19 ഡിസംബർ 2011

അറബിയും, ഒട്ടകവും, പി മാധവന്‍ നായരും... പിന്നെ കൊറേ മരുഭൂമി കഥകളും

കൃഷ്ണനും രാധയ്ക്കും ശേഷം കുറച്ചു വലിയ ഇടവേള കഴിഞ്ഞാണ് ഒരു സൂപ്പര്‍സ്റ്റാര്‍ പടം കേരളത്തില്‍ റിലീസ് ആയത്. ഓരോ മോഹന്‍ ലാല്‍ പടം കണ്ടു ഇറങ്ങുമ്പോഴും ഒരു പ്രതിജ്ഞ എടുക്കാറുണ്ട്. ഇനി മേലില്‍ മോഹന്‍ലാല്‍ പടം കാണില്ല. എന്ത് ചെയ്യാന്‍? ഒരു മോഹന്‍ ലാല്‍ ഫാന്‍ ആയി പോയില്ലേ!

കൊച്ചിയിലെ ഒബേരോണ്‍ മാള്ളില്‍ അത്യാവശ്യം എല്ലാ സീറ്റും ഫുള്‍ ആയിരുന്നു. എങ്ങിനെയോ ഇടയില്‍ ഒരു സീറ്റ്‌ കിട്ടി . ടിക്കറ്റ്‌ എടുത്തു, ഓടി എത്തിയപ്പോള്‍ സിനിമ തുടങ്ങിയിരുന്നു. മോഹലാല്‍ ലാലും, ലക്ഷ്മി രായ്യും ഉള്ള ഒരു സീന്‍... അതില്‍  ലക്ഷ്മി, ഒരു ദിര്‍ഹം നോട്ട് എടുത്തു തന്‍റെ ഫോണ്‍ നമ്പര്‍ എഴുതി ഏതോ കടയില്‍ കൊടുക്കുന്നു. അപ്പോഴേ കാര്യം മനസ്സിലായി. ആകെ മൊത്തം കോപ്പി ആണ്... ഇതിന്‍റെ ഡയറക്ടര്‍ പ്രിയദര്‍ശന്, ആറേഴു വര്ഷം ഹിന്ദിയില്‍ പോയി തിരിച്ചു വന്നപ്പോള്‍ മലയാളികള്‍ തമിഴ് സിനിമയും കാണാറുണ്ടു  എന്ന ബോധം പോലും ഇല്ലാതെ പോയി. കഷ്ടം! ഈ സിനിമയിലെ രണ്ടു പാട്ടില്‍ ഒന്ന്, ഒരു അറബിക് ഹിറ്റ്‌ പാട്ടിന്‍റെ ഈച്ച കോപ്പയിയാണെന്ന്, പാട്ടിനെ പറ്റി വിവരം ഇല്ലാത്തവര്‍ പറയും. പറഞ്ഞത് വേറാരുമല്ല മ്യൂസിക്‌ ഡയറക്ടര്‍ ശ്രീ എം ജി ശ്രീകുമാര്‍. ഓരോരുത്തര്‍ക്കും അറിയാവുന്ന പണി മാത്രം ചെയ്‌താല്‍ പോരെ സാറേ? (എന്നോട് പറയരുത്!)

ഇതിന്‍റെ ഒരു റിവ്യൂ എഴുതാമെന്ന് വെച്ചാല്‍ ഒന്നും ഓര്‍മ വരുന്നില്ല. വന്നാല്‍ തന്നെ അത് ചന്ദ്രലേഖയിലെ ആണോ?കാക്ക കുയില്‍ ആണോ? എന്നൊക്കെ സംശയം... 1985 ഇല്‍ ബോയിംഗ് ബോയിംഗ് എന്ന സിനിമയില്‍ തുടങ്ങിയതാണ്‌ ഈ ആള്‍മാറാട്ടകഥ! ഇപ്പൊ 2011 കഴിയാറായി. മോഹന്‍ലാലും മുകേഷും? അന്നും ഇന്നും! കഥ ഏകദേശം ഒരേപോലെ, ഒരേ ഒരു മാറ്റം മാത്രം, തമാശകള്‍ അത്ര കണ്ടു പണ്ടത്തെ പോലെ ഏക്കുന്നില്ല... പക്ഷെ സിനിമക്കോട്ടയില്‍ ചിരിയുടെ അലകള്‍ ഇടയ്ക്കിടെ കെട്ടു. പ്രത്യേഗിച്ച് കുട്ടികളുടെ... അവര്‍ കാക്കക്കുയില്‍, ചന്ദ്രലേഖ ഒന്നും കണ്ടിട്ടുണ്ടാവില്ല... അല്ലെങ്കില്‍ ഇത്തരം കോമഡികള്‍ കണ്ടാല്‍ ചിരിക്കാനല്ല തോന്നുക. കരഞ്ഞേനെ?


