അതുപോലെ നമ്മുടെ കൊച്ചി കായലില്‍ ചൂണ്ടമീന്‍ പിടിക്കാനുള്ള അവസരം കിട്ടിമോ എന്ന് പലതവണ ചിന്തിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും അത് പുതിയ ഒരനുഭവം തന്നെയാവും. ഉറപ്പ്!
പകലന്തിയോളം ഉള്ള നേരമ്പോക്കാണ്, വിനോദ സഞ്ചാരികള്‍ക്കായി ഞാറക്കലില്‍, മത്സ്യ ഫെഡിന്റെ മില്‍കിവേ അക്വാ ടൂറിസം സെന്‍റെര്‍, ഒരുക്കിയിരിക്കുന്നത്. രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ നീളുന്ന ചൂണ്ടമീന്‍ പിടുത്തം, ബോട്ട് സവാരി, കരിമീന്‍, കൊഞ്ച്, കാക്ക ഇറച്ചി (ഏതെങ്കിലും ഒന്ന്) കൂട്ടി ഉച്ചഭക്ഷണം അടക്കം, വൈകുന്നേരം വരെ നമ്മളെ കാത്തിരിക്കുന്നത് കേരളത്തില്‍ മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത ഒരു സംഭവം തന്നെ! മീന്‍ പിടിക്കാനുള്ള ചൂണ്ടയും, ഇരയും ഒക്കെ അവിടെ തന്നെ നമ്മുക്ക് വാടകയ്ക്ക് കിട്ടും. ഏതായാലും പോയി പരീക്ഷിച്ചു നോക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
കൊച്ചി ഹൈകോടതി കവലയില്‍ നിന്നും ഗോശ്രീ പാലം വഴി നോര്‍ത്ത് പറവൂര്‍, മുനമ്പം, കൊടുങ്ങലൂര്‍ എന്നിവടങ്ങലേക്ക് പോകുന്ന ഏതെങ്കിലും ഒരു ബസ്സില്‍ കയറി, വളപ്പ് ജങ്ഷനില്‍ ഇറങ്ങി ഓട്ടോ പിടിച്ചു ഞാറക്കല്‍ ഫിഷ് ഫാമില്‍ എത്താം. കാറില്‍ പോകുമ്പോള്‍ ഗോശ്രീ പാലം കടന്നു, വലത്തേക്ക് വൈപിന്‍ റോഡിലേക്ക് തിരിഞ്ഞു പത്തു കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍, വളപ്പ്
ജങ്ഷന്‍ എത്തും. അവിടുന്ന് ഇടത്തേക്ക് രണ്ടു കിലോമീറ്റര്‍ കടപ്പുറം വഴിയില്‍ യാത്ര ചെയ്‌താല്‍ ഞാറക്കല്‍ ഫിഷ് ഫാം ഇടതുവശത്ത് കാണാം. ചുറ്റും കായല്‍ പരപ്പ് മാത്രം... വണ്ടി പോകുന്ന വഴി ഇരുവശങ്ങളും കായല്‍ വെള്ളം, വണ്ടി വെള്ളത്തിലൂടെ കടന്നു പോകുന്ന പ്രതീതി!
വര്‍ഷത്തില്‍ 365 ദിവസവും ഫാം തുറന്നു പ്രവര്ത്തിക്കുമെങ്കിലും, നല്ല വേനലും മഴക്കാലവും, പിന്നെ അവധി ദിവസങ്ങളും ഒഴിവാക്കുകയാണ് നല്ലത്. മുതിര്‍ന്നവര്‍ക്ക് 150 രൂപയും, കുട്ടികള്‍ക്ക് 75 രൂപയും വെച്ചു ഫാമിലേക്ക് കയറാനുള്ള ഫീസ് കരുതണം. ഇതു പ്രവേശനത്തിന് മാത്രമല്ല ഒരു മണിക്കൂര്‍ ബോട്ട് സവാരി, ഉച്ചഭക്ഷണം എന്നിവക്കും കൂടിയുള്ളതാണ്. ഫീസ് കൊടുത്തു ഒരു ചെറിയ ഭംഗിയുള്ള ബാംബൂ പാലത്തിലൂടെ ഉള്ളില്‍ കയറിയ ഞങ്ങള്‍ ആദ്യമേ ബോട്ടിംഗ് തിരെഞ്ഞെടുത്തു. വെയില്‍ കൂടിയാല്‍ ബോട്ടിംഗ് അത്ര രസം ആവില്ല. ചെറിയ മൂന്നു പേര്‍ക്ക് കയറാവുന്ന പെഡല്‍ ബോട്ട്, അല്ലെങ്കില്‍ അഞ്ച് പേര്‍ക്ക് കയറാവുന്ന തുഴ ബോട്ട്, ഏതെങ്കിലും ഒന്ന് ഒരു മണിക്കൂര്‍ നേരം കാശ് കൊടുക്കാതെ ഉപയോഗിക്കാം. മോട്ടോര്‍ ബോട്ടിന് കൂടുതല്‍ കാശ് കൊടുക്കണം.
