30 ഡിസംബർ 2011

ന്യൂസ്‌ മേകേര്‍സ് (2011) - ഇതല്ലേ സത്യം!

കേരളത്തിലെ മനോരമ ന്യൂസ്‌ മേകേര്‍സ് (2011)   

പുതിയ വാര്‍ത്ത കൊണ്ടു കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ഒരു വര്ഷം ശ്രദ്ധിക്കപ്പെട്ട അല്ലെങ്കില്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിയാണ് അതതു വര്‍ഷത്തെ ന്യൂസ്‌ മേകെര്‍. കുപ്രസിദ്ധിയിലൂടെ ഇടം തേടിയവരാണ്  അതില്‍         ഏറെപ്പേരും എന്നത് നഗ്നയാദാര്‍ത്ഥ്യം. ഇതില്‍ നിന്നും എങ്ങനെയുള്ള വാര്‍ത്തകള്‍ കേരളത്തിലെ ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു എന്ന് കൃത്യമായി മനസ്സിലാക്കാം.


1 ) ബാലകൃഷ്ണ പിള്ള : ഒന്‍പതു തവണ കേരള നിയമ സഭയെ പ്രതിനിധീകരിച്ചും, ഒരു തവണ എം പി-യായും, നാല് തവണ സംസ്ഥാന മന്ത്രിയായും തന്‍റെ രാഷ്ട്രീയ പാടവം തെളിയിച്ച ബാലകൃഷണ പിള്ളയെ 2011 ഫെബ്രുവരി 10-നു അഴിമതി കേസില്‍, ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതി ഒരു വര്‍ഷത്തെ കഠിന തടവ്‌ ശിക്ഷിച്ചത് കേരളത്തിലെ പത്രങ്ങളില്‍ വലിയ തലക്കെട്ടുകള്‍ സൃഷ്ടിച്ചു.കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ളക്കു ,  യു ഡി എഫ് വമ്പന്‍ യാത്ര അയപ്പും (ജയിലിലേക്ക്) സങ്കടിപ്പിച്ചു. അങ്ങനെ ഫെബ്രുവരി 29-നു പിള്ള ജയിലില്‍ ആയി. അദ്ധേഹം നിരപരാധി ആയിരിക്കാം.

മാര്‍ച്ച് മാസത്തില്‍, ജയിലില്‍ നിന്നും നിയമ സഭ തിരെഞ്ഞെടുപ്പില്‍ നോമിനേഷന്‍ കൊടുക്കാനൊരുങ്ങിയപ്പോള്‍ ശ്രീ ഉമ്മന്‍ ചാണ്ടിയും ടീമും, അദ്ദേഹത്തെ ജയിലില്‍ പോയി കണ്ടു, കാലു പിടിച്ചു. അങ്ങനെ പിള്ള മത്സരത്തില്‍ നിന്നും പിന്‍മാറി. പക്ഷെ പ്രചാരണ വേളയില്‍ മുഴുവന്‍ സമയവും പിള്ള  വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. 

പിന്നീട് കമ്പി പാര, വാളകം, ഫോണ്‍ വിവാദം, ജയില്‍ മോചനം, സുപ്രീം കോടതി കേസ്, മകന്‍ ഗണേഷ് കുമാര്‍ എന്നിവയിലൂടെ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടിക്കൊണ്ടേ ഇരുന്നു. 2011 ലെ  ഏറ്റവും വാര്‍ത്ത‍ പ്രാധാന്യം നേടിയ വ്യക്തി ബാലകൃഷ്ണ പിള്ള തന്നെ. ഒരു സംശയവും വേണ്ട. നമ്പര്‍ ഒന്ന്.      





2 ) സന്തോഷ്‌ പണ്ഡിറ്റ്‌ : ഒന്നാം സ്ഥാനത്തിനു എന്തുകൊണ്ടും അര്‍ഹനാണ് സന്തോഷ്‌ പണ്ഡിറ്റ്‌. കാരണം പൂജ്യത്തില്‍ നിന്നും തുടങ്ങി, കേരളം മുഴുവന്‍ അറിയപ്പെടുന്ന, ഒറ്റയ്ക്ക് ബ്ലാക്ക്‌ കാറ്റ്സ്  ഇല്ലാതെ പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത  തരത്തില്‍ വളര്‍ന്ന(ചെരുപ്പും, ചീഞ്ഞ മുട്ട, തക്കാളി, തെറി), ആരാധകരുള്ള ഒരു വ്യക്തി സന്തോഷ്‌ പണ്ഡിറ്റ്‌ മാത്രം. എങ്കിലും സന്തോഷ്‌ പണ്ഡിറ്റ്‌ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്, 2011 അവസാനം, പണ്ടിറ്റിന്റെ ആദ്യ പടം "കൃഷ്ണനും രാധയും" സിനിമാകോട്ടകളില്‍ വന്നതിനു ശേഷമാണ്. പിന്നെ കേരളത്തിലെ കുഞ്ഞു കുട്ടികള്‍ക്ക് പോലും സുപരിചിതന്‍ ആയി പണ്ഡിറ്റ്‌.

കൃഷ്ണനും രാധയും കേരളത്തിലെ ചുരുക്കം തിയേറ്ററില്‍ ഒരു മാസത്തോളം നിറഞ്ഞു ഓടി. അത് കണ്ടു ചാനലുകള്‍  മത്സരിച്ചു മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തി. അതില്‍ ബുദ്ധിജീവികള്‍ (കാശ് മേടിച്ചു അഭിപ്രായം പറയുന്നവരും പെടും) പണ്ടിറ്റിനെ മനോരോഗി എന്ന് മുഖത്ത് നോക്കി ആക്ഷേപിച്ചു. ചില സിനിമാ രംഗത്തെ മഹാന്‍മാര്‍ (സ്വയം പുകഴ്ത്തുന്നവര്‍) "പണ്ഡിറ്റ്‌ സിനിമയെ" പഴയ ഷക്കീല തരംഗത്തോട് ഉപമിച്ചു. എന്തിനും ഏതിനും അസോസിയേഷന്‍ ഉണ്ടാക്കി പരസ്പരം ചെളി വാരിയെറിയുന്ന സിനിമ നിര്‍മാണ, അഭിനയ, കലാ പ്രതിഭകളോട് ഉള്ള  പൊതുജന അമര്‍ഷമാണ്‌ സന്തോഷ്‌ പണ്ഡിറ്റ്‌-ലൂടെ പുറത്തു വന്നത് എന്ന് അവര്‍ അറിയാതെ പോയി, അല്ലെങ്കില്‍ കണ്ടില്ല എന്ന് നടിച്ചു. 

എന്തൊക്കെ ആണെങ്കിലും പണ്ഡിറ്റ്‌, സിനിമ നിര്‍മാണം, അഭിനയം, സംവിധാനം, കൊല എന്നിവ തുടരുന്നു കൊണ്ടേ ഇരിക്കുന്നു. അടുത്ത സിനിമ ഒരു ഈച്ച പോലും കാണില്ല എന്ന് മാത്രം പറയാനുണ്ട്. എങ്കിലും ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസം വാര്‍ത്തകളില്‍, ചര്‍ച്ചകളില്‍ നിറഞ്ഞു നിന്ന സന്തോഷ്‌ പണ്ഡിറ്റ്‌ തന്നെ ന്യൂസ്‌ മേകെര്‍ 2.  കുപ്രസിദ്ധി നമ്പര്‍ രണ്ട്. മണം കൂടും.




3  ) എം വി ജയരാജന്‍   : പൊതുനിരത്തില്‍ സംഘം ചേരുകയോ, പൊതുപരിപാടികള്‍ നടത്തുന്നതോ നിരോധിച്ചു കൊണ്ട് ഒരു കേസ് തീര്‍പ്പാക്കിയ ഹൈകോടതിയെ നേര്‍ക്ക്‌ നേര്‍ വെല്ലുവിളിച്ചു, ശുംബന്‍ പ്രയോഗം നടത്തി, പാര്‍ട്ടിയിലെ ജയരാജന്മാര്‍ക്കിടയില്‍ അല്പം മേല്‍കൈ നേടാന്‍ എം വി ജയരാജന് കഴിഞ്ഞു. പക്ഷെ ജയരാജന്‍റെ ശുംബന്‍ വിളി കേട്ട് വിറ പൂണ്ട കോടതി സ്വയം കേസെടുത്തു, ജയരാജനെ പുഴു, കീടം എന്നൊക്കെ വിളിച്ചു വിലകളഞ്ഞു. ജാമ്യം പോലും അനുവദിക്കാതെ ആറ്‌ മാസത്തെ കഠിന തടവിനു ശിക്ഷിച്ചു (പിന്നീട് 'കഠിന വിധി' ഒഴിവാക്കി, എങ്കിലും വിധിച്ചത് വിധി തന്നെ).


കൊച്ചി മുതല്‍ തിരുവനതപുരം സെന്‍ട്രല്‍ ജയില്‍ വരെ, വഴി നീളെ ജയരാജനെ കമ്മ്യൂണിസ്റ്റ്‌ അനുഭാവികള്‍ പുഷ്പ വൃഷ്ടി നടത്തി, മുദ്രാവാക്യം വിളിച്ചു ജയിലിലേക്ക് ആനയിച്ചു. ഇത്ര താര പരിവേഷം കിട്ടിയ ഒരു നല്ല 'കുറ്റവാളിയും'   ഭഗത് സിംഗ് നു ശേഷം ഉണ്ടാവില്ല. പിന്നീട് ചര്‍ച്ചകള്‍ ആഴ്ചകളോളം പൊടിപൊടിച്ചു.




പിന്നീട് സുപ്രീം കോടതി ജയരാജന് ജാമ്യം അനുവതിച്ചു. ഒന്‍പതു ദിവസം അന്യായവിധി പ്രകാരം ജയിലില്‍ കിടന്ന ജയരാജന് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ അണികളുടെ വക വമ്പിച്ച സ്വീകരണം കൊടുത്തു. ജയിലില്‍ വച്ച് ഒന്‍പതു പുസ്തകം വായിച്ച ജയരാജന്‍, പഞ്ച പാവം ചമഞ്ഞു, ജനലക്ഷങ്ങളുടെ സ്നേഹവികാരതിന്‍ മുമ്പില്‍ വിതുമ്പി. ദയനീയമായ വിധി എങ്കിലും കുപ്രസിദ്ധി തന്നെ.  കുപ്രസിദ്ധി നമ്പര്‍ മൂന്ന്. ഗുണം കൂടും (നാടിനു)







4  ) പി ജെ ജോസഫ്‌  : കഴിഞ്ഞ രണ്ടു മാസം വാര്‍ത്തകളില്‍ നിറഞ്ഞു, കേരളത്തിലെ നേതാക്കള്‍ക്കും ഇംഗ്ലീഷ് വായ്മൊഴി അറിയാം എന്ന് ഇന്ത്യയിലെ മുഖ്യധാര പത്രപ്രവര്‍ത്തകര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിച്ച, മാസങ്ങളായി ഉറങ്ങാന്‍ പോലും കഴിയാത്ത നമ്മുടെ ജലസേചന മന്ത്രി പി ജെ ജോസഫ്‌, മുല്ലപ്പെരിയാര്‍ ഡാം വേണമെങ്കില്‍ ഞങ്ങള്‍ പൊട്ടിക്കും എന്ന് ഉറക്കെ പ്രക്യാപിച്ചു (ഉറപ്പുള്ള ഒരു മന്ത്രി എങ്കിലും, ഇവിടെ ഉണ്ടല്ലോ ഭാഗ്യം). മുല്ലപ്പെരിയാറില്‍ പുതിയ ഡാം ഉടന്‍ പണിയുമെന്നും, അതിനു വേണ്ടി മന്ത്രി സ്ഥാനം കളയാന്‍ കൂടി താന്‍ തയ്യാര്‍ എന്ന് വീമ്പു പറഞ്ഞു.


