്‍ ഇല്ലാതിരിക്കുകയോ, മറുവശത്ത് ഇറ്റലി അല്ലാതെ മറ്റേതെങ്കിലും ഒരു രാജ്യമോ ആയിരുന്നെങ്കില്‍ കൊലയാളികളായ നാവികരെ കണി കാണാന്‍ നമ്മുക്ക് കിട്ടില്ലായിരുന്നു എന്നതാണ് വാസ്തവം. ഒരു ഇറ്റലികാരി ഇന്ത്യ ഭരിക്കുന്നതിന് ഇങ്ങേനെയും ചില ഗുണങ്ങള്‍ ഒക്കെയുണ്ട് എന്ന് ഇപ്പൊ മനസ്സിലായല്ലോ!


പിറവം തിരെഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ എല്ലാം കലങ്ങി തെളിഞ്ഞു ഭരണകക്ഷിയുടെ ഭാഗത്തേക്ക്‌ അടുപ്പിച്ചപ്പോള്‍ അതാ കത്തോലിക വലിയ തിരുമനസ്സ് ഇറ്റലിയില്‍ നിന്നും ഭരണം നിയന്ത്രിക്കാന്‍ ശ്രെമിക്കുന്നതായി വാര്‍ത്ത‍. കേരളത്തിലെ കാതോലിക മന്ത്രിമാരും പരിവാരങ്ങളും റോമില്‍ (സര്‍ക്കാര്‍ ചിലവില്‍) നഗരം കാണാന്‍ പോയിരിക്കുകയാണല്ലോ!!!! അതിനിടെ പിതാവ് അവരോടു കുശലം പറഞ്ഞ കഥ ഏതെങ്കിലും ഒരു സിണ്ടികേറ്റ് റിപ്പോര്‍ട്ടര്‍ അവിടുത്തെ മഞ്ഞപത്രത്തില്‍ കൊടുത്തതിനു അദ്ദേഹം എന്ത് ചെയ്യും? പക്ഷേ മുഖ്യമന്ത്രി ന്യായീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്.


ഇതോടെയെങ്കിലും കത്തോലിക സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അല്പം കുറയ്ക്കും എന്ന ചിന്ത സാധാരണ കത്തോലിക വിശ്വാസികള്‍ക്ക് ആശ്വാസം തരുന്നതാവും. പള്ളികളില്‍ ഇടയലേഖനതോടൊപ്പം രാഷ്ട്രീയ പ്രസംഗം കേള്‍ക്കേണ്ടിവരുന്ന അവസ്ഥ ദയനീയമാണ്. എന്നാല്‍ കുത്തക സ്വാശ്രയ കോളേജുകള്‍ വ്യപകമായത്തിനു ശേഷമാണ് ഇത്തരം ഇടപെടല്‍ തുടങ്ങിയത് എന്നതുകൊണ്ട്‌ സഭക്ക് എത്രമാത്രം രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍കാന്‍ പറ്റും എന്നതില്‍ വിശ്വാസികള്‍ക്ക് ഒരുറപ്പും ഇല്ല.


ഒടുക്കം: വി എസിനെതിരെ മാത്രമായി വായ തുറന്നിരുന്ന ഒരു കമ്മ്യൂണിസ്റ്റ്‌  നേതാവ് ഇപ്പോള്‍ വായ തുറന്നത് ജാതിമത പ്രസ്ഥാനങ്ങളില്‍ തൊട്ടു കൊണ്ടാണ്! ഇത് വോട്ട് കൂട്ടാനാണോ അതോ കളയാനാണോ? ചാനല്‍ ചര്‍ച്ചകളില്‍ വായിട്ടടിക്കാന്‍ അറിയില്ലാത്ത കൊണ്ടാണ് എന്ന വിമര്‍ശനം വരുമെന്നിരിക്കെ അനൂപ്‌ ജേക്കബിനെ മാറ്റിനിര്‍ത്തി എപ്പോഴും ജോണി നെല്ലൂര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതും ദുരൂഹമാണ്. ഇരു കൂട്ടരിലും ഒരു വിഭാഗത്തിന് തങ്ങളുടെ സ്ഥാനാര്‍ഥി തോല്‍ക്കണം എന്നു ഒരു ചിന്ത ഉണ്ടോ?






13 ഫെബ്രുവരി 2012

മുട്ടിയാല്‍ അന്യന്‍റെ വളപ്പിലും ആവാം

വൈകിട്ട് ഓഫീസില്‍ നിന്നും വീട്ടില്‍ എത്തിയപ്പോള്‍ റോഡിലാകെ ഒരു ബഹളം. കുറച്ചു നാട്ടുകാര്‍ കൂടിയിട്ടുണ്ട്...കൂനനുറുമ്പ് നിരയിട്ടപോലെ ഒന്നിന് പുറകെ ഒന്നൊന്നായി വീടിനു മുമ്പില്‍ കുറെ ടിപ്പര്‍ ലോറികള്‍. മൂക്ക് അടഞ്ഞു പോകുന്നപോലെ ദുര്‍ഗന്ധം... സഹിക്കാന്‍ കഴിയുന്നില്ല. വീടിനടുത്ത് മാലിന്യം കൊണ്ടിടാന്‍ ഒഴിഞ്ഞു കിടന്ന സര്‍ക്കാര്‍ ഭൂമി കണ്ടെയിരിക്കുന്നു എന്ന് ആരോ പറഞ്ഞു കേട്ടു.ഒന്ന് ഞെട്ടി! ഉറക്കം തെളിഞ്ഞു കണ്ണ് തുറന്നു ജനല്‍ തുറന്നു ചുറ്റും നോക്കി. ഭാഗ്യം സ്വപ്നം തന്നെ ആണ്... പിന്നെ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. കണ്ണടക്കുമ്പോള്‍ ടിപ്പര്‍ ലോറികള്‍! ഈ അവസ്ഥ കേരളത്തിലെ ഏതു ഗ്രാമ പ്രദേശത്ത് താമസിക്കുന്ന സാധാരണ മലയാളിക്കും വരാം. വിളപ്പില്‍ ശാലയിലും മറ്റൊന്നുമല്ല സംഭവിച്ചത്.

തങ്ങളുടെ പ്രശാന്ത സുന്ദരമായ ഗ്രാമഭംഗിക്ക് വിലങ്ങുതടിയായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മാലിന്യസംഭരണത്തിന് (സംസ്കരണം എന്നത് വെറുംവാക്ക് മാത്രം) എതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയ വിളപ്പില്‍ പഞ്ചായത്തിലെ  അമ്മമാരും കുട്ടികളും അടങ്ങിയ പൊതുജനത്തിന് സ്നേഹം നിറഞ്ഞ അഭിവാദ്യങ്ങള്‍. മുട്ടിയാല്‍ അന്യന്‍റെ വളപ്പിലും ആവാം എന്നതാണ് ഇപ്പോള്‍ പൊതുവേ എല്ലാവരുടേയും ധാരണ. നിയമം എത്ര മേല്‍ ആധിപത്യം നേടിയാലും ജീവിക്കാന്‍ ഉള്ള അവകാശം ഏതു കോടതികള്‍ക്ക് നിഷേധിക്കാന്‍ സാധിക്കും. അവിടെ രാഷ്ട്രീയമോ, നിയമമോ ഒന്നും നിലനില്‍ക്കില്ല. ഒന്നുകില്‍ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കുക അല്ലെങ്കില്‍ മരണം എന്ന് പറഞ്ഞു സമരത്തിലേക്ക് ഇറങ്ങിയ ജനതയെ ഒരു കോടതിയും കാണാതിരിക്കില്ല.

കേരളത്തില്‍  ഉടനീളം മാലിന്യം ഒരു വലിയ പ്രശ്നം തന്നെ തീര്‍ച്ച. പക്ഷേ മാലിന്യം നഗരത്തില്‍ കുന്നു കൂടുമ്പോളും അന്യന്‍റെ വളപ്പില്‍ തള്ളുകയല്ലാതെ, വേറെന്തു പൊംവഴി എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചില്ലെ? എങ്ങനെ മാലിന്യത്തിന്റെ അളവ് കുറയ്ക്കാം? അത് സ്വന്തം പുരയിടങ്ങളില്‍ തന്നെ എങ്ങനെ സംസ്കരിക്കാം? ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നതിനു പകരം അത് വിളപ്പില്‍ ശാലയില്‍  തന്നെ കൊണ്ടിട്ടാലെ നടക്കൂ എന്ന് വാശി പിടിക്കാന്‍ പാടുണ്ടോ? corporation നഗരത്തിലെ മാലിന്യം സംസ്കരിക്കാന്‍ വേറെ എന്തെകിലും ഒരു പദ്ധതി നടപ്പിലാക്കാന്‍ പറ്റുമോ എന്ന് ചിന്തിക്കുക കൂടി ചെയ്തോ? തിരഞ്ഞെടുക്കപെട്ട ഒരു അധികാര കേന്ദ്രം എന്ന നിലയില്‍ ഈ പ്രശ്നം കൈകാര്യം ചെയ്തതില്‍ തിരുവനന്തപുരം corporation ഒരു വന്‍ പരാജയം എന്ന് പറയേണ്ടി വരുന്നു. വിളപ്പില്‍ പഞ്ചായത്തിന് എതിരെ കേസ് നടത്തിയ ഭരണകൂടവും പ്രതിഷേധം  അര്‍ഹിക്കുന്നുണ്ട്.