കുട ചൂടിയും... |
ഫാമിലേക്ക് കയറുമ്പോള്‍ വലതു വശത്തായി കുറച്ചു കോണ്‍ക്രീറ്റ് ബെഞ്ചുകള്‍, കുറച്ചു പഴകിയ സ്ലീപിംഗ് നെറ്റ്, അല്പം തണലുമുണ്ട്. ചൂണ്ടയും ഇരയും മേടിച്ചു ഞങ്ങള്‍ ചൂണ്ട ഇടാന്‍ പോയി. കുറെ നേരം നോക്കിയിട്ടും ഒരു പരല്‍ മീനു പോലും കൊതിയില്ല. ഇര എല്ലാം ചെറു മീനുകള്‍ തിന്നു തീര്‍ക്കുന്നു. ചെറിയ മീനുകള്‍ക്ക് നല്ല ബുദ്ധി. വെള്ളത്തിനടിയില്‍ എല്‍ കെ ജി, യു കെ ജി ഒക്കെ ഉണ്ടാവും...ഞങ്ങള്‍ ചുറ്റും നോക്കി, മറ്റുള്ളവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഏതായാലും കുറെ വലിയ മീന്‍ കിട്ടണമെന്ന ആഗ്രഹം ഞങ്ങള്‍ അപ്പഴേ ഉപേക്ഷിച്ചു. 365 ദിവസവും നൂറു കണക്കിന് ആളുകള്‍ക്ക് പിടിക്കാനുള്ള കരിമീന്‍ അവിടെ ഉണ്ടാവാനും സാദ്യത കുറവ്.
ഞങ്ങളുടെ ക്യാച്ച് |
ഉച്ചഭക്ഷണത്തിന് സമയം ആയെന്നു വയര്‍ ഓര്‍മിപ്പിച്ചു... ഞങ്ങള്‍ പതുക്കെ കിട്ടുന്നിടത്തേക്ക് നടന്നു. അവിടെ ചെന്നപ്പോള്‍ നല്ല തിരക്ക്. കുറച്ചു കാത്തിരിക്കണം... അല്പം കഴിഞ്ഞു, കിട്ടിയ മീന്‍ കറിയും കൂട്ടി ചോറ് ഒറ്റ വായ്ക്കകത്താക്കി. രുചി അത്രയ്ക്ക് പോര, വൃത്തിയും! ഐസ്ക്രീമും കഴിച്ചു, മംഗളം പാടി അവസാനിപ്പിച്ചപ്പോള്‍ സമയം മൂന്ന് മണി. ഇനി ചൂണ്ട ഇടാനുള്ള സമയമില്ല. ഞങ്ങള്‍ മോട്ടോര്‍ ബോട്ടിംഗ് നടത്താന്‍ തീരുമാനിച്ചു. അതിനുള്ള കാശും കൊടുത്തു ബോട്ടില്‍ കയറി. അര മണിക്കൂര്‍ നേരം... അവിടുത്തെ ഏറ്റവും മനോഹരമായ എല്ലാ സ്പോട്ടുകളും, ബോട്ട് ഡ്രൈവര്‍ കാട്ടി തന്നു... പെഡല്‍ ബോട്ടില്‍ പലര്‍ക്കും ഒരുപക്ഷെ എല്ലായിടങ്ങളും കാണാന്‍ സാധിക്കുകയില്ല. മോട്ടോര്‍ ബോട്ട് സവാരിയും കഴിഞ്ഞു കരയില്‍ വെറുതെ കോണ്‍ക്രീറ്റ് കസേരയില്‍ അല്‍പ നേരം ഇരുന്നു സൊറ പറഞ്ഞു സമയം കളഞ്ഞു... സമയം അഞ്ചു കഴിഞ്ഞു, പിന്നെ പതുക്കെ ഫാമില്‍ നിന്നും പുറത്തേക്ക്...
ഡൈനിങ്ങ് ഹാള്‍ ഒരു ദൂരക്കാഴ്ച |
ഇപ്പൊ ഫേസ് ബൂകിലൂടെയും, ഫോണിലൂടെയും ഒക്കെ പലരും ചൂണ്ട ഇടാറുണ്ട്. അത് ചൂണ്ട വേറെ! അതിന്‍റെ പ്രതിഫലങ്ങള്‍ പലപ്പോഴും പൊതിഞ്ഞ കൈതച്ചക്കകള്‍ ഒക്കെ ആയി മാറുന്നു എന്നതിന് ഇപ്പോഴത്തെ പത്രങ്ങള്‍ ആണ് സാക്ഷി. അതിലൊന്നും അകപ്പെടാതെ നോക്കി നടന്നാല്‍ നമ്മുക്ക് കൊള്ളാം, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. അത്ര മാത്രം....
Tweet