കേട്ട പാതി കേള്‍ക്കാത്ത പാതി, ചപ്പാത്തില്‍ ജനം ഇരച്ചെത്തി. ആള്‍ക്കൂട്ടം കണ്ടപ്പോള്‍ എല്ലാ പാര്‍ടി നേതാക്കളും ചപ്പാത്തില്‍ ഓടിയെത്തി, ഉപവാസവും തുടങ്ങി. ചപ്പാത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി നിരാഹാരം കിടന്ന നാട്ടുകാര്‍ അങ്ങനെ പേരുവഴിക്കായി. പക്ഷെ മുല്ലപ്പെരിയാര്‍ സമരം അങ്ങനെ ഒരു വലിയ സംഭവം തന്നെ ആയി. അതില്‍ പി ജെ ജോസഫ്‌ നടത്തിയ സംഭാവന പറഞ്ഞറിയിക്കാന്‍ സാധിക്കാത്തത് ആണ്.


ഇതൊക്കെ കേട്ട്  വിറ പൂണ്ട വൈകോ, കരുണാനിധി, വിജയകാന്ത്, ജയലളിത അവറുകള്‍   എല്ലാവരും ഒത്തു ചേര്‍ന്നു  തമിഴ് മക്കളെ രോക്ഷം കൊള്ളിച്ചു. അവര്‍ തന്ത്രങ്ങളുടെ തന്ത്രം പയറ്റി. തമിഴ്നാട്ടില്‍ മലയാളികള്‍ കൂട്ടത്തോടെ ഓടി രക്ഷപ്പെട്ടു. അവസാനം ചില രാഷ്ട്രീയ നേതാക്കള്‍ "എനിക്ക് തമിഴ്നാട്ടില്‍ ഭൂമി ഇല്ല" എന്ന് പറയേണ്ടി വന്നു. പക്ഷെ "ലേലു അല്ലു! ലേലു അല്ലു!" എന്നേ കേട്ടോള്ളൂ.


പാവം നമ്മുടെ മന്ത്രി, പറഞ്ഞതൊക്കെ പതുക്കെ വിഴുങ്ങി. പറയാത്തതിനു  പോലും പല വായി നോക്കികളുടെ അടുത്തുന്നും തെറി കേട്ടു. രാഷ്ട്രീയം എന്നത് ജന സേവ അല്ല അത് 'സേവ' മാത്രമാണെന്ന് അദ്ദേഹത്തിന് വൈകി 'ഭുത്തി' ഉദിച്ചു. അങ്ങനെ മുല്ലപ്പെരിയാര്‍ വെറും കഥയും, സിനിമയും ഒക്കെ ആയി.  ജനം പോയപ്പോ, നേതാക്കള്‍ എല്ലാം പെട്ടിയും കിടക്കയും എടുത്തു വീട്ടി പോയി. അങ്ങനെ ചപ്പാത്തില്‍ നാട്ടുകാര്‍ക്ക് നിരാഹാരം കിടക്കാന്‍ സ്ഥലം തിരിച്ചും കിട്ടി. ചെറിയ കുപ്രസിദ്ധി എങ്കിലും, പി ജെ ജോസെഫിനു നാലാം സ്ഥാനത്തിനു അര്‍ഹതയുണ്ട്. കുപ്രസിദ്ധി നമ്പര്‍ നാല്. ബഹു ഗുണം (നാടിനും നാട്ടാര്‍ക്കും)


-----------------
-----------------


ആരു ജയിക്കും ഈ നാല് പേരില്‍? ആരു ജയിക്കണം? പോസ്റ്റ്‌ ആസ് കമന്റ്സ്!



അഞ്ചും, ആറും  സ്ഥാനം കിട്ടി പുറത്തായവര്‍  റൗഫ്, പി സി ജോര്‍ജ്...
വിവരണം വേണ്ടല്ലോ!





26 ഡിസംബർ 2011

മലയാളിത്തരങ്ങള്‍

    
ഇങ്ങനെ നമ്മളെക്കുറിച്ച് തന്നെ എഴുതേണ്ടി വന്നതില്‍ എല്ലാ ഭൂലോക മലയാളികളും ക്ഷെമിക്കുമല്ലോ? പക്ഷെ എങ്ങനെ എഴുതാതിരിക്കും? കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഒരു പ്രധാന ഇംഗ്ലീഷ് ദിന പത്രത്തില്‍ വന്ന വ്യാജവാര്‍ത്ത‍ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചു. ബെര്‍ലിച്ചായന്‍ അതിനെതിരെ  ബ്ലോഗ്‌  എഴുതി ആഞ്ഞടിച്ചു. 500 തമിള്‍ സ്ത്രീകളെ കേരളത്തില്‍ കെട്ടിയിട്ടു പീഡിപ്പിച്ചു എന്നായിരുന്നു ആ വ്യാജവാര്‍ത്ത...  അത് വായിച്ച തമിള്‍ മക്കളുടെ ചോര തിളച്ചതും, പിന്നെ അവരു തമിഴ്നാട്ടിലെ മലയാളികളുടെ നേരെ കാണിച്ച പരാക്രമങ്ങള്‍ ഒക്കെയും നാം കുറെ കണ്ടു. കുറെ സഹിച്ചു.  ഇപ്പോഴും അതിന്‍റെ കെട്ടു വിട്ടിട്ടില്ല. 

ഇപ്പോള്‍ പുതിയ ഒരു വാര്‍ത്ത‍, പക്ഷെ    അത് വ്യാജമല്ല! പച്ചയായ യാഥാര്‍ത്ഥ്യം... ഇരിട്ടിയില്‍ ഒരു ബംഗാളി പെണ്‍കുട്ടിയെ നാലു പേര്‍ കെട്ടിയിട്ടു അതിക്രൂരമായി പീഡിപ്പിച്ചു, പൂര്‍ണ നഗ്നയാക്കി റോഡില്‍ ഉപേക്ഷിച്ചു.   പെണ്‍കുട്ടിയുടെ കൂടെ ഉണ്ടാരുന്ന ആങ്ങളയും മറ്റൊരു ബന്ധുവിനെയും നാട്ടുകാര്‍ നല്ല പോലെ കൈകാര്യം (സദാചാര ബോധം ) ചെയ്തു. ഇവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്ന സംശയമാണ് അവരെ നാട്ടുകാര്‍ മര്‍ദിക്കാന്‍ ഇടയാക്കിയത്. ഇതു ബംഗാളി പത്രങ്ങിളിലോ മറ്റോ വന്നാല്‍  തമിഴ് മക്കള്‍ മാത്രമല്ല ബംഗാളികളും കൂടി മലയാളികളെ ഉപരോധിക്കാന്‍ തുടങ്ങും. കല്‍കട്ടയിലെ മലയാളികള്‍ അവിടുന്ന് ജീവനും കൊണ്ട് ഓടേണ്ടി വരും.  പിന്നെ രാജ്യം മുഴുവന്‍ നമ്മുക്കെതിരെ തിരിയും. ഉറപ്പ്.... 

സ്വബോധം ഉള്ള ഏതെങ്കിലും ഒരു മനുഷ്യ ജീവിക്ക് ഇങ്ങിനെ നീചമായി  ചിന്തിക്കാന്‍ പോലും കഴിയുമോ? ഇവര്‍ എല്ലാവരും പൂര്‍ണ മദ്യലഹരിയില്‍ ആവാനേ സാദ്യത ഉള്ളൂ. പരിപൂര്‍ണ സാക്ഷരായ, പ്രബുദ്ധര്‍ എന്ന് അവകാശപ്പെടുന്ന നമ്മള്‍, നമ്മുടെ ഈ മാരകമായ മദ്യാസക്തിയെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടതും, അല്പം ചര്‍ച്ച ചെയ്യേണ്ടതുമാണ്. ഓരോ ആഘോഷ ദിനങ്ങള്‍ കഴിയുമ്പോളും നമ്മുടെ മദ്യ ഉപഭോഗ സൂചിക സര്‍വ റെക്കോര്‍ഡ്‌  കളും  തകര്‍ത്തു മുന്നേറുകയാണ്. മദ്യം കേരളീയരുടെ ഒരു സാര്‍വദേശീയ പാനീയം എന്ന രീതിയില്‍ വളര്‍ന്നു... പലപ്പോളും കുപ്പികളും, ബാറുകളും, അതിനെ സൂചിപ്പിക്കുന്നതുമൊക്കെ ആണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റിലെ ഷെയറുകളില്‍ ഏറ്റവും ചൂടപ്പം എന്നതും യാദാര്‍ത്ഥ്യം. വൈകിട്ടെന്താ പരിപാടി  എന്ന പരസ്യം, കേരളത്തിലെ കൊച്ചമ്മകളെയും കൂടി മദ്യ ഉപഭോഗത്തിലെ കണ്ണികള്‍ ആക്കി എന്ന് നമ്മള്‍ കരുതണം. അല്ലെങ്കില്‍ നാള്‍ക്  നാള്‍ ഉപഭോഗം എങ്ങിനെ ഇത്ര കണ്ടു കൂടും?

എല്ലാ മതങ്ങളും, മദ്യം സമൂഹത്തിന്‍റെ ഒരു  മാരക വിപത്താണ് എന്ന് പറയുമ്പോഴും, അവരില്‍ ചിലര്‍ മദ്യം തീരെ ഒഴിവാക്കണം എന്ന് പറയുന്നില്ല. പക്ഷെ മദ്യം   ഇപ്പോള്‍ കേരളീയരെ ആകെ കീഴടിക്കിയിരിക്കുന്നു, ജനങ്ങളെ മൊത്തമായി നിയന്ത്രിക്കുന്നു എന്നതാണ് സത്യം. ഇപ്പോള്‍ കേരള സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഏറ്റവും മാരകമായ വിപത്ത് ഇത് തന്നെയാണ്.   മദ്യം, മയക്കു മരുന്ന് എന്നിവയുടെ അമിത ഉപഭോഗത്തിന്  എതിരെ അല്പം പ്രചാരണം നമ്മളാല്‍ കഴിയുന്ന രീതിയില്‍ നമ്മുക്കും നടത്താം അല്ലെ?! എന്‍റെ എളിയ ബുദ്ധിയിലെ അഞ്ചു ചിന്ന കല്പനകള്‍ താഴെ...

1) മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഫോട്ടോയോ, പോസ്റ്റുകളോ, തമാശകളോ കഴിവതും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റില്‍ കൊടുക്കാതിരിക്കുക.

2) ഇത്തരം ഫോട്ടോയോ, പോസ്റ്റുകളോ, തമാശകളോ ലൈക്‌ ചെയ്യാതിരിക്കുക.

3) ഇവ ഒരു കാരണവശാലും ഷെയര്‍ ചെയ്യാതിരിക്കുക. (like never spreads, but share does).


4) മദ്യം ഉപേക്ഷിക്കാന്‍ വയ്യെങ്കില്‍, ഉപയോഗം അല്പാല്പം കുറയ്ക്കുക. മറ്റുള്ളവരുടെ മുമ്പില്‍ മദ്യം കഴിച്ചതിന്‍റെ അളവിനെ പറ്റി വീമ്പു വിടുന്നത്, വ്യത്യസ്ത വെള്ളമടി കൂട്ടുകെട്ടുകള്‍ എന്നിവ പരിപൂര്‍ണമായി ഉപേക്ഷിക്കുക.


5) മദ്യത്തിനെതിരെ  എന്‍റെ എളിയ പ്രയത്നം ഷെയര്‍ ചെയ്യുക. ലൈകും ചെയ്യാം.




വൈകിട്ടെന്താ പരിപാടി? ജസ്റ്റ്‌ ഈറ്റ്, റസ്റ്റ്‌ ആന്‍ഡ്‌ സ്ലീപ്‌ പീസ്‌ഫുളി! 

  



20 ഡിസംബർ 2011

ചെമ്പ്ര പീക്ക്: ഒരു വയനാടന്‍ കൊടുമുടി താണ്ടിയ വഴികള്‍...


2008 ഡിസംബര്‍ 6, ലക്‌ഷ്യം: ചെമ്പ്ര പീക്ക്, വയനാട് 



ചെമ്പ്ര പീക്ക് 
അന്ന് ശനിയാഴ്ച, സമയം രാവിലെ 7.30, വീട്ടില്‍ നിന്നും ഒരു കട്ടന്‍ ചായയും കുടിച്ചു ഞാന്‍ തിരക്ക് കൂട്ടി. വയനാടന്‍ ചുരം താണ്ടി മേപ്പാടി വരെ എത്താന്‍ എന്‍റെ മാരുതി-800 അത്ര കണ്ടു സുരക്ഷിതമായിരുന്നില്ല. എങ്കിലും പോവണം. ഓഫീസിലെ കൂട്ടുകാര്‍ 9.30 ക്ക്, മേപ്പാടിയില്‍ ചെമ്പ്ര കൊടുമുടിയുടെ താഴ്വരയില്‍ എത്താം  എന്ന് ഉറപ്പു തന്നിട്ടുണ്ട്. വയനാടന്‍ കൊടുമുടി, ചെമ്പ്ര കീഴടുക്കുക. അതാണ്‌ ലക്‌ഷ്യം .  


കോഴിക്കോട്ടു നിന്നും താമരശ്ശേരി ചുരം വഴി, വൈത്തിരിയും കഴിഞ്ഞു, ചുണ്ടേല്‍ എത്തുമ്പോള്‍ വലത്തേക്ക് തരിഞ്ഞു പോകുന്നതാണ് മേപ്പാടി. ചുണ്ടേല്‍ എത്തിയപ്പോള്‍ സമയം ഒന്‍പതു മണി കഴിഞ്ഞിരുന്നു.

ചുണ്ടേല്‍ സെന്‍റ് ജൂഡ് പള്ളി ഒരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്. പള്ളിയില്‍ കയറി അല്പം പ്രാര്‍ത്ഥിച്ചു. ഇവിടെ നിന്നും 12 കിലോമീറ്റര്‍ കഴിഞ്ഞാല്‍  മേപ്പാടി ടൌണ്‍ എത്തി. റോഡിനിരുവശങ്ങളിലും ഭംഗിയാര്‍ന്ന തേയിലതോട്ടങ്ങള്‍ ആണ്. പച്ചപരവതാനി വിരിച്ച പോലെ! ഡിസംബറിലെ തണുപ്പിനെ പറ്റി പറയണ്ടല്ലോ! കാറിന്‍റെ ചില്ലുകള്‍ എല്ലാം താഴ്ത്തി ഞാന്‍ പതുക്കെ വണ്ടി മുന്‍പോട്ടു ഓടിച്ചു. തണുത്ത കാറ്റ് മനസ്സില്‍ പഴയ ഓര്‍മകളെ ഉണര്‍ത്തി. കുറച്ചു നേരം കഴിഞ്ഞു റോഡോരത്ത് കാറ് നിര്‍ത്തി, ഒന്ന് പുറത്തേക്കിറങ്ങി. നോക്കെത്താ ദൂരത്തു തേയിലത്തോട്ടങ്ങള്‍ മാത്രം ഒരു മനുഷ്യനെ പോലും കാണുന്നില്ല. വഴി തെറ്റിയോ ആവോ? 

കൂട്ടുകാരെ ഒന്ന് വിളിച്ചേക്കാം. ഞാന്‍ കരുതി... എല്ലാം എണീറ്റ്‌ വരുന്നേ ഉള്ളൂ. എപ്പോ ഒരുങ്ങി വരാനാ ഇവറ്റകള്‍?  വെയില്‍ ആകുന്നതിനു മുമ്പേ മല കയറുന്നതാണ് എപ്പോഴും നല്ലത്. അതും വെറും വയറ്റില്‍. അത് ഏതായാലും  ഇനി നടക്കും എന്ന് തോന്നുന്നില്ല. നല്ല വിശപ്പ്‌, ഞാന്‍ തെയിലതോട്ടങ്ങള്‍ക്കിടയിലൂടെ ഒരു ഹോട്ടല്‍ അന്വേഷിച്ചു. ഒന്നും കണ്ടില്ല. 

"ഇനി മേപ്പാടി ചെന്നാലേ എന്തെങ്കിലും കിട്ടൂ" തേയില നുള്ളുന്ന ചേച്ചിമാര്‍ പറഞ്ഞു തന്നു. "താങ്ക്സ്"  മനസ്സിലായോ എന്തോ? ഞാന്‍ വണ്ടിയില്‍ കയറി മേപ്പാടിയിലേക്ക് പതുക്കെ വിട്ടു. ഏതായാലും ഇനി  കൂട്ടുകാരോപ്പം ഭക്ഷണം കഴിക്കാം. അവര്‍ എന്തെങ്കിലും കരുതുമായിരിക്കും.

വനം വകുപ്പ് പോയിന്റ്‌
മേപ്പാടി ടൌണില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെ  ചെമ്പ്ര പീക്ക് അടിവാരം. അവിടെ വരെ വണ്ടി, ഓടിച്ചു കോണ്ടു പോകാം.  സമുദ്ര നിരപ്പില്‍ നിന്നും 2100 മീറ്റര്‍ (6900 അടി) ഉയരത്തില്‍ ചെമ്പ്ര കൊടുമുടി തൊട്ടടുത്ത്‌!  എന്‍റെ ഹൃദയമിടിപ്പ്‌ അല്പം കൂടി. മലയുടെ മുകള്‍ പരപ്പ് മഞ്ഞു മൂടപ്പെട്ടിരിക്കുന്നു.ഹോ അവരണനീയം ആ ഭംഗി!     വനം വകുപ്പിന്‍റെ വനസംരക്ഷണ സമിതിയില്‍ നിന്നും ട്രെക്കിംഗ് നടത്താന്‍ ഒരാള്‍ക്ക്‌ അമ്പതു രൂപ നിരക്കില്‍ പാസ്‌ എടുത്തു. 

അവര് തന്നെ ഒരു സഹായിയെ (ഗൈഡ്) വഴി കാണിക്കാനായി ഞങ്ങളുടെ കൂടെ അയച്ചു. ഇത്രയും ആയപ്പോള്‍ അല്പം ആശ്വാസം ആയി. ഒരാള്‍ കൂടെയുണ്ടല്ലോ.  

കൊച്ചിയില്‍ ഞങ്ങളുടെ കമ്പനിയിലെ ജോലിക്കാര്‍ 10-12 പേര്‍, അതില്‍  ഒരാള്‍ വയനാട്ടുകാരന്‍. അവന്‍റെ 4 വയനാടന്‍ സുഹൃത്തുക്കള്‍. എത്രയും ചേര്‍ന്ന ഒരു ചെറിയ സംഘം. എല്ലാവരും അടിവാരത്ത് ഒത്തുകൂടി. ചിലര്‍ ഏതോ ചെറിയ മല കേറാന്‍ എന്ന തരത്തില്‍ ഇറുകിയ ജീന്‍സും ഇട്ടു എത്തിയിരിക്കുന്നു. എല്ലാവരും ഷൂ പോലും ഇട്ടിട്ടില്ല. എനിക്ക് അല്പം ദേഷ്യം വന്നു.  മറ്റു ചിലര്‍ക്ക് ആവട്ടെ ഇത് വെറും ഒരു നേരംപോക്ക്. അവര്‍ വെറുതെ തേയില നുള്ളുന്ന ചേച്ചിമാരോട് കഥയും പറഞ്ഞു താഴെ തന്നെ ഇരുന്നു.