നഗരത്തിലെ മാലിന്യം നഗരങ്ങളില്‍ തന്നെ സംസകരിക്കാനും, വീടുകളില്‍ നിന്നും, വ്യവസായശാലകള്‍, കടകമ്പോലങ്ങളില്‍ നിന്നും വരുന്ന മാലിന്യം അവിടുങ്ങളില്‍ തന്നെ തരം തിരിക്കാനും ഉള്ള പദ്ധതികള്‍ മുനിസിപാലിറ്റികള്‍ ആവിഷ്കരിക്കണം. വേണ്ടിവന്നാല്‍ മാലിന്യത്തിന്റെ അളവ് അനുസരിച്ച് അതിനു വേണ്ട ചെലവ് വീടുകളില്‍ നിന്നും പിരിക്കാനും ഉള്ള നിയമ നിര്‍മാണം വരണം. അതുണ്ടെങ്കില്‍ മാത്രമേ മാലിന്യത്തിന് അല്പമെങ്കിലും കുറവ് ഉണ്ടാകുകയുള്ളൂ... അല്ലാതെ കിട്ടുന്ന മാലിന്യം മുഴുവന്‍ ഗ്രാമങ്ങളില്‍ കൊണ്ട് തള്ളിയാല്‍ അവിടെ ജീവിക്കുന്ന ജനങ്ങള്‍ എന്ത് ചെയ്യും?                


വിളപ്പില്‍ പോലെയോ അതോ ഞാന്‍ കണ്ട സ്വപ്നം പോലെയോ ഒരു അവസ്ഥ നമ്മളില്‍ ഒരാള്‍ക്ക്‌ സംഭവിച്ചാല്‍ എന്ന് കരുതി വീട്, കടകള്‍, ഹോട്ടെലുകള്‍, എന്നിവയിലൊക്കെ കഴിയുന്നത്ര മാലിന്യം നമ്മളോരോരുത്തരും കുറക്കണം. ഹോട്ടെലുകളില്‍ ഭക്ഷണം ബാക്കി വെക്കതിരിക്കണം. മാംസ ഭക്ഷണം പരമാവതി കുറയ്ക്കണം. നമ്മുക്ക് മാലിന്യമുക്തമായ ദൈവത്തിന്റെ സ്വന്തം സുന്ദര കേരളത്തെ സ്വപ്നം കാണാം...


വളിപ്പ്: വിളപ്പില്‍ ശാലയില്‍ നിരോധനാജ്ഞ... നിരോധനം മാലിന്യത്തിന് ആയിരുന്നെങ്കില്‍ ആജ്ഞക്ക് ഒരു ഉശിരുണ്ടായിരുന്നു.  വിളപ്പില്‍ പഞ്ചായത്തില്‍ ഞാന്‍ പോയിട്ടില്ല... അവരുടെ പ്രശ്നങ്ങള്‍ കണ്ടിട്ടും ഇല്ല. എങ്കിലും ഇത്ര ആളുകള്‍ പറയുന്ന കാര്യം തെറ്റാവണമെങ്കില്‍ അവിടെ എന്തോ 'സിണ്ടികെറ്റ്' ഉണ്ടാവാനുള്ള സാധ്യത ഉണ്ട്!





06 ഫെബ്രുവരി 2012

കേരളത്തിനൊരു ബുള്ളെറ്റ്....

തിരുവനതപുരം മുതല്‍ മംഗലാപുരം വരെ 634 കിലോമീറ്റര്‍ ബുള്ളെറ്റ് ട്രെയിന്‍!(മുല്ലപ്പെരിയാര്‍ കാരണം അത് കന്യാകുമാരിയില്‍ നിന്നും അല്ല!) മണിക്കൂറില്‍ 350 കിലോമീറ്റര്‍ സ്പീഡില്‍! സാങ്കേതിക വിദ്യയും, ട്രെയിനും, അതിനു വേണ്ട പണവും ജപ്പാനില്‍ നിന്നും. പണം പലിശ ഇല്ലാതെ...  കേട്ടപാതി കേള്‍ക്കാത്ത പാതി കേന്ദ്ര സര്‍ക്കാര്‍ പദ്ധതി അംഗീകരിക്കുന്നു. ഇന്ത്യയില്‍ വേറൊരു സംസ്ഥാനത്ത്   വേണമെന്ന് പോലും ആവശ്യപെടാത്ത ഒരു കാര്യം കേന്ദ്രം കണ്ട പാടെ അനുമതിയും കൊടുത്തിരിക്കുന്നു. മുക്കിയും മൂളിയും ഒരു ട്രെയിന്‍ പോലും തരാത്ത റെയില്‍വേ ബജെറ്റ് കണ്ടു തളര്‍ന്ന കേരളീയന് ആനന്തലബ്ദിക്ക് ഇനി എന്ത് വേണം. കേരളത്തില്‍ ഒന്നും നടക്കാന്‍ പോണില്ല എന്ന് കേന്ദ്രത്തിനു നന്നായി അറിയാം. അപ്പോള്‍ എന്തിനു വെറുതെ നോ പറയണം എന്ന് അവര്‍ കരുതിയിരിക്കും. അല്ല പിന്നെ.
വാര്‍ത്ത‍ വന്നപ്പോഴേ പാളയത്തില്‍ പട തുടങ്ങും... അതുറപ്പാ...

തോക്കും ബുള്ളറ്റും ഒക്കെ കേരളക്കാര്‍ കുറെ കണ്ടിട്ടുണ്ടു. ഇതെന്തോന്നാ ബുള്ളെറ്റ് ട്രെയിന്‍? രാവിലെ പത്രത്തിലെ മുന്‍പേജില്‍ വാര്‍ത്ത‍ വായിച്ചു കുളിര്‍ കോരിയിട്ട കുട്ടപ്പന്‍ ചോദിച്ചതിലും കാര്യം ഇല്ലേ? തുടങ്ങി വെച്ച മെട്രോ റെയില്‍ പദ്ധതി എങ്ങനെ നടത്തണം എന്ന കാര്യത്തിലോ, ആര് പണിയണം എന്ന കാര്യത്തിലോ ഒരു തീരുമാനം ആയിട്ടില്ല... അതിനു മുമ്പേ പുതിയ പുതിയ സ്വപ്ന പദ്ധതികള്‍ ജനങ്ങള്‍ക്ക്‌ മുമ്പേ കാണിക്കുന്ന ചെപ്പടി വിദ്യ എന്തിനു വേണ്ടി എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കില്ലേ? (അടുത്ത ദിവസങ്ങളില്‍ പിറവം ബുള്ളെറ്റ് ട്രെയിന്‍ സ്റ്റേഷന്‍-ന്റെ കളര്‍ ചിത്രങ്ങളും പത്രത്തില്‍ ഉള്‍പ്പെടുത്തും എന്ന് കരുതുന്നു.) പിറവം തിരെഞ്ഞെടുപ്പ് മുമ്പില്‍ കണ്ടു ഇങ്ങനെ മനസ്സില്‍ ലഡ്ഡു പൊട്ടുന്ന എന്തെല്ലാം മോഹന വാഗ്ദാനങ്ങള്‍ ഇനി നമ്മുക്ക് കേള്‍ക്കേണ്ടി വരും! 