ഏതായാലും സിനിമക്ക് രണ്ടു പേരിട്ടത് നന്നായി. ഇനി ഒന്ന് പൊട്ടിയാല്‍ (അറബിയും, ഒട്ടകവും, പി മാധവന്‍ നായരും) ഒരു മരുഭൂമി കഥ എന്നാക്കാമല്ലോ? ഈ മലയാളികള്‍ക്ക് ഇതൊക്കെ മതി അല്ലെ ദര്‍ശന്‍? ഈ സിനിമക്ക് ചെലവ് ഏഴര കോടിയാണെത്രേ? പടത്തിന്റെ ചെലവ് പെരുപ്പിച്ചു കേള്‍പ്പിച്ചു ആളെ കൂട്ടാന്‍ നോക്കണ്ട. നല്ല പടം ആണെങ്കില്‍ മാത്രമേ ആള് കേറൂ. എത്രയോ നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച വെക്കാന്‍ കഴിവുള്ള മോഹന്‍ ലാലിനെ കൊണ്ട് ഇത്തരം വിഡ്ഢി വേഷം കെട്ടിച്ച പ്രിയദര്‍ശനെ മോഹന്‍ലാല്‍ ഫാന്‍സ്‌ കിട്ടിയാല്‍ ഒന്ന് കൊടുക്കണം എന്ന് മാത്രമേ പറയാന്‍ ഉള്ളൂ. എന്തൊക്കെ ആയാലും മോഹന്‍ലാലിന്‍റെ  ചൈനടൌണ്‍, റെഡ് ചില്ലീസ് എന്നിങ്ങനെ പല സിനിമകളെക്കാളും നല്ലത് എന്ന് ഇതിനെ പറയാം. അതിനു ഈ സിനിമ നല്ലതാണ് എന്ന് അര്‍ഥം ഇല്ല. നല്ലതും ചീത്തതും ആപേക്ഷികം മാത്രം. പക്ഷെ മൂന്നു മണിക്കൂര്‍ സിനിമയില്‍ പ്രേക്ഷകരെ അറിയിക്കാന്‍ ഒരു പുതിയ ആശയമോ, ഒരു നല്ല സന്ദേശമോ ഇല്ല എന്നത് വളരെ ഖേദകരം തന്നെ.



സിനിമയില്‍ മറ്റു അഭിനേതാക്കളില്‍ ഇന്നസന്‍റ്, സുരാജ്, നെടുമുടി വേണു, മാമുകോയ എന്നിവര്‍ക്കും വലിയ റോള്‍ ഇല്ലെങ്കിലും തെറ്റില്ലാത്ത പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചു. സുരാജിന്‍റെ കോമഡികള്‍ പലപ്പോഴും ആവര്‍ത്തനവിരസത ഉണ്ടാക്കുന്നു എന്ന് മാത്രം. എങ്കിലും സിനിമയില്‍ മുഴുവന്‍ നിറഞ്ഞു നിന്നത് ലാല്‍, മുകേഷ്, ഭാവന എന്നിവര്‍ തന്നെ. അഭിനയത്തിന്റെ കാര്യത്തില്‍ ലാലേട്ടനെ വെല്ലാന്‍ ആരുണ്ട്‌ നാട്ടില്‍.

സിനിമയുടെ അവസാനം മോഹന്‍ലാല്‍ എല്ലാവര്ക്കും പണം കൊടുത്തു വിടുന്ന ഒരു സീന്‍ ഉണ്ട്, ഈ പടം കണ്ടവര്‍ക്കും കൂടി അല്പം തന്നായിരുന്നെങ്കില്‍, ഇത് സഹിച്ചവര്‍ക്കും അല്പം സന്തോഷത്തോടെ വീടെത്താമായിരുന്നു. അല്ലെങ്കില്‍ പിന്നെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ സിനിമക്ക് ജനം സന്തോഷ്‌ പണ്ടിറ്റിനെ തന്നെ കാത്തിരിക്കും. ഇതിന്‍റെ ദേഷ്യം തീര്‍ക്കാന്‍...







നല്ലെഴുതുകള്‍