"2.5 മണിക്കൂര്‍ എടുക്കും മുകളില്‍ എത്താന്‍, താഴെ ഇറങ്ങാന്‍ എളുപ്പമാണ്" ഞങ്ങളുടെ ഗൈഡ് ഷമീര്‍ എല്ലാവരോടും കൂടി പറഞ്ഞു. ഞങ്ങള്‍ കയറാന്‍ തുടങ്ങിയപ്പോള്‍ നട്ടുച്ച. സൂര്യന്‍ തലയ്ക്കു മുകളില്‍ തന്നെ ഉണ്ടു. തണുപ്പ് കുറഞ്ഞു തുടങ്ങി. എന്തൊക്കെയോ തിന്നു, കുടിച്ചു എന്ന് വരുത്തി ഞങ്ങള്‍ ഉഷാറായി.  താമസിച്ചാല്‍ ഇരുട്ടാവും. പിന്നെ കയറാന്‍ പറ്റില്ല. ഇറങ്ങാനും . ഞങ്ങള്‍ പതുക്കെ അടിവാരത്തെക്ക്. തുടക്കം ചെറിയ കുന്നുകള്‍. പിന്നെ കുത്തനെ കയറ്റം. ഞങ്ങള്‍ നല്ല സ്പീഡില്‍ ആണ് കേറി തുടങ്ങിയത്.   ചിലര്‍ നൂറു മീറ്റര്‍ കഴിഞ്ഞപ്പോഴേ സുല്ലിട്ടു. അങ്ങിനെ വിടാന്‍ പറ്റുമോ? ഞങ്ങള്‍ ഒരുവിധം    സ്പീഡില്‍ തന്നെ കയറ്റം തുടര്‍ന്നു. ആവേശം അത്ര നല്ലതല്ല, പതുക്കെ കേറുന്നതാണ് ബുദ്ധി. ഞങ്ങള്‍ക്ക് പിന്നീട് മനസ്സിലായി.കുറച്ചു കഴിഞ്ഞു, കാട്ടു നടപ്പാതയില്‍ കല്ലുകളും, മരങ്ങളുടെ വേരുകളും നിറഞ്ഞു നടക്കുവാന്‍ നല്ല വിഷമം. 


കാലു വഴുതിയ സ്ഥലം
പാറക്കെട്ടുകള്‍ക്കിടയില്‍ ചെറിയ നീരുറവകള്‍. ചിലയിടങ്ങളില്‍ നല്ല കുത്തനെ കയറ്റം. പാറക്കെട്ടുകള്‍. പെട്ടന്ന് എന്‍റെ കാല്‍ ഒന്ന് വഴുതി, ആരോ ഉടനെ കടന്നു പിടിച്ചു. ഒരു വശം നല്ല കുഴി! എങ്ങാനും പോയാല്‍ ബാക്കി കിട്ടുമോ? ഞാന്‍ ഒന്ന് പേടിച്ചു. എല്ലാവരും സ്വല്പം കിടുങ്ങി. ഏതായാലും ശ്രദ്ദിച്ചു പതുക്കെ മുന്നോട്ടു നീങ്ങാന്‍ തന്നെ തീരുമാനിച്ചു. പിന്‍മാറാന്‍ പറ്റുമോ? മുകളിലെ ഹൃദയസരോവര്‍ അത്ര സുന്ദരമാണത്രേ! 


കഞ്ഞി വെള്ള സേവ
ക്ഷീണം മാറ്റാന്‍ ഞങ്ങള്‍ ആറിയ കഞ്ഞി വെള്ളം കരുതിയിരുന്നു. ഇടയ്ക്കു ഒരു ഉത്തേജനത്തിന് അത് മോന്തും. . പകുതി ദൂരം പിന്നിട്ടപ്പോള്‍ ഒരു ചെറിയ നിരപ്പ് എത്തി. കാടും മരങ്ങളും ഒന്നുമില്ല. വലിയ പുല്‍ചെടികള്‍ മാത്രം, ചെറിയ ചെറിയ ഉറവകളും കാണുന്നുണ്ടു. ഹൃദയസരോവര്‍ അടുത്തു എന്ന് ഞങ്ങള്‍ക്ക് തോന്നി. കുറച്ചുകൂടി നടന്നപ്പോള്‍ അതാ ഞങ്ങളുടെ മുമ്പില്‍ ഹൃദയാകൃതിയില്‍ തടാകം തെളിഞ്ഞു. ഇത്ര ഉയരത്തില്‍ ഒരിക്കലും വറ്റാത്ത ഒരു ശുദ്ധജല തടാകം! ഏതോ മുനി തപസ്സിരുന്ന തടാക കര പോലെ പരിശുദ്ദം. അതിന്‍റെ ഭംഗി വിവരണനാതീതമായിരുന്നു. ചുറ്റുമുള്ള പച്ചപ്പ്‌ വെള്ളത്തിനെ തലോടുന്ന പോലെ അനുഭൂതി.  മന്ദമാരുതന്‍ പോലും തടാകത്തില്‍   ഓളങ്ങള്‍ അലയടിപ്പിക്കുന്നു. കുറച്ചു നേരം ഞങ്ങള്‍ വെറുതെ നോക്കി നിന്നു...  



ഒരു വേനല്‍ക്കാലത്തും ഈ തടാകം വറ്റാറില്ലത്രെ  ! ഷമീര്‍ പറയുന്നത് ശരിയായിരിക്കും. വെള്ളത്തില്‍ തല ഞാന്‍ ഒന്ന് നനച്ചു. ചിലര്‍ നീന്താന്‍ തയ്യാറെടുത്തു. ആ ഉദ്യമം ഉടനെ ഉപേക്ഷിച്ചു. കുളത്തില്‍ നല്ല ചെളിയാണ്. ആദ്യം ഇറങ്ങിയവര്‍ നിരുല്‍സാഹപ്പെടുത്തി. എല്ലാവരും ഉടുപ്പും ഇട്ടു വീണ്ടും റെഡി. ഇനി കയറണോ വേണ്ടയോ? പലര്‍ക്കും സംശയം. മുകളിലേക്ക് നോക്കിയാല്‍ ഇനിയും ഉണ്ടു നല്ല ദൂരം. മൂന്നു മൊട്ടക്കുന്നുകള്‍ താണ്ടണം. ഏറ്റവും ഒടുവില്‍ കുത്തനെ കയറ്റം. അതിനും മുകളില്‍ കുറച്ചു പാറക്കൂട്ടങ്ങള്‍... പക്ഷെ നടവഴി പുല്ലിനിടയില്‍ തെളിഞ്ഞു കാണുന്നുണ്ട് അങ്ങു മുകളില്‍ വരെ.
ഹൃദയ സരോവര്‍
എങ്കിലും ചിലര്‍ക്ക് മുകളിലേക്ക് കയറാന്‍ അത്ര ധൈര്യം പോര! ഞങ്ങളുടെ ഉത്തേജന മരുന്ന് എല്ലാം തീര്‍ന്നിരുന്നു. കുറച്ചു പേര്‍ എന്തു തന്നെ ആയാലും  ബാക്കി കൂടി കയറാന്‍ തീരുമാനിച്ചു. കൂടെ വയനാട്ടിലെ നാല് കൂട്ടുകാര്‍, പിന്നെ ഗൈഡ് അങ്ങിനെ അഞ്ചു പേര്‍. കൊച്ചിയില്‍ നിന്നും വന്നവര്‍ എല്ലാവരും തിരിച്ചിറങ്ങി. "വേഗം കയറാം, ഇരുട്ടിയാല്‍ ഇറങ്ങാന്‍ ബുദ്ധിമുട്ടാവും" ഷമീര്‍ ഓര്‍മിപ്പിച്ചു. മുകലേക്ക് നോക്കിയപ്പോള്‍ അതാ ഒരു സായിപ്പ് ഒറ്റയ്ക്ക് ഇടിവെട്ട് പോലെ   വരുന്നു. അടുത്ത് വന്നപ്പോള്‍ വലിയ കൊടുമുടി കീഴടക്കിയ ക്ഷീണമൊന്നും അയാളുടെ മുഖത്ത് കണ്ടില്ല. സായിപ്പിനാവുമെങ്കില്‍ നമ്മുക്ക് പറ്റില്ലേ? ഞങ്ങളുടെ സ്പീഡ് ഒന്ന് കൂടി.

"how was the top? how far to the peak?" സായിപ്പു തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു. ഒന്നും മിണ്ടിയില്ല. ഓ ഇംഗ്ലീഷ് അറിയില്ലായിരിക്കും. ഞങ്ങള്‍ കരുതി.


ഞങ്ങള്‍ മൂന്നാമത്തെ മോട്ടക്കുന്നും കഴിഞ്ഞു പാറക്കൂട്ടങ്ങല്‍ക്കിടയിലൂടെ കൊടുമുടി പരപ്പില്‍ എത്തി... പാറകള്‍ക്കിടയിലൂടെ കയറാന്‍ അല്പം വിഷമം... എങ്കിലും കൊടുമുടി കീഴടക്കിയ സന്തോഷം എല്ലാവരിലും കണ്ടു. ഒരു ചെറിയ നിരപ്പ്. ഒരു വശത്ത് അങ്ങു ദൂരെ മേപ്പാടി അങ്ങാടി ഒരു പൊട്ടു പോലെ കാണാം. മറ്റു വശങ്ങളില്‍ അകലെ കൊടും കാട്. പക്ഷികളുടെയും, ചില കാട്ടുമൃഗങ്ങളുടെയും, പക്ഷികളുടെയും ശബ്ദം അങ്ങ് നിന്നും തെളിഞ്ഞു കേള്‍ക്കാം. അങ്ങു താഴെ, ദൂരെ ഒരു മരത്തില്‍ വലിയ അനക്കം കണ്ടു ഞങ്ങള്‍ നോക്കി... വല്ല പുലിയോ മറ്റോ ആണോ? ഒന്ന് ശങ്കിച്ചു. 


പീകില്‍ ഗൈഡ് ഷമീര്‍
"ഇനി നേരം കളയണ്ട ഇറങ്ങാം." ഷമീര്‍ എണീറ്റു മുമ്പേ നടന്നു. ഞാന്‍ ആയിരുന്നു ഏറ്റവും ഒടുവില്‍. അത്ര സുന്ദരമായ ആ സ്ഥലം വിട്ടു പോകാനുള്ള വിഷമം കൊണ്ടല്ല. കാലു വേദനിച്ചിട്ടു വയ്യ. താഴെ എത്തുന്നതിനു മുമ്പേ രണ്ടു മൂന്നു വട്ടം കൂട്ടുകാര്‍ എന്നെ വഴിയില്‍ കാത്തു നിന്നു. ഞാന്‍ പതുക്കെ കാട്ടില്‍  നിന്നും ഒരു ഉണങ്ങിയ വടി എടുത്തു കുത്തിപ്പിടിച്ചു താഴെ എത്തിയപ്പോള്‍ ഇരുട്ടി. സമയം ആറ് മണി കഴിഞ്ഞു. ഷമീറിനു ചെറിയ ടിപ്സും കൊടുത്തു ഞങ്ങള്‍ മേപ്പാടിയിലെ ഒരു തട്ടുകടയില്‍ ഒത്തുകൂടി... യാത്രയുടെ വിശേഷങ്ങള്‍ അയവിറക്കി. 