ജീവിക്കാന്‍ വേണ്ടി കേരളത്തിലെ നേഴ്സുമാര്‍ നടത്തുന്ന സമരത്തില്‍ ഒന്ന് ഇടപെടുവാന്‍ പോലും കഴിവില്ലാതെ,  ഭരണം കൈയ്യാളുന്ന ചിലര്‍ സ്വപ്ന ജീവികളെ പോലെ പെരുമാറുന്നതില്‍ വലിയ സങ്കടം തന്നെയുണ്ടു. ഒരു കാര്യം ശെരിയാണ്. നമ്മുടെ നാട്ടിലും ബുള്ളെറ്റ് ട്രെയിന്‍ പോലുള്ള വലിയ വലിയ കാര്യങ്ങള്‍ വരണം. പക്ഷെ അതിനു മുമ്പേ പരിഹരിക്കേണ്ട എത്രയോ യാത്രാ പ്രശ്നങ്ങള്‍ നമ്മുക്കുണ്ട്? രണ്ടു വര്ഷം മുമ്പ് കേന്ദ്രം അനുവദിച്ച മേമു ട്രെയിന്‍!, പാലക്കാട്‌ കോച്ച് ഫാക്ടറി! കൊച്ചി മെട്രോ! ജീവന് ഭീക്ഷണി ഉള്ള മുല്ലപ്പെരിയാര്‍ ഡാം പ്രശ്നം! പിന്നെ കഴിഞ്ഞ ബജെറ്റില്‍ തരുമെന്ന് മോഹിപ്പിച്ച പുതിയ ട്രെയിനുകള്‍ എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത കാര്യങ്ങള്‍... ഒന്നും നടക്കുന്നില്ല. പിന്നെയാണ് ഇന്ത്യയില്‍ കേട്ട് കേള്‍വി മാത്രമായ ബുള്ളെറ്റ് ട്രെയിന്‍! സ്കൈ സിറ്റി പദ്ധതി! എല്ലാം നടന്നത് തന്നെ!

പിറവം എലെക്ഷന് മുമ്പ് നമ്മള്‍ എന്തൊക്കെ കാണേണ്ടി വരും? യേശു ദേവനെ ചിലര്‍ വിപ്ലവകാരി ആക്കുന്നു. മറ്റു ചിലര്‍ പ്രതിപുരുഷന്‍മാരെ നികൃഷ്ട ജീവി എന്ന് വിളിച്ചു എന്ന് എപ്പൊഴും പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. (പിണറായി നികൃഷ്ട ജീവി എന്ന് ഒരിക്കലേ പറഞ്ഞുള്ളൂ. ഇനി ഒരിക്കലും പറയാനും പോണില്ല) പക്ഷെ പിണറായി പറഞ്ഞതായി അനേകം തവണ പിണറായിയുടെ എതിരാളികള്‍ "നികൃഷ്ടജീവി! നികൃഷ്ടജീവി!" എന്ന് വിളിച്ചു എന്ന് തുടരെ തുടരെ നമ്മെ ഓര്‍മിപ്പിക്കുമ്പോള്‍ നികൃഷ്ട ജീവി എന്ന് വിളിക്കപ്പെട്ടവരുടെ അപമാനം കൂടുമോ അതോ കുറയുമോ? ഇതൊക്കെ കേട്ട് ചെവി മടുക്കുമ്പോള്‍ എങ്ങനെയെങ്കിലും ഈ പിറവം തിരെഞ്ഞെടുപ്പ് ഒന്ന് കഴിഞ്ഞു കിട്ടിയാല്‍ മതിയായിരുന്നു എന്ന് ആര്‍ക്കും തോന്നിപ്പോവും. പിന്നെ ഭരണത്തില്‍ ഇരിക്കുന്നവര്‍ക്ക് ഒരു മറുപടി കൊടുക്കണം എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റുമോ?
   
ബുള്ളെറ്റ്: എല്ലാം കേട്ട് ഇനി പത്രക്കാര്‍ ആരെങ്കിലും മുഖ്യമന്ത്രിയോട് പദ്ധതി കാര്യം ചോദിച്ചാല്‍ ഉത്തരം സ്പഷ്ടം."ബുള്ളെറ്റ് ട്രെയിന്‍? ബുള്ളെറ്റ് ഞാന്‍ ട്രെയിനില്‍ കൊണ്ട് പോകാറില്ല. അങ്ങിനെയൊന്നു വലിയ നിശ്ചയം പോര....എന്നാ ശെരി..." പിന്നെ ഒരു ചിരിയും...  




30 ജനുവരി 2012

കാസനോവയെ കണ്ടുപിടിക്കാമോ?

ഇന്ത്യാവിഷനു എതിരെ?   
മലയാള മനോരമ പത്രത്തിലെ ഒരു വികൃതികളിയുടെ പരസ്യം കണ്ടപ്പോള്‍ ചിരിക്കാനല്ല തോന്നിയത്. കാസനോവയെ കണ്ടുപിടിക്കാമോ? പടത്തില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍-ഉം   കളിയോടൊപ്പം നമ്മുടെ കൂടെ കൂടുന്നത്രേ! അപ്പൊ പണി കിട്ടി എന്നര്‍ത്ഥം. മലയാള സിനിമയിലെ ഇതിഹാസം എന്ന് വീമ്പു പറഞ്ഞു ദിവസം ആയിരം ഷോകളുമായി ജനങ്ങളുടെ പോക്കറ്റടിക്കാന്‍ ഇറങ്ങിയ ഒരു പടം, ഇറങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എവിടെ എന്ന് കണ്ടു പിടിക്കാന്‍ പത്രത്തില്‍ പരസ്യം കൊടുക്കേണ്ട ഗതിയായി....കൊച്ചിയില്‍ മൂന്നു തിയേറ്റര്‍-ഇല്‍ ഇറങ്ങിയ ഈ സിനിമ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഒന്നില്‍ ഒതുങ്ങി. ഒരാഴ്ച കഴിഞ്ഞാല്‍ ശരിക്കും കണ്ടു പിടിക്കേണ്ടി തന്നെ വരും...

സാധാരണ മലയാളം സിനിമ, പ്രത്യേഗിച്ച് സൂപ്പര്‍സ്റ്റാര്‍ പടങ്ങള്‍ ഇറങ്ങി ഒന്ന് രണ്ടു ആഴ്ച കഴിഞ്ഞു കാണുന്നതാണ് ബുദ്ധി... അതിനുള്ളില്‍ തിയേറ്റര്‍ വിട്ടു പടം പോയാല്‍ അത് പൊളി എന്നര്‍ത്ഥം. ഇത് പൊതുജനം മനസ്സിലാക്കി എന്നറിഞ്ഞു, ഒരാഴ്ചക്കുള്ളില്‍ തന്നെ കാശ് പിരിഞ്ഞു വരട്ടെ എന്ന വിധം സിറ്റിയിലെ എല്ലാ തീയെറ്റെരിലും ഒരേ പടം ഇറക്കിയാല്‍ ജനം എന്ത് ചെയ്യും? കാണാതെ തന്നെ പടം പോളിയാനെന്നു വിധി എഴുതും. അതുമാത്രമല്ല കാശ് കളഞ്ഞു സമയം മിനക്കെടുത്തിയ ചില അത്യാരാധകരല്ലാത്ത പൊതുജനം ചിലപ്പോള്‍ ചൊറിഞ്ഞെന്നും വരും. അത്തരം ഒരു ചൊറിച്ചില്‍ ആണ് ഇന്ത്യാവിഷന്‍ ചാനല്‍ നടത്തിയത്. അത് കണ്ടു കുറച്ചു ഫാന്‍സുകാര്‍ 'We hate Indiavision' ഫേസ് ബുക്ക്‌ ഗ്രൂപ്പുകള്‍ ഉണ്ടാക്കി നാണം കെടുന്നു. പൊതുജനം അത്രയ്ക്ക് കഴുതകള്‍ അല്ല എന്ന് മനസ്സിലാക്കാനുള്ള സാമാന്യ വിവരം ഇത്തരക്കാര്‍ക്കില്ലേ?




പടം പൊട്ടി കാശ് പോയാലും ഗെയിം നടത്തി എങ്കിലും കുറച്ചു തിരികെ പിടിക്കണം. ഫാന്‍സ്‌ അസോസിയേഷന്‍ വെറുതെ അവരെ പുകഴ്ത്തി, അല്ലെങ്കില്‍ എതിര്‍ക്കുന്നവരെ തെറി പറഞ്ഞു സമയം കളയാതെ SMS അയച്ചു പത്തു കാശ് ഉണ്ടാക്കി കൊടുക്കാന്‍ നോക്കണം. അവര്‍ക്കും ജീവിക്കണ്ടേ?


