
മഹാത്മാവിനു ഒരു തുറന്ന കത്ത്,
അങ്ങേയുടെ പേര് മുതലാക്കി ഒരു അണ്ണന്‍, ഇവിടെ ലോകപാല്‍ ബില്‍ കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന നാടകം കാണുന്നില്ലേ? ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്നത് പാര്‍ലിമെന്റ്, പിന്നെ അതിലെ മെമ്പര്‍മാര്‍, ഏറ്റവും താഴെ സാധാരണ ജനങ്ങള്‍ ഇതൊക്കെ അങ്ങേക്ക് കൂടി അറിയാവുന്നതല്ലേ? പിന്നാണോ എട്ടും പൊട്ടും തിരിയാത്ത, അണ്ണാ ഹസരെയും പിന്നെ കുറെ സോഫ്റ്റ്‌വെയര്‍ മന്ദന്മാരും ഇറങ്ങിയിരിക്കുന്നു, പഠിപ്പിക്കാന്‍! നാല്‍പതു ശതമാനം നല്ല ഗുണ്ടകളാ, തല്ലി ഒതുക്കികളയും എല്ലാറ്റിനെയും. അങ്ങ് പിന്നെ വടിയും എടുത്തു വന്നേക്കരുത്. പ്ലീസ്!
പാര്‍ലിമെന്റ് ഇന്നും ഇന്നലെയും ആണോ കാണാന്‍ തുടങ്ങിയത്? ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ അന്ന് മുതല്‍ അവിടെ ഇരിക്കാന്‍ തുടങ്ങിയതല്ലേ? പിന്നെയാണോ പഠിപ്പിക്കുന്നത്? ഇവിടുന്നു എണീറ്റ് പോവാന്‍ മാത്രം പറയരുത്. വേറൊരു പണിയും അറിയില്ല. മാത്രമല്ല പഠിപ്പും വിദ്യാഭ്യാസവുമില്ല.
അമ്പതു ശതമാനം പേരും പത്താം ക്ലാസും ഗുസ്തിയും ആണെങ്കിലും, ബുദ്ധി ഇല്ലാത്തവര്‍ എന്ന് മാത്രം വിളിക്കരുത്. 543 പേര് ചേര്‍ന്ന് അല്ലെ, നൂറു കോടി ജനങ്ങളെ എത്രയും നാളായി പറ്റിച്ചു കൊണ്ടിരിക്കുന്നത്. ലോകത്ത് എവിടെയെങ്കിലും ഇത് നടക്കുമോ?
ഇവിടെ ലോകപാല്‍ ഒന്നും അല്ല അത്യാവശ്യ നിയമം. ഇന്ത്യയിലെ ജനസംഖ്യ കഴിഞ്ഞ അറുപതു വര്‍ഷത്തില്‍ എത്രകണ്ട് കൂടി എന്ന് അറിയാമോ? അത്രയും തന്നെ ആളുകള്‍, കുടുംബങ്ങിളിലും കൂടുന്നുണ്ട്. അതുകൊണ്ട് 543 എന്ന പാര്‍ലിമെന്റ് സീറ്റ് എന്നത് ഇരട്ടി എങ്കിലും ആക്കണം. രണ്ടു പിള്ളേര്‍ക്ക് അല്ലെങ്കില്‍ എങ്ങനെ ഒരു സീറ്റ് കൊടുക്കും. ഇതൊക്കെയല്ലേ അത്യാവശ്യം ചര്‍ച്ചചെയ്യേണ്ട വിഷയം, രാഷ്ട്രപിതാവേ?
എല്ലാ സംസ്ഥാനങ്ങളും മൂന്നോ നാലോ കഷ്ണം ആക്കണം. കേരളം മൂന്നാക്കിയാല്‍ മാത്രമേ, നമ്മുടെ മുഖ്യമന്ത്രിയുടെ മൂന്നു പിള്ളാര്‍ക്കും തികയത്തോള്ളൂ.... ഇതൊക്കെ മനസ്സിലാക്കാന്‍ ഇവിടെയാരും ഇല്ലാ!!! ഇവര്‍ക്ക് വേണ്ടത് രാഷ്ട്രീക്കാരെ പിടിക്കാനുള്ള നിയമമാണ്! ജയിലില്‍ ഇടാന്‍? ഈ ജന്‍മത്തു അത് നടക്കും എന്ന് അങ്ങേക്ക് തോന്നുന്നുണ്ടോ? മണ്ടന്മാര്‍... വെറുതെ നടക്കത്തെ ഉള്ളൂ...
എത്ര കൊല്ലം രാഷ്ട്ര തന്ത്രം പഠിച്ചവരാ എന്ന് അറിയാമോ? മൂത്ത് നരച്ചു നടക്കാന്‍ വയ്യാണ്ടയാലും ഞങ്ങള്‍ അതൊന്നും മറക്കില്ല. നടക്കാന്‍ പറ്റാണ്ടായാല്‍ ഞങ്ങള്‍ ചക്ര കസേര വാങ്ങി ഉരുട്ടും. അതേ, രാഷ്ട്രം മുന്നോട്ടു നയിക്കാന്‍ അത്ര ബുദ്ധിമുട്ടോക്കെയോ ഒള്ളൂ എന്നും, അങ്ങേക്ക് അറിയാമല്ലോ?.
പിന്നെ കള്ളപ്പണം ഒരു നയാപൈസ പോലും ഒരു രാഷ്ട്രീയക്കാരന്റെ അടുത്തും ഇല്ല എന്നുള്ള പ്രമേയവും ഇന്നലെയല്ലേ പാര്‍ലിമെന്റില്‍ ഏകകണ്ടം പാസ്സാക്കിയത്. ഇനി അതില്‍ എന്തെങ്കിലും സംശയം ഉണ്ടോ? എവിടെ? സംശയം ഉണ്ടെങ്കില്‍ തന്നെ സ്വിസ് ബാങ്കില്‍ നിന്നും അതൊന്നും ഒരിക്കലും പുറത്തു വരാന്‍ പോണില്ലാ. ജൂലിയന്‍ അസ്സാഞ്ചും, ശിങ്കിടികളും ജയിലില്‍ ആയില്ലേ?
പുതിയ തലമുറക്കൊന്നും അതിന്റെ ഗ്വൌരവം ഇല്ല. വഷളന്‍മാര്‍! ഫേസ് ബുക്ക് ട്വീട്ടെര്‍, എന്നൊക്കെ പറഞ്ഞു കളിക്കാന്‍ നോക്കുകയാ... ഇവന്മാരെ എങ്ങനെ നേരിടും? അങ്ങ് തന്നെ ഒന്ന് പറഞ്ഞു തരണം... ഏതായാലും പാര്‍ലിമെന്റിനു മുമ്പില്‍, അങ്ങയുടെ പ്രതിമക്കടുത്തു അര മണിക്കൂര്‍ ഉപവസിക്കാന്‍ ഞങ്ങള്‍ എല്ലാവരും കൂടി തീരുമാനിച്ചു. അത്രക്കൊക്കയെ ഞങ്ങളെ കൊണ്ട് പറ്റൂ.... അനുവാദം തന്നില്ലേലും അപമാനിക്കരുത്...
സ്നേഹപൂര്‍വ്വം
ഒരു പാവം രാഷ്ട്രീയക്കാരന്‍.