തരിച്ചു വീട്ടിലേക്കു പോകാന്‍, കാറില്‍ എന്‍റെ രണ്ടു കാലുകളും എടുത്തു കേറ്റേണ്ട വന്നു. എന്തോ അരയ്ക്കു താഴെ ഒന്നും ഇല്ലാത്ത പോലെ. അത്രയ്ക്ക് ക്ഷീണം ഉണ്ട്. കൂട്ടുകാര്‍ രാത്രി യാത്ര  നിരുല്‍സാഹപ്പെടുത്തി. എങ്കിലും ഞാന്‍ അധികം കേള്‍ക്കാന്‍ നിന്നില്ല. വീട്ടില്‍ എത്തിയപ്പോള്‍ സമയം രാത്രി പത്തു മണി. നല്ല ചൂട് വെള്ളത്തില്‍ ഒന്ന് കുളിച്ചു, അമ്മച്ചി തന്ന കഞ്ഞിയും പപ്പടവും കഴിച്ചു കിടന്നത് ഓര്‍മയില്ല. 

രാവിലെ ആറ് മണിക്ക് എണീറ്റ ഉടനെ രണ്ടു കാലും തൊട്ടുനോക്കി. ഭാഗ്യം അവിടെ തന്നെയുണ്ട്. ഒരു വേദനയും ഇല്ല. നല്ല ഉന്‍മേഷം! പല്ലും തേച്ചു, അടുത്ത കാര്യപരിപാടികളിലേക്ക്‌ തിരിയാന്‍ പിന്നെ അധികം നേരം വേണ്ടി വന്നില്ല.... 

ഹൃദയ സരോവര്‍ ഫ്രം പീക്ക്


   



19 ഡിസംബർ 2011

അറബിയും, ഒട്ടകവും, പി മാധവന്‍ നായരും... പിന്നെ കൊറേ മരുഭൂമി കഥകളും

കൃഷ്ണനും രാധയ്ക്കും ശേഷം കുറച്ചു വലിയ ഇടവേള കഴിഞ്ഞാണ് ഒരു സൂപ്പര്‍സ്റ്റാര്‍ പടം കേരളത്തില്‍ റിലീസ് ആയത്. ഓരോ മോഹന്‍ ലാല്‍ പടം കണ്ടു ഇറങ്ങുമ്പോഴും ഒരു പ്രതിജ്ഞ എടുക്കാറുണ്ട്. ഇനി മേലില്‍ മോഹന്‍ലാല്‍ പടം കാണില്ല. എന്ത് ചെയ്യാന്‍? ഒരു മോഹന്‍ ലാല്‍ ഫാന്‍ ആയി പോയില്ലേ!

കൊച്ചിയിലെ ഒബേരോണ്‍ മാള്ളില്‍ അത്യാവശ്യം എല്ലാ സീറ്റും ഫുള്‍ ആയിരുന്നു. എങ്ങിനെയോ ഇടയില്‍ ഒരു സീറ്റ്‌ കിട്ടി . ടിക്കറ്റ്‌ എടുത്തു, ഓടി എത്തിയപ്പോള്‍ സിനിമ തുടങ്ങിയിരുന്നു. മോഹലാല്‍ ലാലും, ലക്ഷ്മി രായ്യും ഉള്ള ഒരു സീന്‍... അതില്‍  ലക്ഷ്മി, ഒരു ദിര്‍ഹം നോട്ട് എടുത്തു തന്‍റെ ഫോണ്‍ നമ്പര്‍ എഴുതി ഏതോ കടയില്‍ കൊടുക്കുന്നു. അപ്പോഴേ കാര്യം മനസ്സിലായി. ആകെ മൊത്തം കോപ്പി ആണ്... ഇതിന്‍റെ ഡയറക്ടര്‍ പ്രിയദര്‍ശന്, ആറേഴു വര്ഷം ഹിന്ദിയില്‍ പോയി തിരിച്ചു വന്നപ്പോള്‍ മലയാളികള്‍ തമിഴ് സിനിമയും കാണാറുണ്ടു  എന്ന ബോധം പോലും ഇല്ലാതെ പോയി. കഷ്ടം! ഈ സിനിമയിലെ രണ്ടു പാട്ടില്‍ ഒന്ന്, ഒരു അറബിക് ഹിറ്റ്‌ പാട്ടിന്‍റെ ഈച്ച കോപ്പയിയാണെന്ന്, പാട്ടിനെ പറ്റി വിവരം ഇല്ലാത്തവര്‍ പറയും. പറഞ്ഞത് വേറാരുമല്ല മ്യൂസിക്‌ ഡയറക്ടര്‍ ശ്രീ എം ജി ശ്രീകുമാര്‍. ഓരോരുത്തര്‍ക്കും അറിയാവുന്ന പണി മാത്രം ചെയ്‌താല്‍ പോരെ സാറേ? (എന്നോട് പറയരുത്!)

ഇതിന്‍റെ ഒരു റിവ്യൂ എഴുതാമെന്ന് വെച്ചാല്‍ ഒന്നും ഓര്‍മ വരുന്നില്ല. വന്നാല്‍ തന്നെ അത് ചന്ദ്രലേഖയിലെ ആണോ?കാക്ക കുയില്‍ ആണോ? എന്നൊക്കെ സംശയം... 1985 ഇല്‍ ബോയിംഗ് ബോയിംഗ് എന്ന സിനിമയില്‍ തുടങ്ങിയതാണ്‌ ഈ ആള്‍മാറാട്ടകഥ! ഇപ്പൊ 2011 കഴിയാറായി. മോഹന്‍ലാലും മുകേഷും? അന്നും ഇന്നും! കഥ ഏകദേശം ഒരേപോലെ, ഒരേ ഒരു മാറ്റം മാത്രം, തമാശകള്‍ അത്ര കണ്ടു പണ്ടത്തെ പോലെ ഏക്കുന്നില്ല... പക്ഷെ സിനിമക്കോട്ടയില്‍ ചിരിയുടെ അലകള്‍ ഇടയ്ക്കിടെ കെട്ടു. പ്രത്യേഗിച്ച് കുട്ടികളുടെ... അവര്‍ കാക്കക്കുയില്‍, ചന്ദ്രലേഖ ഒന്നും കണ്ടിട്ടുണ്ടാവില്ല... അല്ലെങ്കില്‍ ഇത്തരം കോമഡികള്‍ കണ്ടാല്‍ ചിരിക്കാനല്ല തോന്നുക. കരഞ്ഞേനെ?


ഏതായാലും സിനിമക്ക് രണ്ടു പേരിട്ടത് നന്നായി. ഇനി ഒന്ന് പൊട്ടിയാല്‍ (അറബിയും, ഒട്ടകവും, പി മാധവന്‍ നായരും) ഒരു മരുഭൂമി കഥ എന്നാക്കാമല്ലോ? ഈ മലയാളികള്‍ക്ക് ഇതൊക്കെ മതി അല്ലെ ദര്‍ശന്‍? ഈ സിനിമക്ക് ചെലവ് ഏഴര കോടിയാണെത്രേ? പടത്തിന്റെ ചെലവ് പെരുപ്പിച്ചു കേള്‍പ്പിച്ചു ആളെ കൂട്ടാന്‍ നോക്കണ്ട. നല്ല പടം ആണെങ്കില്‍ മാത്രമേ ആള് കേറൂ. എത്രയോ നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച വെക്കാന്‍ കഴിവുള്ള മോഹന്‍ ലാലിനെ കൊണ്ട് ഇത്തരം വിഡ്ഢി വേഷം കെട്ടിച്ച പ്രിയദര്‍ശനെ മോഹന്‍ലാല്‍ ഫാന്‍സ്‌ കിട്ടിയാല്‍ ഒന്ന് കൊടുക്കണം എന്ന് മാത്രമേ പറയാന്‍ ഉള്ളൂ. എന്തൊക്കെ ആയാലും മോഹന്‍ലാലിന്‍റെ  ചൈനടൌണ്‍, റെഡ് ചില്ലീസ് എന്നിങ്ങനെ പല സിനിമകളെക്കാളും നല്ലത് എന്ന് ഇതിനെ പറയാം. അതിനു ഈ സിനിമ നല്ലതാണ് എന്ന് അര്‍ഥം ഇല്ല. നല്ലതും ചീത്തതും ആപേക്ഷികം മാത്രം. പക്ഷെ മൂന്നു മണിക്കൂര്‍ സിനിമയില്‍ പ്രേക്ഷകരെ അറിയിക്കാന്‍ ഒരു പുതിയ ആശയമോ, ഒരു നല്ല സന്ദേശമോ ഇല്ല എന്നത് വളരെ ഖേദകരം തന്നെ.



സിനിമയില്‍ മറ്റു അഭിനേതാക്കളില്‍ ഇന്നസന്‍റ്, സുരാജ്, നെടുമുടി വേണു, മാമുകോയ എന്നിവര്‍ക്കും വലിയ റോള്‍ ഇല്ലെങ്കിലും തെറ്റില്ലാത്ത പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചു. സുരാജിന്‍റെ കോമഡികള്‍ പലപ്പോഴും ആവര്‍ത്തനവിരസത ഉണ്ടാക്കുന്നു എന്ന് മാത്രം. എങ്കിലും സിനിമയില്‍ മുഴുവന്‍ നിറഞ്ഞു നിന്നത് ലാല്‍, മുകേഷ്, ഭാവന എന്നിവര്‍ തന്നെ. അഭിനയത്തിന്റെ കാര്യത്തില്‍ ലാലേട്ടനെ വെല്ലാന്‍ ആരുണ്ട്‌ നാട്ടില്‍.

സിനിമയുടെ അവസാനം മോഹന്‍ലാല്‍ എല്ലാവര്ക്കും പണം കൊടുത്തു വിടുന്ന ഒരു സീന്‍ ഉണ്ട്, ഈ പടം കണ്ടവര്‍ക്കും കൂടി അല്പം തന്നായിരുന്നെങ്കില്‍, ഇത് സഹിച്ചവര്‍ക്കും അല്പം സന്തോഷത്തോടെ വീടെത്താമായിരുന്നു. അല്ലെങ്കില്‍ പിന്നെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ സിനിമക്ക് ജനം സന്തോഷ്‌ പണ്ടിറ്റിനെ തന്നെ കാത്തിരിക്കും. ഇതിന്‍റെ ദേഷ്യം തീര്‍ക്കാന്‍...







15 ഡിസംബർ 2011

ചില ആശുപത്രി വിശേഷങ്ങള്‍

മനോരമ കട്ടിംഗ്   


പ്രൈവറ്റ് ഹോസ്പിറ്റല്‍ നടത്തിപ്പുകാര്‍ അടിയന്തിരമായി  യോഗം ചേര്‍ന്ന് തീരുമാനിച്ചതില്‍ പുറത്തു പറയാന്‍ പറ്റുന്നത് മാത്രമാണ് പത്രങ്ങളില്‍ വന്നത് (മുകളില്‍). നമ്മുടെ നാടിന്‍റെ യഥാര്‍ത്ഥ അവസ്ഥയുടെ   ഉത്തമ ഉദാഹരണമാണിത്. ഇവിടെ, മാസം 1000 മുതല്‍ 4000 രൂപ വരെ കിട്ടുന്ന നേര്സുമാര്‍ക്ക് അസോസിയേഷന്‍, യുണിയന്‍, വിശ്രമം എന്നിവയൊന്നും പാടില്ല! കോടിക്കണക്കിനു രൂപ പൊതുജനത്തില്‍ നിന്നും പിടുങ്ങുന്ന (പിഴിയുന്ന) ആശുപത്രികള്‍ക്ക് എന്തും ആവാം. കഷ്ടം!