അല്ലെങ്കില്‍ ഒരുപക്ഷെ ആദ്യമായി സിനിമ പിടിക്കാനിറങ്ങിയ confident റോയിക്ക് എട്ടിന്റെ പണി കൊടുക്കാന്‍ സിനിമാ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ വിചാരിച്ചിരിക്കണം. ഒരു പടം ഫ്ലോപ്പ് ആയാല്‍ പിന്നെ അയാളെ കൊണ്ടുള്ള ശല്യം ഒഴിഞ്ഞല്ലോ! അങ്ങനെ നോക്കുമ്പോള്‍ അഭിനയിച്ചു സ്വയം നിര്‍മിക്കുന്ന പടം മാത്രം വിജയിപ്പിക്കുക എന്ന തന്ത്രം ചില സൂപ്പര്‍സ്റ്റാര്‍-മാര്‍ ഇപ്പോള്‍ പരീക്ഷിക്കുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.  


ഈ സിനിമ ഞാന്‍ കണ്ടിട്ടില്ല. ഏതായാലും ഒന്ന് കാണും. 15 കോടി മുടക്കിയ ഈ സിനിമ എങ്ങാനും പൊളിഞ്ഞു ഇനി മേലില്‍ മലയാള സിനിമ ഉണ്ടാക്കില്ല എന്നവിധം അമ്മ സമരം ചെയ്താലോ എന്നു പേടിച്ചിട്ടല്ല, എങ്ങനെ ഈ പതിനഞ്ചു കോടി പൊടിച്ചു എന്നറിയണം അത്ര മാത്രം...



24 ജനുവരി 2012

മുല്ലപ്പെരിയാറിനെ പറ്റി നീ ഒരക്ഷരം മിണ്ടരുത്...

കേരള സംസ്ഥാന ജലസേചന മന്ത്രിയും,  ഒരു പാര്‍ലിമെന്റ് എം പിയും ആലപ്പുഴയിലെ ഒരു പൊതു സമ്മേളനത്തിനിടെ നടത്തിയ വാക്പൊരു കണ്ടപ്പോള്‍ 'പോളണ്ടിനെ പറ്റി നീ ഒരക്ഷരം മിണ്ടരുത്' എന്ന് സന്ദേശം എന്ന സിനിമയില്‍ ശ്രീനിവാസന്‍ ജയറാമിനോട് പറയുന്ന സീനാണ് ഓര്‍മ വന്നത്. രാജ്യം ഭരിക്കുന്ന മന്ത്രിയെയും, എംപിയെയും  അവരൊക്കെ എന്ത് 'തര'വും കാട്ടിയാലും കീ ജയ് വിളിക്കുന്ന കൂടെ കുറെ മന്ദ ബുദ്ധിജീവികളെയും നമസ്കരിക്കുന്നു. കീ ജയ് വിളിക്കുന്നവരൊക്കെ മന്ത്രിയില്‍ നിന്നും, എം പിയില്‍ നിന്നും പല അര്‍ഹതയില്ലാതെ ആനുകൂല്യങ്ങളും പറ്റുന്നവര്‍ മാത്രമാണ്. ഇവര്‍ക്കൊക്കെ ജയ് അല്ല വിളിക്കേണ്ടത്....


തമ്മിലടി തുടങ്ങിയപ്പോഴേ പൊതുജനം അവിടം വിട്ടു ഒഴിഞ്ഞു പോയി തുടങ്ങി. എന്നാല്‍ ഒരു സാധാരണക്കാരന്‍ 'താനൊരു പൌരന്‍' എന്ന് പറഞ്ഞുകൊണ്ട് എന്തോ അഭിപ്രായം പറയാന്‍ തുനിഞ്ഞു. വെള്ളവസ്ത്ര ധാരികള്‍ അയാളെ കയ്യേറ്റം ചെയ്യുന്നതും, തള്ളുന്നതും, അടിക്കാന്‍ തുടങ്ങുന്നതും ഒക്കെ കണ്ടപ്പോള്‍ അഹിംസയിലൂടെ നമ്മുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയെ വെറുതെ ഒന്ന് ഓര്‍ത്തുപോയി . വല്ലപ്പോഴും  നമ്മെ ഗാന്ധിജിയെ ഓര്‍മിപ്പിക്കുന്നത്‌ ഇങ്ങിനെയുള്ള അവസരങ്ങളാണ് എന്നത് സത്യം. അതിനു നമ്മുടെ നേതാക്കളെ നമിക്കണം. ഇങ്ങനെ അഹംഗാരവും, പണകൊഴുപ്പും, അഴിമതിയും മുഖമുദ്ര ആക്കി നടക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് എങ്ങനെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയും?


പൊതുജനങ്ങളുടെ നന്മയും, രാജ്യത്തിന്‍റെ ഉന്നമനവും ആഗ്രഹിക്കുന്നതിന് പകരം, തന്റെ അഭിമാനവും, കീശയും മാത്രം ലക്‌ഷ്യം വെക്കുന്ന രാഷ്ട്രീയമാണ് ഇപ്പോള്‍ പൊതുവേ നടക്കുന്നത്. ഒരാള്‍ തന്നെ അഞ്ചും ആറും തവണ മത്സരിക്കുമ്പോള്‍ അല്ലെങ്കില്‍ ജയിക്കുമ്പോള്‍ അവരൊക്കെ മത്സരത്തിനു ഇറങ്ങുന്നത് തങ്ങളുടെ മാത്രം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് എന്ന് പകല്‍ പോലെ വ്യക്തമല്ലേ? എന്നാല്‍ സാധാരണ ഇതൊന്നും പൊതു സമ്മേളനങ്ങളില്‍ ഇക്കൂട്ടര്‍ പ്രകടിപ്പിക്കാറില്ല. വിനയത്തോടെ പഞ്ചപുച്ഛം അടക്കി പൊതുജനത്തിന് മുമ്പില്‍ നന്നായി ചിരിച്ചു അഭിനയിക്കാന്‍ ശ്രമിക്കാറുണ്ട്.


എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ വരുന്ന കാലങ്ങളില്‍ പൊതുസമൂഹത്തില്‍ പ്രത്യേഗിച്ച് യുവജനങ്ങള്‍ക്കിടയില്‍ ഒറ്റപെടാന്‍ പോകുന്നു എന്ന തിരിച്ചറിവാണ് അവരെ ഇപ്പോള്‍ വിറളി പിടിപ്പിക്കുന്നത്. ഇന്റര്‍നെറ്റ്‌ വലകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഇപ്പോഴത്തെ യുവജനങ്ങളെ നമ്മുടെ നേതാക്കള്‍ക്ക് വ്യക്തമായി മനസ്സിലാവുന്നുമില്ല. എന്റപ്പന്‍ കമ്മ്യൂണിസ്റ്റ്‌ അതുകൊണ്ട് ഞാനും, അതുപോലെ എന്റപ്പന്‍ കോണ്‍ഗ്രസ്‌ അതുകൊണ്ട് ഞാനും എന്ന പഴയ തത്വം ഇപ്പോഴത്തെ പുതു തലമുറ അങ്ങീകരിക്കുന്നില്ല എന്ന് അവര്‍ക്ക് നല്ലപോലെ മനസ്സിലാവുന്നുണ്ട്.


എന്തു കൊടുത്തും യുവജനങ്ങളുടെ ചിന്തയെ പോലും വിലക്കുവാങ്ങാനും, അല്ലെങ്കില്‍ ഒതുക്കാനും, അവരുടെ പുതു മാധ്യമമായ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളെ, കോടതികളുടെ ഇടപെടലിലൂടെയും മറ്റും അമര്‍ച്ച ചെയ്യാനും തിടുക്കം കൂട്ടുന്നത്‌ കാണുമ്പോള്‍ അവര്‍ എത്ര മാത്രം പരിഭ്രമിച്ചിരിക്കുന്നു എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. പക്ഷെ ഇപ്പോഴത്തെ യുവജനസമൂഹം സന്തോഷ്‌ പണ്ഡിറ്റ്‌, കൊലവെരി, IPL ക്രിക്കറ്റ്‌, സോഷ്യല്‍ സൈറ്റ്സ്  എന്നിങ്ങനെ ദിശാബോധം ഇല്ലാതെ മുന്നോട്ടു പോകുമ്പോള്‍, തങ്ങളുടെ രാഷ്ട്രതന്ത്രം ആണ് ഏറ്റവും മികച്ചത് എന്ന് ബോധവല്‍കരിക്കുന്നതില്‍ നമ്മുടെ നേതാക്കളുടെ കുടിലതന്ത്രങ്ങള്‍ ഫലിക്കുന്നുണ്ടോ? അതോ രാഷ്ട്രചിന്തയും,  നന്മയും, സ്നേഹവും ഒക്കെ വറ്റിയ ഒരു കളങ്കിതമായ രാഷ്ട്രീയ നേത്രുത്വമാണോ നമ്മുക്കുള്ളത്? അങ്ങനെയെങ്കില്‍ അവര്‍ ഇനി വരുംകാലങ്ങളില്‍ ചെരുപ്പേറും, അടിയും ഒക്കെ പൊതുജനങ്ങളില്‍ നിന്നും പ്രത്യേഗിച്ച് യുവാക്കളില്‍ നിന്നും ഇഷ്ടംപോലെ കൊള്ളേണ്ടി വരും എന്ന് തീര്‍ച്ച. ജാഗ്രത!