നേര്സുമാര്‍ക്ക് മൂന്നു ഷിഫ്റ്റ്‌ നടപ്പാക്കും, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 2009 ലെ മിനിമം വേതനം കൊടുക്കാന്‍ പറ്റില്ല. 2000 ലെ വേണമെങ്കില്‍ കൊടുക്കാം. എന്തിനാ 2000 ലെ അക്കുന്നെ? 1947 ലെ കൊടുത്താല്‍ പോരായിരുന്നോ?  ഇത്ര മേല്‍ അധപ്പധിക്കുന്നത് പണത്തിനുവേണ്ടി ഉള്ള ആര്‍ത്തി വെളിച്ചത് കൊണ്ടുവരുന്ന പോലെ ഉള്ളതാണ്? നാണമുണ്ടോ ഹോസ്പിറ്റല്‍ നടത്തിപ്പുകാരെ... ബില്‍ അടിച്ചില്ലേല്‍ രോഗിയുടെ മൃതശരീരം പോലും വിറ്റ് കാശ് മേടിക്കാന്‍ മടിയില്ലാത്തവര്‍!

ഇനി മുതല്‍ രോഗികള്‍ ആശുപത്രികള്‍ സന്ദര്‍ശിക്കുമ്പോള്‍ 2000 ലെ ബില്‍ തുക കൊടുത്താല്‍ മതിയോ എന്നു കൂടി ജനങ്ങള്‍ക്ക്‌ അറിയാന്‍ ആഗ്രഹമുണ്ട്. ആശുപത്രിയില്‍ പോകുമ്പോള്‍ ഇതു നമ്മള്‍ ചോദിക്കണം.

ഇതെന്താ വെള്ളരിക്കാ പട്ടണമോ?

ഏഷ്യനെറ്റില്‍ അസോസിയേഷന്‍ യോഗത്തില്‍ ഒരു കൂട്ടം ആത്മീയ, പ്രേഷിത പ്രവര്‍ത്തകരുടെ വേഷം അണിഞ്ഞവരെയും കണ്ടു. അവരെ ആട്ടിന്‍ കുപ്പായം അണിഞ്ഞ ചെന്നായ എന്നേ പറയുവാന്‍ സാധിക്കൂ. ഇത്തരം മനുഷ്വത്വപരം അല്ലാത്ത തീരുമാനം എടുത്ത യോഗത്തില്‍ നിന്നും ബഹിഷ്കരിച്ചു, ഇറങ്ങി പോകേണ്ടവര്‍ അല്ലെ, ആതുര സേവകരെ, പ്രേഷിതപ്രവര്‍ത്തകരെ?

അത്രുര സേവന രംഗത്ത് പല ആശുപത്രികളും ജനോപകാരപ്രദമായി എത്രയോ നല്ല കാര്യങ്ങള്‍ ചെയ്യുന്നുട്. എന്നാല്‍ ചുരുക്കം ചിലര്‍ പണാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ ആണ്. നേര്സുമാരെ വെറും ആരും ചോദിക്കാനും പറയാനും ഇല്ലാത്തവര്‍ എന്ന് കരുതുന്നവര്‍ ആണ് മിക്കവരും! എന്നാല്‍ ഇത് വെറും തെറ്റിധാരണ മാത്രമാണ്. ലോകം ഇത്തരം അതിക്രമങ്ങള്‍ക്ക് എതിരെ ഉയര്‍ത്ത് എണീറ്റ്‌ കൊണ്ടിരിക്കുന്നു. ജാഗ്രത!

സുപ്രീം കോടതി പോലും നേര്സുമാര്‍ നേരിടുന്ന അതിക്രമങ്ങളെ അപലപിക്കുന്നു. എന്താ ആശുപത്രി നടത്തിപ്പുകാരെ കണ്ണില്ലേ? അതോ കണ്ടില്ല  എന്ന് നടിക്കുക ആണോ?

പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രി മുതലാളി അവിടുത്തെ നേര്സു സമരം ഒതുക്കാന്‍ വേണ്ടി ആശുപത്രി പൂട്ടും എന്ന് ഭീഷണി മുഴക്കിയിരിക്കുന്നു. ഇത് പൊതുജനങ്ങള്‍ക്കിടയില്‍ ആശുപത്രി മുതലാളിമാര്‍ക്കനുകൂലമായി ഒരു തരംഗം സൃഷ്ടിക്കാനാണ് എന്ന് പറയാതെ വയ്യ.

അഞ്ചും ആരും ലക്ഷം രൂപ പണയപ്പെടുത്തി, പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നും നേര്സിംഗ്, പഠിക്കേണ്ടി വരുന്ന കുട്ടികളെ കൊലക്ക് കൊടുക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെ തനിനിറം പൊതുജനങ്ങള്‍ മനസ്സില്ലാക്കണം. ജീവിക്കാന്‍ വേണ്ടി ഗുണ്ടകളോട് പോലും പൊരുതേണ്ടി വരുന്ന അവരുടെ കുഞ്ഞു ഹൃദയങ്ങളെ കണ്ടില്ല, എന്ന് നടിച്ചാലും നോവിക്കരുത്. അവരുടെ കൈകളിലേക്കാണ് നമ്മില്‍ പലരും പിറന്നു വീണത്‌ എന്ന് ഓര്‍ക്കണം. ജീവിതാവസാനം നമ്മെ ശുശ്രുഷിക്കേണ്ടതും ഇവര്‍ തന്നെ.

പണത്തിനു വേണ്ടി, ഏത് മാമ പണിയും ചെയ്യാന്‍ മടിയില്ലാത്ത ചില ആശുപത്രി ഉടമസ്ഥരും, ഒരു തവണ എങ്കിലും ഇതു ഓര്‍ക്കുക എന്നേ എനിക്ക് പറയാന്‍ ഉള്ളൂ....















 


  

14 ഡിസംബർ 2011

അണ്ണാ ഹസാരെയും കുറെ കൂതറപ്പിള്ളാരും...











മഹാത്മാവിനു ഒരു തുറന്ന കത്ത്,

അങ്ങേയുടെ പേര് മുതലാക്കി ഒരു അണ്ണന്‍, ഇവിടെ ലോകപാല്‍ ബില്‍ കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന നാടകം കാണുന്നില്ലേ? ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്നത് പാര്‍ലിമെന്റ്, പിന്നെ അതിലെ മെമ്പര്‍മാര്‍, ഏറ്റവും താഴെ സാധാരണ ജനങ്ങള്‍ ഇതൊക്കെ അങ്ങേക്ക് കൂടി അറിയാവുന്നതല്ലേ? പിന്നാണോ എട്ടും പൊട്ടും തിരിയാത്ത, അണ്ണാ ഹസരെയും പിന്നെ  കുറെ സോഫ്റ്റ്‌വെയര്‍ മന്ദന്മാരും ഇറങ്ങിയിരിക്കുന്നു, പഠിപ്പിക്കാന്‍! നാല്‍പതു ശതമാനം നല്ല ഗുണ്ടകളാ, തല്ലി ഒതുക്കികളയും എല്ലാറ്റിനെയും. അങ്ങ് പിന്നെ വടിയും എടുത്തു വന്നേക്കരുത്. പ്ലീസ്‌!

പാര്‍ലിമെന്റ് ഇന്നും ഇന്നലെയും ആണോ കാണാന്‍ തുടങ്ങിയത്? ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ അന്ന് മുതല്‍ അവിടെ ഇരിക്കാന്‍ തുടങ്ങിയതല്ലേ? പിന്നെയാണോ പഠിപ്പിക്കുന്നത്‌? ഇവിടുന്നു എണീറ്റ്‌ പോവാന്‍ മാത്രം പറയരുത്. വേറൊരു പണിയും അറിയില്ല. മാത്രമല്ല പഠിപ്പും വിദ്യാഭ്യാസവുമില്ല.

അമ്പതു ശതമാനം പേരും പത്താം ക്ലാസും ഗുസ്തിയും ആണെങ്കിലും, ബുദ്ധി ഇല്ലാത്തവര്‍ എന്ന്  മാത്രം വിളിക്കരുത്. 543 പേര് ചേര്‍ന്ന് അല്ലെ, നൂറു കോടി ജനങ്ങളെ എത്രയും നാളായി പറ്റിച്ചു കൊണ്ടിരിക്കുന്നത്. ലോകത്ത് എവിടെയെങ്കിലും ഇത് നടക്കുമോ?

ഇവിടെ ലോകപാല്‍ ഒന്നും അല്ല അത്യാവശ്യ നിയമം. ഇന്ത്യയിലെ ജനസംഖ്യ കഴിഞ്ഞ അറുപതു വര്‍ഷത്തില്‍ എത്രകണ്ട് കൂടി എന്ന് അറിയാമോ? അത്രയും തന്നെ ആളുകള്‍, കുടുംബങ്ങിളിലും കൂടുന്നുണ്ട്. അതുകൊണ്ട് 543  എന്ന പാര്‍ലിമെന്റ് സീറ്റ്‌ എന്നത് ഇരട്ടി എങ്കിലും ആക്കണം. രണ്ടു പിള്ളേര്‍ക്ക് അല്ലെങ്കില്‍ എങ്ങനെ ഒരു സീറ്റ്‌ കൊടുക്കും. ഇതൊക്കെയല്ലേ അത്യാവശ്യം ചര്‍ച്ചചെയ്യേണ്ട വിഷയം, രാഷ്ട്രപിതാവേ?

എല്ലാ സംസ്ഥാനങ്ങളും മൂന്നോ നാലോ കഷ്ണം ആക്കണം. കേരളം മൂന്നാക്കിയാല്‍ മാത്രമേ, നമ്മുടെ മുഖ്യമന്ത്രിയുടെ മൂന്നു പിള്ളാര്‍ക്കും തികയത്തോള്ളൂ.... ഇതൊക്കെ മനസ്സിലാക്കാന്‍ ഇവിടെയാരും ഇല്ലാ!!! ഇവര്‍ക്ക് വേണ്ടത് രാഷ്ട്രീക്കാരെ പിടിക്കാനുള്ള നിയമമാണ്! ജയിലില്‍ ഇടാന്‍? ഈ ജന്‍മത്തു അത് നടക്കും എന്ന് അങ്ങേക്ക് തോന്നുന്നുണ്ടോ? മണ്ടന്മാര്‍... വെറുതെ നടക്കത്തെ ഉള്ളൂ...

എത്ര കൊല്ലം രാഷ്ട്ര തന്ത്രം പഠിച്ചവരാ എന്ന് അറിയാമോ? മൂത്ത് നരച്ചു നടക്കാന്‍ വയ്യാണ്ടയാലും ഞങ്ങള്‍ അതൊന്നും മറക്കില്ല. നടക്കാന്‍ പറ്റാണ്ടായാല്‍ ഞങ്ങള്‍ ചക്ര കസേര വാങ്ങി ഉരുട്ടും. അതേ, രാഷ്ട്രം മുന്നോട്ടു നയിക്കാന്‍ അത്ര ബുദ്ധിമുട്ടോക്കെയോ ഒള്ളൂ എന്നും, അങ്ങേക്ക് അറിയാമല്ലോ?.

പിന്നെ കള്ളപ്പണം ഒരു നയാപൈസ പോലും ഒരു രാഷ്ട്രീയക്കാരന്റെ അടുത്തും ഇല്ല എന്നുള്ള പ്രമേയവും ഇന്നലെയല്ലേ പാര്‍ലിമെന്റില്‍ ഏകകണ്ടം പാസ്സാക്കിയത്. ഇനി അതില്‍ എന്തെങ്കിലും സംശയം ഉണ്ടോ? എവിടെ? സംശയം ഉണ്ടെങ്കില്‍ തന്നെ സ്വിസ് ബാങ്കില്‍ നിന്നും അതൊന്നും ഒരിക്കലും പുറത്തു വരാന്‍ പോണില്ലാ. ജൂലിയന്‍ അസ്സാഞ്ചും, ശിങ്കിടികളും ജയിലില്‍ ആയില്ലേ?

പുതിയ തലമുറക്കൊന്നും അതിന്റെ ഗ്വൌരവം ഇല്ല. വഷളന്‍മാര്‍! ഫേസ് ബുക്ക്‌ ട്വീട്ടെര്‍, എന്നൊക്കെ പറഞ്ഞു കളിക്കാന്‍ നോക്കുകയാ... ഇവന്മാരെ എങ്ങനെ നേരിടും? അങ്ങ് തന്നെ ഒന്ന് പറഞ്ഞു തരണം... ഏതായാലും പാര്‍ലിമെന്റിനു മുമ്പില്‍, അങ്ങയുടെ പ്രതിമക്കടുത്തു അര മണിക്കൂര്‍ ഉപവസിക്കാന്‍ ഞങ്ങള്‍ എല്ലാവരും കൂടി തീരുമാനിച്ചു. അത്രക്കൊക്കയെ ഞങ്ങളെ കൊണ്ട് പറ്റൂ.... അനുവാദം തന്നില്ലേലും അപമാനിക്കരുത്...


സ്നേഹപൂര്‍വ്വം

ഒരു പാവം രാഷ്ട്രീയക്കാരന്‍.



 

09 ഡിസംബർ 2011

ആതുരാലയങ്ങള്‍ അപായ മണി മുഴക്കുന്നു.


കല്‍കട്ടയിലെ ഒരു ചെറിയ ആശുപത്രിയില്‍ പുലര്‍ച്ച ഉണ്ടായ  തീപ്പിടുത്തത്തില്‍ 73 മരിക്കുകയും, വളരെ അധികം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരിക്കുന്നു. ആശുപത്രി ഉടമസ്ഥര്‍ ഒളിവിലാണ്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണത്രേ അപകട കാരണം. അത് ശരി ആണോ അല്ലെയോ എന്നത് അന്വേഷിക്കേണ്ട വിഷയമാണ്. എങ്കിലും നമ്മുടെ രാജ്യത്തെ ആതുരാലയങ്ങളുടെ ശോധനീയവസ്ഥ നമ്മള്‍ അറിഞ്ഞിരിക്കണം. കൊച്ചിയിലെ പല ബഹുനില ആശുപത്രികളിലും ഫയര്‍ എസ്കേപ് നടകള്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ പല നിലകളിലും പൂര്‍ണമായി അടച്ചു ലോക്ക് ചെയ്തു വെക്കും. ചിലയിടങ്ങളില്‍ പല വഴികളും ഡോക്ടര്‍മാര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ ഉള്ളതാണ്. കോറിഡോര്‍, നടകള്‍, വാതിലുകള്‍ എന്നിവ പലപ്പോളും ഉപയോഗിക്കുന്നവരെ കുഴപ്പത്തില്‍ ആക്കുന്നവയും ആണ്.


ആശുപത്രി കെട്ടിടങ്ങള്‍ ഉണ്ടാക്കിയതിനു ശേഷം പല വഴികളും സെക്യൂരിറ്റി കാരണം പറഞ്ഞു പൂര്‍ണമായി അടച്ചു തന്നെയിടുന്നു. രാത്രിയില്‍ തങ്ങുന്നവര്‍ക്ക് തല പുറത്തിടാനുള്ള അവകാശം പോലും പലയിടങ്ങളിലും ഇല്ല. ഇത്തരത്തില്‍ ഉള്ള നമ്മുടെ ആശുപത്രികളില്‍, കല്‍കട്ടയിലെ പോലെ അപകടങ്ങള്‍ ഉണ്ടായാല്‍ എത്ര ജീവിതങ്ങള്‍ പൊലിയും എന്നതിന് കണക്ക് എടുക്കല്‍ അല്പം ബുദ്ധിമുട്ട് തന്നെ. അപകടങ്ങള്‍ ഉണ്ടാവുന്നതിനു മുമ്പേ, അതിനെ തടയുവാനുള്ള മുന്‍കരുതല്‍ എടുക്കുന്നതില്‍, നമ്മള്‍ പണ്ടേ പുറകില്‍ ആണല്ലോ. പുതു ജീവന്‍ നല്‍കേണ്ട ആതുരാലയങ്ങള്‍ ഇങ്ങിനെ കൊലആലയങ്ങള്‍ ആവുന്നതാണ് ഏറ്റവും ഖേദകരം.

നമ്മുടെ ആശുപത്രികള്‍ എല്ലാം തന്നെ മതമേലധികാരികളുടെ കൈവശമാണ് എന്നതാണ് ആശുപത്രി സംസ്കാരം ഇത്രമേല്‍ അധപ്പധിക്കാനുള്ള കാരണം. അവര്‍ക്ക് നേരെ ഒരു ചെറു വിരല്‍ ചൂണ്ടാന്‍ പോലും ആര്‍ക്കും ഒരു അവകാശവും ഇല്ല. അതുകൊണ്ട് തന്നെയാണ് നമ്മുടെ നേഴ്സ് സമൂഹം ഇന്നും വളരെ തുച്ചമായ പ്രതിഫലം പറ്റി നമ്മുടെ സാക്ഷര കേരളത്തില്‍ അടിമപ്പണി എടുക്കേണ്ടി വരുന്നത്. ആശുപത്രിയുടെ സുരക്ഷാ കാര്യങ്ങളില്‍ മേലധികാരികളില്‍ നിന്നും പല വിട്ടുവീഴ്ചകളും  ഉണ്ടാകുന്നതും ഈ കാരണത്താല്‍ തന്നെ ആണ്. ചെറിയ വിട്ടുവീഴ്ചകള്‍ പിന്നീട് വലിയ ദുരന്തങ്ങള്‍ക്ക് വഴി തെളിക്കും എന്നതാണ് യാഥാര്‍ത്ഥ്യം. ഇതൊക്കെ ആയാലും രോഗികളില്‍ നിന്നും പിഴിയുന്നത് വന്‍ തുകകള്‍. അതിനു ഒരു പിശുക്കോ, ദാഷ്യന്യമോ ഇല്ല.

ഒരു ദുരന്തം ഉണ്ടാകുന്ന വരെ  ആരും ഇതൊന്നും അത്ര ഗ്വൌരവത്തില്‍ എടുക്കാനേ സാധ്യത ഇല്ല. ഒന്ന് മാത്രം നമ്മുക്ക് ചെയ്യാന്‍ സാധിക്കും. ഒന്നും സംഭവിക്കാതിരിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാം. പിന്നെ ആശുപത്രികളില്‍ കിടക്കേണ്ടി വന്നാല്‍ രെക്ഷപെടാനുള്ള വഴികള്‍ നേരത്തെ നോക്കി കണ്ടു വെക്കുക.

എന്തെങ്കിലും സംഭവിച്ചാല്‍ കിടക്കയും എടുത്തു ഓടുക. അത്ര മാത്രം.









05 ഡിസംബർ 2011

ഇടുക്കി ഡാമും, നമ്മുടെ ഫ്രീ വൈദ്യുതിയും


എ ജി ഹൈ കോടതിയില്‍ പറഞ്ഞതില്‍ തെറ്റൊന്നും ഇല്ലപോലും. പറയുന്നത് നമ്മുടെ മുഖ്യമന്ത്രി ആണ്. എ ജി എന്താണ് പറഞ്ഞത്? മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ വെള്ളം ഇടുക്കി ഡാം തടഞ്ഞു നിര്‍ത്തിക്കോളും, അത്ര തന്നെ. പക്ഷെ ഇടുക്കി ഡാമിലെ വെള്ളം നമ്മള്‍ കുറക്കണം. അല്ലെങ്കിലും ഈ വെള്ളം കൊണ്ട് ഉണ്ടാക്കുന്ന വൈദ്യുതി വെറും നഷ്ടമാണല്ലോ. ഇതുകൊണ്ട് നാടിനോ, സര്‍കാരിണോ, ഞങ്ങള്‍ക്കോ എന്ത് ഗുണം. അത് ഫ്രീ അല്ലെ. അപ്പൊ പിന്നെ അത് താഴേക്കു വെറുതെ ഒഴുക്കി കളയുക. എന്നിട്ട് നമ്മുക്ക് ഡീസല്‍, എല്‍ പി ജി, ആണവ വൈദ്യുതി നിലയങ്ങള്‍ ഉണ്ടാക്കാം. അപ്പൊ നാട്ടുകാരുടെ അടുത്ത് നിന്നും നല്ലപോലെ കാശ് പിരിക്കാം. പിന്നില്ലാതെ കാശില്ലാതെ വല്ലതും നടക്കുമോ? ഒരു ഇലെഷന്‍ നടത്താന്‍ എത്ര കാശു ചിലവുണ്ട്. ഇതൊക്കെ വോട്ടു ചെയ്യുന്ന സാധാരണ ജനങ്ങള്‍ക്ക്‌ അറിയാമോ?