13 ജനുവരി 2012

സഖാവ് വി എസിനെ കല്‍തുറുങ്കിലടക്കൂ .... പ്ലീസ്!

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട     
അഴിമതിക്കെതിരെ പോരാടിയ ഒരു നേതാവിന്‍റെ മുഖം മൂടി അഴിഞ്ഞു വീണു. സഖാവ് വി എസ്  അച്ചുതാനന്തന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത്, അനധികൃതമായി 2.25 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി, ബന്ധുവിന് പതിച്ചു കൊടുത്തു! അഴിമതിക്ക് കൂട്ട് നിന്ന മുന്‍മുഖ്യമന്ത്രിയെയും, പിന്നെ കണ്ടാല്‍ അറിയുന്ന മറ്റു ചിലരെയും പ്രതി ചേര്‍ത്ത് കേസ് എടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തു. തലക്കെട്ടുകള്‍ വളരെ നന്നായിട്ടുണ്ട്... ചര്‍ച്ചകളും പൊടിപൊടിക്കുന്നുണ്ട്...
  
ഇങ്ങനെയുള്ള അഴിമതി കേസ് ശുപാര്‍ശകള്‍, തലക്കെട്ടുകള്‍ ആകാന്‍ ഇട നല്‍കാതെ, പ്രതിപക്ഷ നേതാവിനെ തുറുങ്കില്‍ അടക്കാനുള്ള ആര്‍ജവം കേരളത്തിലെ ഭരണാധികാരികള്‍ക്ക് ഉണ്ടാവണം. ആദ്യം ജയില്‍ പിന്നെ സമയം കിട്ടിയാല്‍ വിജാരണ എന്നതൊക്കെ, മദനിയെപ്പോലെ ഉള്ളവര്‍ക്ക് മാത്രമേ ഉള്ളോ?

ജയിലില്‍ അടച്ചാല്‍ രണ്ടുണ്ട്  ഗുണം. ഒന്ന് സഖാവ് പിറവം തിരഞ്ഞെടുപ് പ്രചാരണത്തിന് ഇറങ്ങില്ല, പിറവം സീറ്റ്‌ കൈയ്യില്‍. രണ്ടു ബാലകൃഷ്ണ പിള്ളയെ ജയിലില്‍ അടച്ചതിനു നല്ലൊരു തിരിച്ചടി, കൂടെ  ജനങ്ങളുടെ കയ്യടിയും... (കയ്യടി എവിടെയൊക്കെ കിട്ടും എന്നത് പറയാറായിട്ടില്ല...)

അഴിമതിക്കെതിരെ പലയിടങ്ങളിലും, അഞ്ഞടിക്കുന്ന എല്ലാ വ്യക്തികളെയും, കള്ള കേസുകളില്‍  കുടുക്കാനുള്ള ശ്രമം പൊതുവേ അഴിമതി മാത്രം തൊഴില്‍ ആക്കിയ, ഇന്ത്യയിലെ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. ഈ കേസ് അതുപോലെ ഉള്ള ഒന്നാണെന്ന് സാമാന്യം വിവരമുള്ള കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഒരിക്കലും തോന്നില്ല. കാരണം, കേരളത്തിലെ എല്ലാ മുന്‍നിര പത്രമാധ്യമങ്ങളിലും, വെണ്ടക്കാ അക്ഷരത്തില്‍, ഈ വാര്‍ത്ത‍ ഒന്നാം പേജില്‍ തന്നെ കൊടുത്തു എന്നതു തന്നെ. എല്ലാ മാധ്യമങ്ങള്‍ ഒരിക്കലും കള്ളം പറയില്ലല്ലോ. (മാധ്യമ സിണ്ടികേറ്റ് എന്ന് മാത്രം പറയരുത്, അതൊക്കെ വെറും ചെങ്കൊടി ഏന്തി നടക്കുന്ന സഖാക്കളുടെ സ്ഥിരം പല്ലവി...)


തെളിവുകള്‍ വല്ലതും ഇനിയും വേണോ? വന്ന ആരോപണങ്ങള്‍ സഖാവ് നിഷേധിക്കുന്നുമില്ല. അദ്ധേഹത്തിന്റെ പരിഭവം,  ഇതു യു ഡി എഫ് വക രാഷ്ട്രീയ പകപോക്കലാണ് എന്ന് മാത്രം. ഇതൊക്കെ തന്നെയാ ബാലകൃഷ്ണ പിള്ളയും പണ്ടു പറഞ്ഞു നടന്നത്. അതുകൊണ്ടു നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ അച്ചുതാനന്തനെ എത്രയും വേഗം അറസ്റ്റ് ചെയ്തു, സെന്‍ട്രല്‍ ജയിലില്‍ അയക്കണം. വേണ്ടി വന്നാല്‍ ബാലകൃഷ്ണ പിള്ള കിടന്ന അതേ ജയില്‍ മുറിയില്‍ തന്നെ താമസ്സിപ്പിക്കണം. നമ്മുടെ വി എസ്, ആന്റണിയെ പോലെ ആദര്‍ശ ധീരന്‍ ആയതു കൊണ്ടു കേസിനോ കൂട്ടതിണോ പോകാന്‍ സാധ്യത കുറവാണ്. അദ്ദേഹം തെറ്റ് സമ്മതിച്ചു കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയും... ഇനി ഒരിക്കലും തിരെഞ്ഞെടുപ്പിലെക്കില്ല എന്ന് പറഞ്ഞു എം എല്‍ എ സ്ഥാനം രാജി വെച്ച് പോകും. പിറവം തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ജയിക്കാന്‍ പിന്നെ വേറെ മായജാലമൊന്നും കാട്ടേണ്ട കാര്യമില്ല.  പോസ്റ്റര്‍ ഒട്ടിക്കുന്ന ചെലവ് പോലും കളയാതെ പാട്ടും പാടി ജയിക്കും. അല്ലെങ്കില്‍ ജയിപ്പിക്കണം. എല്‍ ഡി എഫിന് കെട്ടിവെച്ച കാശ് കിട്ടുമോ എന്ന് മാത്രം നോക്കിയാല്‍ മതി. (പൊതുജനം പണി കൊടുക്കാതിരിക്കില്ല!)


വി എസിനെതിരെയുള്ള ആരോപണങ്ങളെ പറ്റി സി പി ഐ എം സെക്രട്ടറിയോടും, പ്രതിപക്ഷ ഉപനേതാവിനോടും ചില പത്രപ്രവര്‍ത്തകര്‍ ചോദിക്കയുണ്ടായി. അപ്പോള്‍ 'ഞാനൊന്നും അറിഞ്ഞില്ല രാമനാരായണ' എന്നോ മറ്റോ ഒരു പിറുപിറുപ്പ്‌  കേട്ട പോലെ തോന്നി. (അത്രയ്ക്ക് ഉറപ്പില്ല). അല്ല! ലാവ്‌ലിന്‍ കേസില്‍ വി എസും പറഞ്ഞത് അതൊക്കെ തന്നെ. കൊടുത്താല്‍ കൊല്ലത്തും കിട്ടും!... അല്ലേ സഖാവെ?. പ്രതിപക്ഷ ഉപനേതാവിന് വി എസ് ഒഴിവായാല്‍ ഒരു സ്ഥാനക്കയറ്റം കിട്ടാന്‍ സാധ്യത ഉണ്ടല്ലോ. അതുകൊണ്ടു പുള്ളി മിണ്ടാത്തതിനെ ആരും കുറ്റം പറയരുത്, പരിഹസിക്കരുത്. പരിഹാസങ്ങള്‍ ഇടതു നേതാക്കള്‍ക്ക് അത്രയ്ക്ക് ദഹിക്കില്ല. അറിയാമല്ലോ?


ഇനി വി എസ് സഖാവിനെ അറസ്റ്റ് ചെയ്യാതെ, വെറുതെ പേരിനു കേസും നടത്തി, ഫയല്‍ എലെക്ഷന്‍ സമയത്ത് മാത്രം പൊടിതട്ടി നോക്കിയാല്‍, വി എസ്  അച്ചുതാനന്തനെ സ്നേഹിക്കുന്ന ഒരു കൂട്ടം കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍, പഞ്ച പുച്ഛം അടക്കി നോക്കി നില്കും എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? അങ്ങനെ തോന്നുന്നവര്‍ക്കു പിറവം എലെക്ഷന്‍ ഫലം  അറിയുന്ന വരെ കാത്തിരിക്കേണ്ടി വരും!  തീര്‍ച്ച.


വാല്‍: ഇടതു നേതാക്കളില്‍ ചിലര്‍ വി എസിനെ പിന്താങ്ങുന്നതിടെ, അടക്കത്തില്‍,  ഉള്ളില്‍ ചിരിക്കുന്നത് ആരെങ്കിലും കാണുന്നുണ്ടോ ആവോ? അതുപോലെ പിറവം തിരഞ്ഞെടുപ്പ് താമസിപ്പിച്ചതിന്റെ രഹസ്യം വലതുപക്ഷങ്ങള്‍ക്ക് മനസ്സിലായിക്കാണുമോ എന്തോ? 
          






06 ജനുവരി 2012

സച്ചിന്‍റെ നൂറാം സെഞ്ചുറിയും, നൂറു കോടി ജനങ്ങളുടെ കാത്തിരിപ്പും...

വെയിറ്റിംഗ് സിന്‍സ് ലോങ്ങ്‌ ടൈം 
1996 - ലെ ക്രിക്കെറ്റ് വേള്‍ഡ് കപ്പ്‌ നടക്കുന്ന സമയം.  ഷോറൂമുകളുടെ മുമ്പിലെ ചെറിയ ടി വിയില്‍ കാണിക്കുന്ന തല്‍സമയ പ്രക്ഷേപണം കാണുന്ന തിരക്കിനിടയില്‍ പുറകില്‍ നിന്നും മുഴങ്ങുന്ന ഒരു ചോദ്യമുണ്ടായിരുന്നു..
"സച്ചിന്‍  സെഞ്ചുറി  അടിച്ചോ?" - ഇപ്പൊ പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷവും അതേ ചോദ്യം തന്നെ ബാക്കി... (കേട്ടാ തോന്നും അങ്ങേരു കഴിഞ്ഞ ഇരുപതു വര്‍ഷമായി സെഞ്ചുറി ഒന്നും അടിചിട്ടില്ലെന്നു!)


നൂറു കോടി ജനം കക്ഷി സെഞ്ച്വറിയുടെ സെഞ്ച്വറി തികക്കുന്നത് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒന്‍പതു മാസം കഴിഞ്ഞു. അണ്‍സഹിക്കബിള്‍... ഒന്നെങ്കില്‍ പുള്ളി സെഞ്ച്വറി തികക്കണം, അല്ലെങ്കില്‍ കളി നിര്‍ത്തി വീട്ടി പോണം. അതും അല്ലെങ്കില്‍ മിനിമം ഇന്ത്യ കളി ജയിക്കുക എങ്കിലും വേണം.
അഞ്ചാം മന്ത്രി സ്ഥാനം കാത്തു മടുത്ത, ഒരു മുന്‍സഖാവ് മഞ്ഞള്‍ അലി, 'ഇനി നാട്ടിലേക്കില്ല' എന്ന് പറഞ്ഞു, പോയപോലെ ആസ്ത്രേലിയയില്‍  തന്നെ അങ്ങു തങ്ങിയാല്‍ മതി. സെഞ്ചുറി ഇല്ലാതെ ഇങ്ങോട്ട് വരണ്ട. ഹോ ഇങ്ങനെ പോയാല്‍ സച്ചിന് മുമ്പേ പെട്രോള്‍ സെഞ്ചുറി തികക്കാന്‍ സാദ്യത ഉണ്ടു.  യു പി യില്‍ തിരഞ്ഞെടുപ്പൊന്നു കഴിഞ്ഞോട്ടെ കാണിച്ചു തരാം... അല്ലേ നേതാക്കളെ? 


സച്ചിന്‍ സെഞ്ചുറി അടിച്ചാല്‍ ഒന്നുകില്‍ ടീമില്‍ മിനിമം രണ്ടു പേരു കൂടി സെഞ്ചുറി അടിക്കും എന്നിട്ട് കളി ജയിക്കും. അല്ലെങ്കില്‍ എല്ലാനും കൂടി പൂജ്യത്തിനു പുറത്തുപോകും, അങ്ങനെ കളി തോക്കും. എന്ത് പറഞ്ഞാലും നമ്മുടെ സച്ചിന്‍, ഒരു മാച്ച് വിന്നര്‍ ആണോ? ഒരിക്കലും അല്ല(എന്‍റെ നിരൂപണം അല്ല)... ഇങ്ങനെയുള്ള വയസ്സന്‍ കളിക്കാരാ ഒക്കെത്തിനും പ്രശ്നം, സച്ചിന്‍ വയസ്സ് 38 , ദ്രാവിഡ്‌ വയസ്സ് 37, ലക്ഷ്മണ്‍ വയസ്സ് 38 , ഇങ്ങനെ മധ്യവയസ്കരുടെ  പടയാ ടീമില്‍. പിന്നെങ്ങനെ കൊണം പിടിക്കാനാണ്? ചങ്കുറപ്പ് ഉള്ള നല്ല പുതിയ പിള്ളാരെ പറഞ്ഞു വിടാന്‍ ഉള്ളതിന്... ആരാ ഈ ടീം സെലെക്ടര്സ്... @#$&*^#%&()#... കളി കാണുന്ന ആര്‍ക്കും തോന്നിപ്പോവും.


കാര്യം കുറെ ഒക്കെ ശരി തന്നെ, ആസ്ത്രേലിയ കളിക്കാരില്‍  പതിനൊന്നില്‍ , എട്ടും മുപ്പതു വയസ്സില്‍ താഴെ, ഇന്ത്യന്‍ കളിക്കാരില്‍ പതിനൊന്നില്‍, എട്ടും മുപ്പതിന് മുകളില്‍... പിള്ളാരും വയസ്സന്മാരും തമ്മിലുള്ള കോല്‍കളി... ആര് ജയിക്കാനാ സാധ്യത? നിങ്ങള്‍ പറയൂ... (മനോരമയില്‍ ഇല്ല)


ഇങ്ങനെ എന്തൊക്കെ കണ്ടുപിടുത്തങ്ങള്‍ ആണ്... കളിക്കാരെ തെറി പറഞ്ഞു ചിലരുടെ നാവുളുക്കി...  പക്ഷെ കഴിഞ്ഞ കുറെ കളിയുടെ സ്കോര്‍ ബോര്‍ഡ്‌ നോക്കിയാല്‍ ഒരു കാര്യം മനസ്സിലാവും. 'സച്ചിനെ' പറ്റി മാത്രം മിണ്ടരുത്. ആസ്ത്രേലിയന്‍ പരിയടനത്തില്‍ കഴിഞ്ഞ രണ്ടു ടെസ്റ്റ്‌, ബാറ്റിംഗ് ആവറേജില്‍ സച്ചിനാണ് ഇന്ത്യന്‍ ടീമില്‍ ഏറ്റവും മുമ്പില്‍(57). അതിനു മുമ്പുള്ള ടെസ്റ്റുകളിലും സ്ഥിതി അങ്ങനെയൊക്കെ തന്നെ. ഉള്ളതില്‍ ചെറുപ്പക്കാരന്‍ കൊഹലി ബാറ്റ് ചെയ്യാന്‍ പഠിച്ചു വരുന്നതെ ഉള്ളൂ... കഷ്ടം! ( അവസാന ടെസ്റ്റ്‌ സ്കോര്‍സ് : 11 ,0 , 23 , 9....). പുരോഗതി ഉണ്ടു രണ്ടാം വട്ടം, പൂജ്യന്‍ അല്ല. പയ്യന്‍ അല്ലെ, പോട്ടെ എന്ന് വെക്കാം. പക്ഷെ കളി കണ്ടു കൂവുന്ന കാണികളെ വിരല്‍ പൊക്കികാണിക്കുന്നതൊക്കെ വളരെ മോശം ആണ്. പിന്നെ വേറൊരു ചെറുപ്പക്കാരന്‍ ഗംഭീര്‍ (വയസു 30), ആര്‍ക്കാനോ വേണ്ടി കളിക്കുന്ന പോലെ ഉണ്ടു. അടുത്ത് കല്യാണം കഴിഞ്ഞതിന്‍റെ ക്ഷീണമാവും. പാവം. ആരെങ്കിലും അല്പം ഗ്ലുക്കോസ്‌ കൊടുക്കണം ഉടനെ തന്നെ.