പി ബി പറഞ്ഞത് കേള്‍ക്കാതെ, തന്‍റെ അഭിപ്രായം അറിയിച്ച വി എസിനെ ഒന്ന് നമിക്കാതെ വയ്യ. അല്ലെങ്കിലും ശിവദാസ മേനോന്‍ പറഞ്ഞപോലെ കമ്മ്യൂണിസ്റ്റ്‌കാര്‍ക്ക് പാര്‍ട്ടിയാണ് വലുത്, ജനങ്ങള്‍ അല്ലല്ലോ. 35 ലക്ഷം ജനങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയാലും പാര്‍ട്ടിക്ക് ഗുണമേ ഉണ്ടാവൂ, ദോഷമല്ല. അതില്‍ വല്ല എം എല്‍ എ യും പോയാല്‍, കേരളത്തില്‍ ഭരണവും കിട്ടാന്‍ സാധ്യത ഉണ്ട്. ഇതില്‍ ഏറ്റവും കൂടുതുല്‍ നഷ്ടം ഉണ്ടാവാന്‍ പോകുന്നത് മാണി സാറിനു തന്നെ എന്നത് കൊണ്ടു അങ്ങേരു അല്പം പിടിവാശിയില്‍ തന്നെ ആണ്. മന്ത്രിമാര്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സമരം ചെയ്യാനേ പാടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍, വേറെ എന്ത് വഴി എന്നത് കൂടി ജനങ്ങളെ അറിയിക്കുവാനുള്ള ബാധ്യത അദ്ദേഹത്തിന് ഉണ്ട്.

സമരത്തിലൂടെ ചെന്ന് എന്തിനെയും നിമിഷത്തിനകം പൊട്ടിച്ചു തവിടുപോടിയാക്കുന്ന വിദ്യ ബി ജെ പി ക്ക് ജന്മസിദ്ധമായി ഉള്ളതാണ്. അത് പേടിച്ചാണ് തലൈവി, സൈന്യത്തെ വിന്യസിക്കാന്‍ പറയുന്നത്. അമ്മയുടെ കൂടെ, ബദ്ധ ശത്രുക്കളായ ഡി എം കെയും, വൈകോ മഹാനും, മേറ്റെല്ലാ ചെറു പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഇവിടെ തമ്മിലടി തീര്‍ന്നിട്ട് വേണ്ടേ പുതിയ ഡാമിന് വേണ്ടി ഒന്ന് നിരാഹാരം കിടക്കാന്‍ പോലും. ആര് കിടക്കണം, ആരുടെ കൂടെ കിടക്കണം, എവിടെ കിടക്കണം, എത്ര ദിവസം കിടക്കണം എന്നിങ്ങനെ നീളുന്ന പ്രശ്നങ്ങള്‍ക്കിടയില്‍ തമിള്‍നാട് പ്രധാനമന്ത്രിയെയും കണ്ടു പ്രശ്നത്തിന് പരിഹാരവുമാക്കി. പ്രധാനമന്ത്രി    ഉടന്‍ തന്നെ പട്ടാളത്തെ അയക്കാന്‍ അന്തോണിചായനോട് പറയും. അപ്പൊ പിന്നെ എല്ലാം പൂര്‍ത്തിയാവും. 35 ലക്ഷം ജനങ്ങള്‍ക്ക്‌ അച്ചായന്‍റെ വക അന്ത്യോപചാരം.







  




03 ഡിസംബർ 2011

അരാഷ്ട്രീയ വാദം-എന്ന രാഷ്ട്രീയ ചിന്ത.

A signal where accidents are common!        
അരാഷ്ട്രീയ വാദികളെ ഒക്കെ അടിച്ചു തുടപോട്ടിക്കാന്‍ ആളില്ലപോലും. എന്ത് ചെയ്യാന്‍ ഇപ്പോള്‍ അടി വീഴുന്നത് രാഷ്ട്രീയക്കാരക്കാന്. ലോകത്താകമാനം പലവിധത്തില്‍ അധികാരകേന്ദ്രങ്ങളില്‍ എത്തിയവര്‍ക്കെല്ലാം അതില്‍ നിന്നും ഇറങ്ങി സാദാരണ മനുഷ്യനായി ജീവിക്കാന്‍ മടി ആണ്. ഇത് കമ്മ്യൂണിസത്തില്‍ ആയാലും, സോഷ്യലിസത്തില്‍ ആയാലും, അല്ല മതമേധാവിത്തത്തില്‍ ആയാലും ഒന്ന് തന്നെ. അധികാരത്തിന്റെ മണം അത്ര മത്തു പിടിപ്പിക്കുന്നതാണോ?   

നമ്മുടെ ഇടയില്‍ തന്നെ താന്‍ വോട്ടു ചെയ്തു വിജയിപ്പിച്ച നേതാക്കള്‍, എന്ത് പച്ചതെണ്ടിതരം കാണിച്ചാലും കീ ജയ് വിളിക്കുന്ന രാഷ്ട്രീയത്തോട്, എങ്ങിനെ നമ്മുക്ക് യോജിക്കാന്‍ കഴിയും. നമ്മുടെ ഒക്കെ അഭിമാനം പണയം വെച്ച് വേണമെങ്കില്‍ വിളിക്കാം. ഒരു തെറ്റും ഇല്ല. മക്കള്‍ രാഷ്ട്രീയവും അങ്ങികരിക്കാന്‍ ആത്മാഭിമാനം ഉള്ളവര്‍ക്ക് കഴിയുമോ? ഇതിലും ഭേദം പണ്ടത്തെ രാജഭരണം തന്നെ. 

എല്ലാ രാഷ്ട്രീയ പാര്‍ടികളിലും നല്ലവരും ചീത്തവരും ഉണ്ടു. എന്നാല്‍ നല്ലവരായ ആള്‍ക്കാര്‍  എല്ലാ പാര്‍ടിയില്‍ നിന്നും സൈഡ് ലൈന്‍ ചെയ്യപ്പെടുന്നു എന്നതാണ് ഈ ലോകത്തിന്‍റെ അപചയം. ഉദാഹരണത്തിന് വി എം സുധീരന്‍, വി എസ്‌ അച്ചുതാനന്ദന്‍ എന്നിവര്‍ പോലുള്ളവര്‍ അവരവരുടെ പാര്‍ട്ടികളില്‍ നോട്ടപ്പുള്ളികള്‍ ആണ്. ഓരോ പ്രദേശങ്ങളിലും നല്ലവരെ മാത്രമേ വിജയിപ്പിച്ചു വിടുകയുള്ളൂ എന്ന ഒരു തീരുമാനം അരാഷ്ട്രീയ വാദികള്‍ സ്വീകരിക്കണം. അപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നല്ലവരെ മാത്രം മുന്‍പന്തിയിലെക്ക് കൊണ്ടുവരാന്‍ ശ്രെമിക്കും. അങ്ങിനെ മാത്രമേ ഇപ്പോള്‍ നിലനില്‍ക്കുന്ന ഡെമോക്രസി സംവിധാനം വിജയിക്കുക ഉള്ളൂ. ജനങ്ങള്‍ അവര്‍ തിരഞ്ഞെടുത്ത ഭരണതികാരികളെ അടിക്കേണ്ടി വരുന്ന സാഹചര്യം ടെമോക്രസിയുടെ പരാജയത്തിന്റെ സൂചനയാണ്. 

നമ്മുടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പോലും കാലാകാലങ്ങളില്‍ പല രാഷ്ട്രീയ നേതാക്കളും തമിഴ്നാടു സര്‍കാരിന്‍റെ പണം പിടുങ്ങി, കേരളത്തിന്‌ വേണ്ടി മാമാ പണി ചെയ്യുന്നതായി കുമാരി ജയാമ്മ പറയുന്നു. ശെരി കാണാതിരിക്കില്ല. അല്ലെങ്കില്‍ പിന്നെ 100 വര്‍ഷമായ ഒരു ഡാമിന് 1970-ല്‍ 999 വര്ഷം കരാര്‍ പുതുക്കി കൊടുക്കുമായിരുന്നോ? ജയലളിത ഉറപ്പായും ഇതാരോക്കെ എന്നത് കേരളജനതക്ക് കാട്ടിക്കൊടുക്കണം. അല്ലെങ്കില്‍ കോടതിയില്‍ ഏതെങ്കിലും വകതിരിവ് ഉള്ള ഒരു മലയാളി അതിനും ഒരു കേസ് കൊടുക്കട്ടെ. എന്നിട്ട് വേണം അവന്മാരെ ഒക്കെ നടുറോട്ടില്‍ തുണി ഉരിഞ്ഞു നിര്‍ത്തി ചാണക വെള്ളം തളിച്ച് ഒന്ന്‍ ശുദ്ധികലശം ചെയ്യാന്‍.     
ഇത്തരത്തില്‍ ജനങ്ങള്‍ക്ക്‌ വേണ്ടി അല്ലാതെ സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി നാട് ഭരിക്കാന്‍ ഇറങ്ങി തിരിക്കുന്ന രാഷ്ട്രീയ വാദികള്‍, ജനങ്ങളുടെ ശരിക്കുള്ള മുഖം കാണുവാന്‍ പോകുന്നേ ഉള്ളൂ.    

അഴിമതിക്കെതിരായി കാഹളം മുഴക്കുന്നവര്‍ എല്ലാവരും നല്ലവര്‍ ആണെന്ന് അഭിപ്രായം പറയാന്‍ വയ്യ. പ്രതിപക്ഷ പാര്‍ടികള്‍ അവര്‍ക്ക് നഷ്ടപ്പെട്ട അവസരത്തെ ഓര്‍ത്തു കരയുന്നു. അവര്‍ അധികാരത്തില്‍ ഏറുമ്പോള്‍  ചക്കര കുടത്തില്‍ തന്നെ അവരും തല മുഴുവനായി ഇടുന്നു. കര്‍ണാടകയിലും, ഉത്തരകണ്ടിലും, ജാര്കണ്ടിലും ഇതൊക്കെ തന്നെയാണ് നടന്നത്. അഴിമതി കാര്യത്തില്‍ കേരളത്തില്‍, തമ്മില്‍ ഭേദം ഇടതു പക്ഷക്കാരാണ് എന്നത് പറയാതെ വയ്യ. അവരുടെ ജനസമ്മിതി, ജനഷേമപ്രവൃതികള്‍ എത്രമാത്രം നല്ലത് എന്നതിന് വിരുധാഭിപ്രായം ഉണ്ടാവാം.

 എന്തൊക്കെ ആയാലും ഈ ഭൂമിയില്‍ അസത്യം മാത്രമേ ജയിക്കുക ഉളളൂ എന്നാണ് തോന്നുന്നത്. നല്ലവനായ അബേലിനെ കൊന്നു ദുഷ്ടനായ കായേന്‍ ജയിച്ചപോലെ, തിന്മ മാത്രം വിജയം കാണും എന്നത് യാദാര്‍ത്ഥ്യം ആണ്. അതില്‍ ദുഖിച്ചിട്ടോ,    ലേഖനം എഴുതിയിട്ടോ കാര്യം ഇല്ല.

എങ്കിലും സത്യം ദൈവ സന്നിതിയില്‍ വിജയിക്കും. ഉറപ്പാണ്.





      








നല്ലെഴുതുകള്‍