പത്രങ്ങളില്‍ സച്ചിനെ പറ്റി  പുതിയ വാര്‍ത്ത‍ കണ്ടു. സെഞ്ച്വറി ഒന്നും അല്ല. ഡല്‍ഹിയിലെ ഒരു നാറിയ വഴിക്കു (Chandni Chawk) സച്ചിന്റെ പേരിടാന്‍ പ്ലാന്‍! നല്ല കാര്യം ഇനി സച്ചിന്‍ സെഞ്ചുറി അടിച്ചു, മാന്‍ ഓഫ് ദി മാച്ച് ആയി എന്നൊക്കെ പത്രങ്ങളില്‍ വരുന്നതില്‍ കൂടുതല്‍, ഡല്‍ഹിയില്‍ സച്ചിന്‍ സ്ട്രീറ്റില്‍ പട്ടാപ്പകല്‍ മാനഭംഗം, കൊള്ള, കൊല എന്നൊക്കെ തലക്കെട്ട്‌ വരും, അപ്പൊ പിന്നെ സച്ചിന്‍റെ ന്യൂസ്‌ കാണാനുള്ള നമ്മുടെ ആര്‍ത്തിയും അങ്ങ് തീരും. അങ്ങേര്‍ക്കു വയസ്സ് കാലത്ത് മാനഹാനിക്കു ഒരുപാതിയും ആവും. ഭാരതരത്നം കിട്ടാഞ്ഞ സങ്കടത്തിനിടെ ഇങ്ങനെ ഒരു ചതി കൂടി വേണായിരുന്നോ ഈ പാവത്തിനോട്? ഹോ....


വാല്‍: chandni chawk-നു തല്‍കാലം സച്ചിന്‍റെ പേര് കൊടുക്കില്ല. കോര്‍പറേഷന്‍ തീരുമാനം ഡല്‍ഹി ഭരണകൂടം ഇടപെട്ടു തിരുത്തി... നല്ല കാര്യം. ഡല്‍ഹി ഭരണകൂടം അവിടെ തന്നെ ഉണ്ടല്ലേ? CWG ക്ക് ശേഷം ഇപ്പോഴാ ഒന്ന് ഉറക്കെ പറഞ്ഞു കേള്‍കുന്നത്‌... 
          






04 ജനുവരി 2012

ഞാറക്കല്‍ - ചൂണ്ട ഇടാന്‍ കൊച്ചിയില്‍ ഒരിടം!


പണ്ടു കുട്ടിക്കാലത്ത് നമ്മള്‍ ചൂണ്ട കൊണ്ടും,തോര്‍ത്തുമുണ്ട് പിടിച്ചും, കുളം കലക്കിയും ഒക്കെ മീന്‍ പിടിച്ചു നടന്നിരുന്ന ഒരു കാലം, ഇപ്പോള്‍ നമ്മുടെ മക്കള്‍ക്ക്‌ അന്യം. അവര്‍ മീന്‍കടയില്‍, ഐസ് പെട്ടിക്കിടയിലെ നാറുന്ന മീന് മാത്രം കാണാന്‍ വിധിക്കപ്പെട്ടവരാണ്. ദുബൈയിലും, സൗദിയിലും ജോലി ചെയ്തിരുന്ന കാലത്ത് കടല്‍ തീരത്ത് ഫിലിപിനോകള്‍ ചൂണ്ടയിടുന്നത് അസൂയയോടെ നോക്കി നിന്നിട്ടുണ്ട്.


അതുപോലെ നമ്മുടെ കൊച്ചി കായലില്‍ ചൂണ്ടമീന്‍ പിടിക്കാനുള്ള അവസരം കിട്ടിമോ എന്ന് പലതവണ ചിന്തിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും അത് പുതിയ ഒരനുഭവം തന്നെയാവും. ഉറപ്പ്!

പകലന്തിയോളം ഉള്ള നേരമ്പോക്കാണ്, വിനോദ സഞ്ചാരികള്‍ക്കായി ഞാറക്കലില്‍,  മത്സ്യ ഫെഡിന്റെ മില്‍കിവേ  അക്വാ  ടൂറിസം സെന്‍റെര്‍,  ഒരുക്കിയിരിക്കുന്നത്. രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ  നീളുന്ന ചൂണ്ടമീന്‍ പിടുത്തം, ബോട്ട് സവാരി, കരിമീന്‍, കൊഞ്ച്, കാക്ക ഇറച്ചി (ഏതെങ്കിലും ഒന്ന്) കൂട്ടി ഉച്ചഭക്ഷണം അടക്കം, വൈകുന്നേരം വരെ നമ്മളെ കാത്തിരിക്കുന്നത് കേരളത്തില്‍ മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത ഒരു സംഭവം തന്നെ! മീന്‍ പിടിക്കാനുള്ള ചൂണ്ടയും, ഇരയും ഒക്കെ അവിടെ തന്നെ നമ്മുക്ക് വാടകയ്ക്ക് കിട്ടും. ഏതായാലും പോയി പരീക്ഷിച്ചു നോക്കാന്‍ ഞങ്ങള്‍  തീരുമാനിച്ചു.
മത്സ്യ ഫെഡ് ബാംബൂ പാലം 

കൊച്ചി ഹൈകോടതി കവലയില്‍ നിന്നും ഗോശ്രീ പാലം വഴി നോര്‍ത്ത് പറവൂര്‍, മുനമ്പം, കൊടുങ്ങലൂര്‍ എന്നിവടങ്ങലേക്ക് പോകുന്ന ഏതെങ്കിലും ഒരു ബസ്സില്‍ കയറി, വളപ്പ് ജങ്ഷനില്‍ ഇറങ്ങി ഓട്ടോ പിടിച്ചു  ഞാറക്കല്‍ ഫിഷ്‌ ഫാമില്‍ എത്താം. കാറില്‍ പോകുമ്പോള്‍ ഗോശ്രീ പാലം കടന്നു, വലത്തേക്ക് വൈപിന്‍ റോഡിലേക്ക് തിരിഞ്ഞു പത്തു കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍, വളപ്പ്  ജങ്ഷന്‍ എത്തും. അവിടുന്ന് ഇടത്തേക്ക് രണ്ടു കിലോമീറ്റര്‍ കടപ്പുറം വഴിയില്‍ യാത്ര ചെയ്‌താല്‍ ഞാറക്കല്‍ ഫിഷ്‌ ഫാം ഇടതുവശത്ത് കാണാം. ചുറ്റും കായല്‍ പരപ്പ് മാത്രം... വണ്ടി പോകുന്ന വഴി ഇരുവശങ്ങളും കായല്‍ വെള്ളം, വണ്ടി വെള്ളത്തിലൂടെ കടന്നു പോകുന്ന പ്രതീതി!

വര്‍ഷത്തില്‍ 365 ദിവസവും ഫാം തുറന്നു പ്രവര്ത്തിക്കുമെങ്കിലും, നല്ല വേനലും  മഴക്കാലവും, പിന്നെ അവധി ദിവസങ്ങളും ഒഴിവാക്കുകയാണ് നല്ലത്. മുതിര്‍ന്നവര്‍ക്ക് 150 രൂപയും, കുട്ടികള്‍ക്ക് 75 രൂപയും വെച്ചു ഫാമിലേക്ക് കയറാനുള്ള ഫീസ്‌ കരുതണം. ഇതു പ്രവേശനത്തിന് മാത്രമല്ല ഒരു മണിക്കൂര്‍ ബോട്ട് സവാരി, ഉച്ചഭക്ഷണം എന്നിവക്കും കൂടിയുള്ളതാണ്. ഫീസ് കൊടുത്തു ഒരു ചെറിയ ഭംഗിയുള്ള ബാംബൂ പാലത്തിലൂടെ ഉള്ളില്‍ കയറിയ ഞങ്ങള്‍ ആദ്യമേ ബോട്ടിംഗ് തിരെഞ്ഞെടുത്തു. വെയില്‍ കൂടിയാല്‍ ബോട്ടിംഗ് അത്ര രസം ആവില്ല. ചെറിയ മൂന്നു പേര്‍ക്ക് കയറാവുന്ന പെഡല്‍ ബോട്ട്, അല്ലെങ്കില്‍ അഞ്ച് പേര്‍ക്ക് കയറാവുന്ന തുഴ ബോട്ട്, ഏതെങ്കിലും ഒന്ന് ഒരു മണിക്കൂര്‍ നേരം കാശ് കൊടുക്കാതെ ഉപയോഗിക്കാം. മോട്ടോര്‍ ബോട്ടിന് കൂടുതല്‍ കാശ് കൊടുക്കണം. 

കുട ചൂടിയും...
മോട്ടോര്‍ ബോട്ട് കയറ്റം ഞങ്ങള്‍ വൈകുന്നേരതെക്ക്  മാറ്റി, പെഡല്‍ ബോട്ടില്‍ കയറി. കായലിനു ആഴം നന്നെ കുറവാണ്, കുട്ടികളെ കൊണ്ട് കയറുന്നതിനു അത്ര കണ്ടു പേടിക്കേണ്ട. പക്ഷെ കുറച്ചു സൂക്ഷിക്കണം. കായല്‍ പരപ്പിനു നടുവില്‍ ചെറിയ തുരുത്തുകള്‍, ബോട്ട് ജെട്ടികള്‍, ചുറ്റും തല ഉയര്‍ത്തി നില്‍ക്കുന്ന കേരവൃക്ഷങ്ങള്‍, ഇടക്ക് വെയില്‍  കൂടുമ്പോള്‍  തല തണുപ്പിക്കാന്‍ പറ്റിയ നല്ല പച്ച കണ്ടല്‍ക്കാടുകള്‍...., ഇതൊക്കെ കണ്ടു തീര്‍ക്കാന്‍ ഒരു മണിക്കൂര്‍ പോര എന്ന് നമ്മുക്ക് തോന്നിപ്പോവും. 

ഫാമിലേക്ക് കയറുമ്പോള്‍ വലതു വശത്തായി കുറച്ചു കോണ്‍ക്രീറ്റ് ബെഞ്ചുകള്‍, കുറച്ചു പഴകിയ സ്ലീപിംഗ് നെറ്റ്, അല്പം തണലുമുണ്ട്. ചൂണ്ടയും ഇരയും മേടിച്ചു ഞങ്ങള്‍ ചൂണ്ട ഇടാന്‍ പോയി. കുറെ നേരം നോക്കിയിട്ടും ഒരു പരല്‍ മീനു പോലും കൊതിയില്ല. ഇര എല്ലാം ചെറു മീനുകള്‍ തിന്നു തീര്‍ക്കുന്നു. ചെറിയ മീനുകള്‍ക്ക് നല്ല ബുദ്ധി. വെള്ളത്തിനടിയില്‍ എല്‍ കെ ജി, യു കെ ജി ഒക്കെ ഉണ്ടാവും...ഞങ്ങള്‍ ചുറ്റും നോക്കി, മറ്റുള്ളവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഏതായാലും കുറെ വലിയ മീന്‍ കിട്ടണമെന്ന ആഗ്രഹം ഞങ്ങള്‍  അപ്പഴേ ഉപേക്ഷിച്ചു. 365 ദിവസവും നൂറു കണക്കിന് ആളുകള്‍ക്ക് പിടിക്കാനുള്ള കരിമീന്‍ അവിടെ ഉണ്ടാവാനും സാദ്യത കുറവ്.

ഞങ്ങളുടെ ക്യാച്ച് 
അങ്ങ് അകലെ ഒരു വിദ്വാന്‍ ഒന്നിന് പുറകെ ഒന്നായി മീന്‍ പിടിച്ചു കൂട്ടില്‍ നിറക്കുന്ന   കണ്ടാണ്‌ ഞങ്ങള്‍ അടുത്ത് ചെന്നത്. കുറച്ചു നേരം നോക്കി നിന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി. മീന്‍ പിടിക്കാന്‍ നല്ല ക്ഷമ വേണം. ചൂണ്ട ഇളക്കാന്‍ പാടില്ല. ചെറുമീനുകള്‍ ഇര തിന്നു തീര്‍ക്കും. വലിയ മീന്‍ കൊത്താന്‍ ക്ഷമയോടെ ചൂണ്ട ഇളക്കാതെ കാത്തിരിക്കണം. അങ്ങനെ നോക്കിയപ്പോള്‍ ഞങ്ങളുടെ ചൂണ്ടയിലും കരിമീന്‍ കുടുങ്ങി കുറച്ചെണ്ണം. അത് ആരും അറിയാതെ വണ്ടിക്കുള്ളില്‍ കൊണ്ടുപോയി വെച്ചു. (പിടിച്ച മീന്‍  കൊണ്ടുപോകാന്‍ കാശ് കൊടുക്കണം പോലും, വളരെ കുറഞ്ഞ വില കൊടുക്കാന്‍ മതി, പക്ഷെ കൊടുക്കാന്‍ തോന്നിയില്ല.) 

ഉച്ചഭക്ഷണത്തിന് സമയം ആയെന്നു വയര്‍ ഓര്‍മിപ്പിച്ചു... ഞങ്ങള്‍ പതുക്കെ കിട്ടുന്നിടത്തേക്ക് നടന്നു. അവിടെ ചെന്നപ്പോള്‍ നല്ല തിരക്ക്. കുറച്ചു കാത്തിരിക്കണം... അല്പം കഴിഞ്ഞു, കിട്ടിയ മീന്‍ കറിയും കൂട്ടി ചോറ് ഒറ്റ വായ്ക്കകത്താക്കി. രുചി അത്രയ്ക്ക് പോര, വൃത്തിയും! ഐസ്ക്രീമും കഴിച്ചു, മംഗളം പാടി അവസാനിപ്പിച്ചപ്പോള്‍ സമയം മൂന്ന് മണി. ഇനി ചൂണ്ട ഇടാനുള്ള സമയമില്ല. ഞങ്ങള്‍ മോട്ടോര്‍ ബോട്ടിംഗ് നടത്താന്‍ തീരുമാനിച്ചു. അതിനുള്ള കാശും കൊടുത്തു ബോട്ടില്‍ കയറി. അര മണിക്കൂര്‍ നേരം... അവിടുത്തെ ഏറ്റവും മനോഹരമായ എല്ലാ സ്പോട്ടുകളും, ബോട്ട് ഡ്രൈവര്‍ കാട്ടി തന്നു... പെഡല്‍ ബോട്ടില്‍ പലര്‍ക്കും ഒരുപക്ഷെ എല്ലായിടങ്ങളും   കാണാന്‍ സാധിക്കുകയില്ല. മോട്ടോര്‍ ബോട്ട് സവാരിയും കഴിഞ്ഞു കരയില്‍ വെറുതെ കോണ്‍ക്രീറ്റ് കസേരയില്‍ അല്‍പ നേരം ഇരുന്നു സൊറ പറഞ്ഞു സമയം കളഞ്ഞു... സമയം അഞ്ചു കഴിഞ്ഞു, പിന്നെ പതുക്കെ ഫാമില്‍ നിന്നും പുറത്തേക്ക്...

ഡൈനിങ്ങ്‌ ഹാള്‍ ഒരു ദൂരക്കാഴ്ച
ഫിഷ്‌ ഫാമില്‍ നിന്നും മുമ്പോട്ടു കുറച്ചു  ദൂരം നടന്നാല്‍ ബീച്ച് ആണ്.  മാലിപ്പുറം ബീച്ച്! ചെറായി പോലെ അത്ര സുന്ദരം അല്ലെങ്കിലും വലിയ തിരക്ക് ഇല്ല. സൂര്യാസ്തമനവും കണ്ടു തിരിച്ചു വീട്ടിലേക്കു, വണ്ടിയില്‍ കയറിയപ്പോള്‍ മനസ്സ് ഒന്ന് കുളിര്‍ത്ത പോലെ. ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലത്തേക്ക്  പോയി വന്ന അനുഭവം... ചൂണ്ട ഇടലും, മീന്‍ പിടുത്തവും, ഒക്കെ ഒന്ന് കൂടി ഓര്‍ത്തു...


ഇപ്പൊ ഫേസ് ബൂകിലൂടെയും, ഫോണിലൂടെയും ഒക്കെ പലരും ചൂണ്ട ഇടാറുണ്ട്. അത് ചൂണ്ട വേറെ! അതിന്‍റെ പ്രതിഫലങ്ങള്‍ പലപ്പോഴും പൊതിഞ്ഞ കൈതച്ചക്കകള്‍ ഒക്കെ ആയി മാറുന്നു എന്നതിന് ഇപ്പോഴത്തെ പത്രങ്ങള്‍ ആണ്  സാക്ഷി. അതിലൊന്നും അകപ്പെടാതെ നോക്കി നടന്നാല്‍ നമ്മുക്ക് കൊള്ളാം, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. അത്ര മാത്രം.... 
          






നല്ലെഴുതുകള്‍